വാഷിംഗ്ടണ്‍: അമേരികയിലെ അമ്യൂസ്‌മെന്റ് പാര്‍കായ സീ വേള്‍ഡില്‍ രണ്ട് കൊലയാളി തിമിംഗലങ്ങള്‍ പരസ്പരം ആക്രമിക്കുന്ന അസ്വസ്ഥജനകമായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. പെറ്റ (People for the Ethical Treatment of Animals) ആണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. രണ്ട് തിമിംഗലങ്ങളും കുളത്തില്‍ പരസ്പരം ആക്രമിക്കുന്നതായി വീഡിയോയില്‍ കാണാം. ”അവര്‍ പരസ്പരം പോരടിക്കുകയാണല്ലേ, കെട്ടിപ്പിടിക്കുകയാണെന്ന് ഞാന്‍ കരുതി…” പേടിച്ചരണ്ട ഒരു കുട്ടി പറയുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം.
ഇരുവരും പോരടിച്ചതോടെ വെള്ളത്തില്‍ രക്തം പടര്‍ന്നത് കണ്ട് ഒമ്പത് വയസുള്ള മകള്‍ കരഞ്ഞെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പെറ്റ ട്വീറ്റില്‍ കുറിച്ചു. തിമിംഗലത്തിന്റെ ഒരു വശത്ത് കടിയേറ്റ പാടുകളും പുതിയ മുറിവുകളും കണ്ടതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പെറ്റ പറയുന്നു.
പൊരുത്തമില്ലാത്ത മൃഗങ്ങളെ ഒരുമിച്ച് പാര്‍പ്പിക്കുന്നത് സംബന്ധിച്ച് മൃഗക്ഷേമ നിയമത്തിന്റെ ഫെഡറല്‍ ലംഘനങ്ങള്‍ ആരോപിച്ച് അമ്യൂസ്‌മെന്റ് പാര്‍കിനെതിരെ യുഎസ് അഗ്രികള്‍ചര്‍ ഡിപാര്‍ട്‌മെന്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഒരു തിമിംഗലം ചത്ത് ഒരു ദിവസത്തിന് ശേഷമാണ് സംഭവം നടന്നതെന്നും അവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
”രണ്ട് ദിവസത്തിനുള്ളില്‍, ഒരു തിമിംഗലം ചത്തു. മറ്റെന്ന് ആക്രമണത്തിനിരയായി, ഗുരുതരമായ പരിക്കുണ്ടാവുകയും ചെയ്തു. കൊച്ചുകുട്ടികള്‍ കൂട്ടക്കൊലയ്ക്ക് സാക്ഷികളായിരുന്നു…” പെറ്റ എക്സിക്യൂടീവ് വൈസ് പ്രസിഡന്റ് ട്രേസി റെയ്മാന്‍ ആരോപിച്ചു.
അതേസമയം, വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സീ വേള്‍ഡ് അവകാശപ്പെട്ടു. ”പെറ്റ പുറത്തുവിട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായി ചിത്രീകരിച്ചതുമാണ്…” അമ്യൂസ്‌മെന്റ് പാര്‍കിന്റെ വക്താവിനെ ഉദ്ധരിച്ച് ദ ഡെയ്‌ലി സ്റ്റാര്‍ റിപോര്‍ട് ചെയ്തു. ”വാസ്തവത്തില്‍, സ്വാഭാവിക സാമൂഹിക ഇടപെടലുകളുടെ ഭാഗമായി വന്യജീവികളും മനുഷ്യ പരിചരണത്തിലുള്ള ജന്തുക്കളും പ്രകടിപ്പിക്കുന്ന പൊതുവായ പെരുമാറ്റങ്ങള്‍ തിമിഗംലവും കാണിക്കുന്നു…” വക്താവ് വ്യക്തമാക്കി.