ടെക്‌സാസ്: മിസ്സൂറി സിറ്റി മേയര്‍ പദമലങ്കരിച്ചുകൊണ്ട് ഇന്ത്യന്‍ സമൂഹത്തിന്റെ വിശേഷിച്ച് മലയാളികളുടെ അഭിമാനഭാജനമായ റോബിന്‍ ഇലക്കാട്ട് വിജയത്തിന്റെ തുടര്‍ ചരിത്രം കുറിക്കാന്‍ വീണ്ടും മല്‍സരരംഗത്തെത്തി. മിസ്സൂറി സിറ്റിയുടെ മേയപദത്തില്‍ തന്റെ രണ്ടാം ടേമിനുള്ള നാമനിര്‍ദ്ദേശ പത്രിക അദ്ദേഹം ആഗസ്റ്റ് ഒന്നിന് സമര്‍പ്പിച്ചു.
ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ഫിലിപ്പ് ഇലക്കാട്ടും എത്തിയിരുന്നു. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു നിമിഷം തന്റെ പിതാവിനെ സാക്ഷിയാക്കി പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് റോബിന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷം മിസ്സൂറി സിറ്റിയുടെ സുവര്‍ണ്ണ കാലമാക്കി മാറ്റുവാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യവും ട്രാക്ക് റെക്കോഡുമായാണ് റോബിന്‍ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. കൗണ്‍സില്‍ അംഗങ്ങളും, സിറ്റി സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷമായി റോബിനോടൊപ്പം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു.
കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ആറ് വര്‍ഷം മിസ്സൂറി സിറ്റി കൗണ്‍സിലിലും, രണ്ട് വര്‍ഷം മേയറായും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ സമൂഹത്തിനും, ഇതര സമൂഹത്തിനും മാതൃകയായിരുന്നു. സിറ്റിയുടെ ബോര്‍ഡുകള്‍ സുസജ്ജമാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് റോബിന്‍ ഇലക്കാട്ട് സംഘടിപ്പിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ ഭരണകാലത്ത് മിസ്സൂറി സിറ്റി നിവാസികള്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനും, പിന്തുണയ്ക്കും എക്കാലവും താന്‍ കടപ്പെട്ടനായിരിക്കും. ഇത്രത്തോളം വൈവിദ്ധ്യമാര്‍ന്നതും കരുതലുള്ളതുമായ ഒരു കമ്മ്യൂണിറ്റിയുടെ മേയറായി ഇരിക്കുവാന്‍ സാധിച്ചത് ഭാഗ്യം. മിസ്സൂറി സിറ്റിയെ ഒരു ഹോം സിറ്റിയായി വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചു.
ബിസിനസ്സുകാര്‍ക്കും, താമസക്കാര്‍ക്കും മേയര്‍ എന്ന നിലയില്‍ എല്ലാത്തരത്തിലുമുള്ള നേട്ടങ്ങള്‍ എത്തിക്കുന്നതിന് കഴിഞ്ഞു. ആരംഭിച്ച പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുവാനും മിസ്സൂറി നഗരത്തിന് കൂടുതല്‍ വിജയവും, നേട്ടങ്ങളും കൊണ്ടുവരാന്‍ രണ്ടാം ടേം കൂടി വിജയിക്കേണ്ടതുണ്ട്. തന്റെ സഹപ്രവര്‍ത്തകരോടൊപ്പം സിറ്റി കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ തന്നെ വിജയിപ്പിക്കണമെന്ന് റോബിന്‍ ഇലക്കാട്ട് അഭ്യര്‍ത്ഥിക്കുന്നു.

രണ്ടാം ടേമിലേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തന്റെ പിതാവിനെക്കൂടി ആ ചടങ്ങില്‍ പങ്കെടുപ്പിക്കുവാന്‍ സാധിച്ചതില്‍ സന്തോഷം. അമ്മയുടെ അസാന്നിദ്ധ്യം അല്പം വിഷമമുണ്ടാക്കിയെങ്കിലും പിതാവിന്റെ അനുഗ്രഹത്തോടെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞതായി റോബിന്‍ ഇലക്കാട്ട് പറഞ്ഞു. മിസ്സൂറി സിറ്റിയിലെ ഓരോ പൗരന്മാരെയും ബിസിനസ്സുകാരെയും നേരിട്ടു കാണാന്‍ ശ്രമിക്കും.
