ന്യൂയോര്‍ക്ക്: പൊതുപരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം.
റുഷ്ദി വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. കരളിലും കൈ ഞരമ്ബുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്കിടെയാണ് അക്രമി വേദിയിലേക്ക് ചാടിക്കയറി റുഷ്ദിയെ കുത്തിയത്.
അക്രമി കഴുത്തില്‍ രണ്ടു തവണ കുത്തിയെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിന് തൊട്ടുപിന്നാലെ സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച അക്രമി മിന്നല്‍വേഗത്തില്‍ സ്‌റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. കുത്തേറ്റ റുഷ്ദി വേദിയില്‍ കുഴഞ്ഞു വീണു.
സ്റ്റേജിലേക്ക് ഓടിയെത്തിയവര്‍ അക്രമിയെ കീഴ്പ്പെടുത്തി. 24കാരനായ ഹാദി മറ്റാര്‍ ആണ് അക്രമം നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. അക്രമിയെ ന്യൂയോര്‍ക്ക് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രവേശന പാസ്സുമായിട്ടാണ് ഇയാള്‍ പരിപാടിക്കെത്തിയത്. ആക്രമണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
സ്റ്റേജില്‍ കുത്തേറ്റുവീണ റുഷ്ദിയുടെ അടുത്തേക്ക് സദസ്സില്‍ നിന്നുള്ളവര്‍ ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആക്രമണം ഭയാനകമെന്നും അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്നും ന്യൂയോര്‍ക്ക് മേയര്‍ പറഞ്ഞു.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ സല്‍മാന്‍ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി അമേരിക്കയിലാണ് താമസിക്കുന്നത്. റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം. റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.