കോഴിക്കോട്: ഫിഷിംഗിനിടെ കാനഡയില്‍ മുങ്ങിമരിച്ച മലയാളി ഫിഷിങ് വ്‌ളോഗറുടെ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ 35 വയസ്സുള്ള രാജേഷ് ജോണ്‍ ആണ് (35) മരിച്ചത്. കയ്യില്‍ നിന്നും വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നെന്നാണ് നിഗമനം.
ഓഗസ്റ്റ് മൂന്നിനാണ് മത്സ്യബന്ധനത്തിനും വീഡിയോ ചിത്രീകരിക്കുന്നതിനുമായി വീട്ടില്‍ നിന്നു പുറപ്പെട്ടത്. ലിന്‍ക്സ് ക്രീക്കിനു സമീപം ഫിഷിങ്ങിനു പോവുകയാണെന്നും പിറ്റേന്ന് മടങ്ങി വരുമെന്നും പറഞ്ഞാണ് രാജേഷ് പോയതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മല്‍സ്യബന്ധനത്തെ കേന്ദ്രീകരിച്ചാണ് രാജേഷ് വ്‌ളോഗ് ചെയ്തിരുന്നത്.
പിറ്റേദിവസം രാവിലെ ഏഴു മണിക്ക് അദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. രാജേഷിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ബെല്‍ അടിച്ചതല്ലാതെ എടുത്തില്ല. ഇതോടെ രാജേഷ് ജോണിന്റെ ഭാര്യ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആല്‍ബര്‍ട്ട ലെത്ത്ബ്രിഡ്ജിനു സമീപമുള്ള പര്‍വതത്തിലെ വെള്ളച്ചാട്ടത്തിലാണ് രാജേഷ് ജോണിനെ മരിച്ച നിലയല്‍ കാണ്ടെത്തിയത്. മാതാവ്: വത്സമ്മ. ഭാര്യ: അനു പനങ്ങാടന്‍. മകന്‍: ഏദന്‍. സഹോദരി: സോണിയ.