ജോസഫ് ഇടിക്കുള
ഹ്യുസ്റ്റൻ : ടീം ഫ്രണ്ട്സ് ഓഫ് ഫോമക്ക് വിജയാശംസകൾ നേർന്ന് ശശിധരൻ നായരും പ്രമുഖ സംഘടനകളും, അടുത്തയിടെ ഹ്യുസ്റ്റണിൽ വച്ച് ഫോമാ ഇലക്ഷൻ ക്യാംപെയിന്റെ ഭാഗമായി നടത്തപ്പെട്ട മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിലാണ് പ്രമുഖ സംഘടനകളുടെ നേതാക്കളുമായി ഫ്രണ്ട് ഓഫ് ഫോമാ സ്ഥാനാർഥികൾ കൂടിക്കാഴ്ച നടത്തിയത്, ഫോമാ സ്ഥാപക അംഗവും മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ ശശിധരൻ നായർ, ആർ.വി.പി ഡോ. സാം ജോസഫ്, നാഷണൽ കമ്മിറ്റി അംഗം മാത്യൂസ് മുണ്ടക്കൻ, മാഗ് പ്രസിഡന്റ് അനിൽ ആറന്മുള തുടങ്ങി അനേകം നേതാക്കൾ ടീം ഫ്രണ്ട്സ് ഓഫ് ഫോമക്ക് വിജയാശംസകൾ നേർന്നു.
പിയർലാൻഡ് മലയാളി അസോസിയേഷനിൽ നിന്നും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിൽ (മാഗ്) നിന്നും ഒട്ടേറെ പേർ പരിപാടിയിൽ സാന്നിധ്യമറിയിച്ചു,.

അനേകം സംഘടനകളിൽ നിന്നും ഡെലിഗേറ്റുകളിൽ നിന്നും ടീം ഫ്രണ്ട്സ് ഓഫ് ഫോമയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നതായി പ്രസിഡന്റ് സ്ഥാനാർഥി ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ഓജസ് ജോൺ എന്നിവർ ചൂണ്ടിക്കാട്ടി.
സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ ടീമിന്റെ ആശയങ്ങളെ പിന്തുണക്കുകയും വിജയം ആശംസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നായർ പ്ലാസയിൽ ആയിരുന്നു യോഗം.
തികച്ചും പോസിറ്റീവ് ആയ പ്രചാരണമാണ് തങ്ങൾ നടത്തുന്നതെന്ന് ഇരുവരും പറഞ്ഞു. ആരെയും ആക്ഷേപിക്കാനോ ഇല്ലാത്ത കാര്യങ്ങൾ പറയാനോ തങ്ങൾ ഒരുക്കമല്ല.

വിജയിച്ചാൽ ഫോമയ്ക്ക് ആസ്ഥാനം ന്യു യോർക്ക് ട്രൈസ്റ്റേറ്റിൽ എന്നത് ഒരു നിർദേശം മാത്രമാണ്. ഇക്കാര്യം തീരുമാനിക്കേണ്ടത് നാഷണൽ കമ്മിറ്റിയാണ്. ആസ്ഥാനം എവിടെ വേണമെന്ന് നാഷണൽ കമ്മിറ്റി തീരുമാനിച്ചാലും അവിടെ അത് സ്ഥാപിക്കുന്നതിൽ തങ്ങൾക്ക് ഒരു പ്രശ്നവുമില്ല. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയുമല്ല. അമേരിക്കയിൽ ഏറ്റവുമധികം മലയാളികൾ ട്രൈസ്റ്റേറ്റ് മേഖലയിൽ ആണെന്ന ധാരണയനുസരിച്ചാണ് ഈ നിർദേശം മുന്നോട്ടു വച്ചത്.
തങ്ങളുടെ പാനൽ ചില സംഘടനകളെയും ഡെലിഗേറ്റുകളെയും ഭീഷണിപ്പെടുത്തി എന്ന് പറയുന്നത് തികച്ചും തെറ്റാണ്. ആരുടെയെങ്കിലും ഭീഷണിക്കു വഴങ്ങാൻ മാത്രം ദുർബലരാണ് സംഘടനകളും ഡെലിഗേറ്റുകളുമെന്നു കരുതുന്നുമില്ല. പ്രശ്ങ്ങളോ വഴക്കോ ഉണ്ടാക്കുക തങ്ങളുടെ ശൈലിയല്ല. ഇലക്ഷൻ വരികയും പോകുകയും ചെയ്യും. ബന്ധങ്ങൾ നിലനിൽക്കുന്നതാണ് പ്രധാനം. മറ്റുള്ളവരെ കായികമായി നേരിടുകയും സമ്മേളനങ്ങളും മറ്റും അലങ്കോലപ്പെടുത്തുകയുമൊന്നും തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതല്ല.
മികച്ച ആശയങ്ങളും കാഴ്ചപ്പാടുകളുമാണ് ഡോ. ജേക്കബ് തോമസ് പ്രസിഡന്റായും, ഓജസ് ജോൺ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷറർ ആയും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും, ഡോ. ജെയ്‌മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറിയായും, ജെയിംസ് ജോർജ്ജ് ജോയിന്റ് ട്രഷററായും മത്സരിക്കുന്ന മുന്നണി മുന്നോട്ട് വെക്കുന്നത്.
ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ തങ്ങളെ വിജയിപ്പിക്കാൻ ഫോമയുടെ എല്ലാ പ്രവർത്തകരോടും ഡോക്ടർ ജേക്കബ് തോമസ് അഭ്യർത്ഥിച്ചു.