ഈ സിറ്റിയെ എല്ലാ പൗരന്മാര്‍ക്കും ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലമാക്കി മാറ്റുവാന്‍ പുതിയ പ്രോജക്ടുകള്‍ കൊണ്ടുവരും. തന്റെ നാളിതുവരെയുള്ള നേട്ടത്തിന് പിന്നില്‍ അമേരിക്കന്‍ സമൂഹത്തോടും, ഇന്ത്യാക്കാരോടും, വിശിഷ്യ മലയാളി സമൂഹത്തോടും നന്ദിയുണ്ട്. തുടര്‍ന്നും ഇന്ത്യന്‍, മലയാളി സമൂഹത്തിന്റെ പിന്തുണ ആവശ്യമെന്നും അദ്ദേഹം അറിയിച്ചു.
സിറ്റിയിലെ ബിസിനസ്സുകാരന്‍ കൂടിയായ റോബിന്‍ ഇലക്കാട്ടിന്റെ ജീവിത വിജയത്തിന് പിന്നില്‍ ഭാര്യയുടെയും രണ്ട് മക്കളുടെയും അദൃശ്യമായ പിന്തുണയുണ്ട്. കുടുംബവും കുടുംബ മൂല്യങ്ങളും ജീവിത വിജയത്തിന് അതിന്റേതായ ഗുണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുവാന്‍ എല്ലാ വോട്ടര്‍മാരുടെയും സഹായം റോബിന്‍ ഇലക്കാട്ട് അഭ്യര്‍ത്ഥിച്ചു.
കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റേയും ഏലിയാമ്മയുടേയും സീമന്ത പുത്രനായ റോബിന്‍ ചെറുപ്പത്തില്‍ തന്നെ അമേരിക്കയിലെത്തി. സ്‌കൂള്‍ വിദ്യാഭ്യാസം ചിക്കാഗോയിലായിരുന്നു. ബിരുദാനന്തര ബിരുദത്തിനുശേഷം ന്യൂയോര്‍ക്കിലും താമസിച്ചശേഷമാണ് ടെക്‌സസിലെ മിസ്സൂറി സിറ്റിയില്‍ സ്ഥിരതാമസമാക്കുന്നത്. താഴെ തട്ടില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോബിന്‍ ആദ്യം കോളനി ലെയ്ക്ക്‌സ് ഹോം ഓണേഴ്‌സ് അസോസിയേഷന്‍ ബോര്‍ഡ് അംഗമായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
പിന്നീട് സിറ്റിയുടെ പാര്‍ക്ക്‌സ് ബോര്‍ഡില്‍ അംഗവും വൈസ് ചെയര്‍മാനുമായി. അതിനു ശേഷമാണ് കൗണ്‍സിലിലേക്ക് മത്സരിച്ച് മികച്ച വിജയം നേടിയത്. മൂന്നു തവണ അത് ആവര്‍ത്തിച്ചു. കൗണ്‍സില്‍മാനെന്ന നിലക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്‌റ്റേഷനും ഫയര്‍ സ്‌റെഷയം സ്ഥാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടുന്നു.
2009ല്‍ മിസ്സോറി സിറ്റി കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജനും റോബിന്‍ ഇലയ്ക്കാട്ടാണ്. പിന്നീട് 2011ലും 2013ലും തുടര്‍ച്ചായി സിറ്റി കൗണ്‍സിലിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുകയും ഓരോ പ്രാവശ്യവും ഭൂരിപക്ഷം വര്‍ദ്ധിക്കുകയും ചെയ്തു. യുവത്വത്തിന്റെ പ്രസരിപ്പും കര്‍മ്മോത്സുകതയും കാഴ്ചവച്ചുകൊണ്ടുള്ള റോബിന്റെ പ്രവര്‍ത്തനം ഏറെ ജനസമ്മതി നേടുകയും ചെയ്തു.
ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഹൂസ്റ്റണിലെ സ്ഥാപകരിലൊരാളായ റോബിന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്തമേരിക്കയുടെ (കെ.സി.വൈ.എല്‍) സ്ഥാപക പ്രസിഡന്റാണ്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ റ്റീന ആണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവര്‍ മക്കള്‍.