Thursday, April 24, 2025

HomeAmericaമാർത്തോമ്മ സഭ നാവഹോ ആദിമവാസികളുടെ ഇടയിൽ നടത്തിയ വിബിഎസ് ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി.

മാർത്തോമ്മ സഭ നാവഹോ ആദിമവാസികളുടെ ഇടയിൽ നടത്തിയ വിബിഎസ് ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി.

spot_img
spot_img

ഷാജീ രാമപുരം

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ്  ഭദ്രാസനാധിപൻ ബിഷപ്.ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ നിർദ്ദേശപ്രകാരം  നേറ്റിവ് അമേരിക്കൻ മിഷന്റെ നേതൃത്വത്തിൽ പുതിയതായി തുടക്കം കുറിച്ച നാവഹോ ആദിമവാസി വിഭാഗത്തിൽപെട്ടവരുടെ ഇടയിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ വെക്കേഷൻ ബൈബിൾ സ്കൂൾ (വി.ബി.എസ് ) ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി.

അമേരിക്കയിലെ യൂട്ടാ, അരിസോണ, ന്യൂമെക്സിക്കോ, കൊളറാഡോ എന്നീ സംസ്ഥാനങ്ങളുടെ കോർണ്ണർ സ്ഥലമായ ഫാർമിംഗ്ടണിലെ മലകളുടെ അടിവാരത്ത് അധിവസിക്കുന്ന നാവഹോ ആദിമവാസികൾക്കായിട്ടാണ് വിബിഎസ് നടത്തിയത്. നേറ്റിവ് അമേരിക്കൻ മിഷന്റെ കോർഡിനേറ്റേഴ്‌സ് ആയ ഒ.സി എബ്രഹാം, നിർമ്മല എബ്രഹാം (ഡെലാവെയർ) എന്നിവരുടെ നേതൃത്വത്തിൽ റവ.ജോബി ജോൺ തോമസ് (ഡാളസ് ), റവ.അരുൺ ശാമുവേൽ വർഗീസ് (ലോസ് ആഞ്ചലസ്‌), കെസിയാ ചെറിയാൻ (ഡാളസ്), സ്റ്റാൻലി തോമസ് (ചിക്കാഗോ), ഷാരോൺ മാത്യു (ലോസ് ആഞ്ചലസ്‌),  ഷാജീ രാമപുരം (ഡാളസ്), ക്രിസ്സെൻ ജോസഫ് (ലോസ് ആഞ്ചലസ്‌), സ്നോഫിയ സുനിൽ (ലാസ് വെഗാസ്), നേഹ മാത്യു (ഡാളസ്), എലിജാ മൈക്കിൾ തോമസ് (ഡാളസ് ) എന്നിവരാണ് സഭയെ പ്രതിനിധികരിച്ച് പങ്കെടുത്തത്.

നവജോലാൻഡ് ഏരിയായുടെ  വികാരി ജനറാൾ (കാനൻ) സ്ഥാനം വഹിക്കുന്ന റവ.കോർണേലിയ ഈറ്റൺ, വൈദീകരായ റവ.മൈക്കിൾ സെൽസ്, റവ.ജാക്ക് ചെയ്‌സ്, റവ.ജോ ഹബ്ബാർഡ്, അനേക കുഞ്ഞുങ്ങൾ, മാതാപിതാക്കൾ തുടങ്ങിയവർ ഫാർമിംഗ്ടണിലെ എപ്പിസ്കോപ്പൽ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ട വിബിഎസ്സിൽ പങ്കെടുത്തു.

അമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് മഹാമാരി ബാധിച്ച ഈ പ്രദേശത്തെ ജനങ്ങൾ അഭിമുഖികരിക്കുന്ന പ്രധാന വിഷയം ശുദ്ധജലത്തിന്റെ അഭാവമാണ്. ഇവിടെ അധിവസിക്കുന്ന മൂന്നിലൊന്ന് പേർക്കും ശുദ്ധജലം ലഭ്യമല്ലാ. ഇവരുടെ മാതൃഭാഷയായ നവാജോ ഭാഷയാണ് ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ കമ്മ്യൂണിറ്റിക്ക് ഒരു ചെറിയ രാജ്യം പോലെ സ്വന്തം സർക്കാരും, നിയമങ്ങളും, പോലീസും, സേവനങ്ങളും ഉണ്ട്. അരിസോണയിലെ വിൻഡോ റോക്കിലാണ് സർക്കാരിന്റെ ആസ്ഥാനം. ഭൂരിഭാഗം കുടുംബങ്ങളും ഫെഡറൽ ദാരിദ്ര നിരക്കിന് താഴെയാണ് ജീവിക്കുന്നത്. ആടുകളെ വളർത്തുക, മൺപാത്രങ്ങൾ, മണ്ണുകൊണ്ടുള്ള ശില്പങ്ങൾ തുടങ്ങിയവ നിർമ്മിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഉപജീവനമാർഗം.

ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേകത അവരുടെ ഇല്ലായ്‌മയിലും, കഷ്ടപ്പാടിലും വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു എന്നുള്ളതാണ്. മുതിർന്ന സ്ത്രീകൾക്കാണ് കുടുംബങ്ങളിൽ മുഖ്യ സ്ഥാനം. ഫാർമിഗ്ടൺ സിറ്റിയിലെ നാവഹോ ഇന്ത്യൻസ്‌ അംഗമായിരിക്കുന്ന എപ്പിസ്‌കോപ്പൽ മിഷനുമായി കൈകോർത്ത്  കോവിഡ് പടർന്നു കൊണ്ടിരുന്ന സമയത്ത് ഭദ്രാസനാധിപൻ ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ  ആ പ്രദേശത്ത് നടത്തിയ സഹായ പ്രവർത്തനങ്ങൾ എടുത്തു പറയത്തക്കതാണ്.

അമേരിക്കയിൽ ഏകദേശം അഞ്ഞുറോളം ആദിവാസി വിഭാഗങ്ങൾ ഉണ്ട്. യൂട്ടാ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ  വസിക്കുന്ന നാവഹോ വിഭാഗക്കാർ കൂടാതെ അലബാമ, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളിൽ വസിക്കുന്ന ചോക്റ്റോ വിഭാഗത്തിലുള്ളവരുടെ ഇടയിലും, ലൂസിയാന സംസ്ഥാനത്തെ ന്യൂഓർലിയൻസിന് അടുത്തുള്ള ഡുലേക്കിലുള്ള ഹോമാ ഇൻഡ്യൻസിന്റെ  ഇടയിലും ആണ്  പ്രധാനമായും ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള നേറ്റിവ് അമേരിക്കൻ മിഷന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments