പോള്‍ ഡി പനയ്ക്കല്‍
വഷളായിക്കൊണ്ടിരിക്കുന്ന രക്തക്ഷാമത്തിനു സഹായഹസ്തങ്ങളുമായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക് (ഐ നാ നി), ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിന്റെയും ന്യൂ യോര്‍ക്കിലെ ജീവകാരുണ്യ സംഘടനയായ ECHO,, ലോങ്ങ് ഐലന്‍ഡ് വോളന്റിയര്‍ സെന്റര്‍, സെവന്‍ത് ബെറ്റാലിയന്‍ ചീഫ്സ് കൗണ്‍സില്‍, ന്യൂ യോര്‍ക്ക് ബ്ലഡ് സെന്റര്‍ എന്നീ സന്നദ്ധ ഉദ്യമങ്ങളുടെയും പാങ്കോടുകൂടെ ബ്ലഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 23 ചൊവ്വാഴ്ച രണ്ടു മുതല്‍ എട്ടു മണി വരെ യൂണിയന്‍ ഡെയ്ലിലെ യൂണിയന്‍ ഡെയ്ല്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റില്‍ (154 Uniondale Avenue) ആണ് ഈ ഉദ്യമം സംഘടിപ്പിച്ചിട്ടുള്ളത്. ന്യൂ യോര്‍ക്ക് പ്രദേശം നേരിട്ട ചൂട് തരംഗവും സമ്മര്‍ യാത്രകളും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളും മൂലം രക്തദാനം സാരമായി കുറഞ്ഞിട്ടുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്കും ഓപ്പറേഷന് വിധേയര്‍ ആകുന്നവര്‍ക്കും അപകടങ്ങളില്‍ പെട്ട് രക്തം ആവശ്യമായി വരുന്നവര്‍ക്കും ജീവ രക്ഷയ്ക്ക് വേണ്ട രക്ത ലഭ്യത കുറഞ്ഞ അവസ്ഥയില്‍ ന്യൂ യോര്‍ക്ക് ബ്ലഡ് സെന്റര്‍ ബ്ലഡ് എമെര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒരു പൈന്റ് രക്തം മൂന്നു പേരുടെ രക്ഷയ്ക്ക് കാരണം ആകും. ആരോഗ്യമുള്ളവര്‍ രക്തം ദാനം ചെയ്യുന്നത് സുരക്ഷിതം ആണെന്നും ഓരോ പ്രാവശ്യവും പുതിയ സൂചി ഉപയോഗിക്കുന്നത് കൊണ്ട് അതുവഴി രോഗം പിടിപെടുന്നതിനു ഒട്ടും സാധ്യതയില്ലെന്നും ആണ് ന്യൂ യോര്‍ക്ക് ബ്ലഡ് സെന്റര്‍ പറയുന്നത്. രക്ത ദാനം ചെയ്യുന്നവര്‍ക്ക് എട്ട് ആഴ്ചയ്ക്കുശേഷം വീണ്ടും ദാനം ചെയ്യാവുന്നതാണ്.
മറ്റു ജീവന്‍ രക്ഷിക്കുവാന്‍ രക്തദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ 1-800-933-BLOOD -ല്‍ വിളിച്ചോ https://donate.nybc.org/donor/schedules/drive_schedule/307166 എന്ന ലിങ്കിലോ അപ്പോയ്ന്റ്‌മെന്റ് എടുക്കാം.