ഇന്ത്യയെപ്പോലെ വൈവിധ്യവും വിസ്മയവും കലര്‍ന്ന മറ്റൊരു രാജ്യമില്ല. പുരാതന സംസ്‌കാരം മാത്രമല്ല, എടുത്താല്‍ തീരാത്ത അറിവുമാണ് നമ്മുടെ രാജ്യം. മഹത്തായ ഒരു ദാര്‍ശനിക പൈതൃകത്തിന്റെ അവകാശികളാണ് ഇന്ത്യക്കാര്‍. ത്വരിത വളര്‍ച്ചയുടെ, സമസ്ത മുന്നേറ്റങ്ങളുടെ എഴുപത്തിയഞ്ചാം വയസ് പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഭാരതം.
എത്രയോ ധീരന്മാരായ മുന്‍ഗാമികളുടെ ആത്മസമര്‍പ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. രാജ്യത്തെ സ്വതന്ത്രമാക്കാന്‍ മുന്നില്‍ നിന്ന മഹാന്മാരുടെ പേരുകള്‍ സുവര്‍ണ്ണ ലിപികളാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പുരോഗതിയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും അതിന് വേദിയൊരുക്കിയ ആ മഹാരഥന്‍മാരെ സ്മരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല.

ഓരോ വര്‍ഷവും ഓഗസ്റ്റ് 15 എന്ന മഹത്തായ ദിനത്തില്‍ ഇന്ത്യയുടെ ഇന്നലെകളെ ഓര്‍ത്ത് അഭിമാനം അഭിമാനം കൊള്ളുന്നവരാണ് ഓരോ ഇന്ത്യന്‍ പൗരനും. ഇന്ത്യയില്‍ ജീവിക്കുന്നവര്‍ മാത്രമല്ല, അവിടെനിന്ന് ജീവസന്ധാരണാര്‍ത്ഥം ലോകമെമ്പാടും കുടിയേറി പാര്‍ക്കുന്ന പ്രവാസി ഭാരതീയരാകമാനം ആഘോഷിക്കുന്ന ഒന്നാണ് തങ്ങളുടെ ജന്മരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം.
ഭാരതമാതാവിന്റെ പാദങ്ങളെ ദീര്‍ഘനാള്‍ ബന്ധിപ്പിച്ചിരുന്ന കൊളോണിയല്‍ അധിനിവേശ ശക്തികളുടെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞിട്ട് 75 സംവത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. 1947 ആഗസ്റ്റ് 15-ാം തീയതി ഭാരതത്തിന്റെ മാത്രമല്ല, ലോകചരിത്രത്തില്‍ തന്നെ സ്വാതന്ത്ര്യത്തിന് അടയാളമിട്ട സ്മരണകള്‍ക്കാണ് ഓരോ ഭാരതീയനും തികഞ്ഞ ദേശാഭിമാനത്തോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ഈ ജന്മദിനത്തില്‍ നമുക്ക് ലോകത്തോട് മാതൃകാപരമായി ചൂണ്ടിക്കാണിക്കാന്‍ ഒട്ടേറെ നന്മകളുണ്ട്. 75 വര്‍ഷങ്ങള്‍ക്കിടയില്‍ നാം ആര്‍ജിച്ചതു മാത്രമല്ല, ആര്‍ഷഭാരത സംസ്‌കാരത്തിന്റെ നിറനന്മകളുമാണാത്.
ഭൂഗോളത്തിന്റെ മുഖ്യധാരയില്‍ ആണ് ഇന്ത്യ ഇന്ന്. ഓരോ ഭാരതീയന്റെയും ദേശാഭിമാന ബോധത്തിന് തെളിച്ചമേകി മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുപോകുമ്പോള്‍ ഉത്തമ പൗരന്മാരായ നമുക്കും ദേശദേഹ രക്ഷയ്ക്കായി ചില ഉഗ്ര പ്രതിജ്ഞകള്‍ എടുക്കേണ്ടതായിട്ടുണ്ട്. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്ഷത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം…. ഉറക്കെ പറയാം…’മേരാ ഭാരത് മഹാന്‍…’ 1947 ഓഗസ്റ്റ് 14ന് അര്‍ദ്ധ രാത്രിയില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലര്‍വെട്ടത്തിലേക്ക് കാല്‍ വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അന്ന് ജവഹര്‍ലാല്‍ നെഹ്രു ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെ മഹത്തായ ഒരു സംസ്‌കൃതി നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടുകയായിരുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യം ലോകത്തി ലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ബഹുമതിയോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ പുതുശക്തി യായി പരിലസിക്കുകയാണ്.
രാഷ്ട്രമെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഭീകര പ്രവര്‍ത്തനങ്ങളാണ് മിക്ക ലോക രാജ്യങ്ങളെയും പോലെ ഇന്ത്യയ്ക്കും പ്രധാന ഭീഷണി ആയി രിക്കുന്നത്. ഇത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നു. അയല്‍രാജ്യം തന്നെ ഭീകരകേന്ദ്രമായി മാറിയതിന്റെ ദോഷവശങ്ങള്‍ 26/11 മുംബൈ ആക്രമണങ്ങളിലൂടെ നമുക്ക് മുന്നില്‍ വെളിവായതാണ്.
ഇപ്പോഴും അതിര്‍ത്തിയില്‍ ശത്രുക്കള്‍ പ്രകോപനം തുടരുന്നു. ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയുടെ മാറില്‍ ചോരക്കളങ്ങള്‍ തീര്‍ത്തപ്പോഴും ഇന്ത്യ പാലിച്ച സംയമനം ഭീരുത്വമെന്ന് ആരും വിധിയെഴുതിയില്ല. മേഖലയില്‍ സമാധാനം സൃഷ്ടിക്കാനും നയപരമായ സമീപനത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാനും ഭരണ-പ്രതിപക്ഷങ്ങള്‍ ഏകാഭിപ്രായം പുലര്‍ത്തി. ഇത്തരം സമീ പനമാണ് ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ എന്നും മതിപ്പ് നല്‍കുന്നതും.
ഭീകരതയെ ഉന്‍മൂലനാശം ചെയ്യാന്‍ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. ജാതി, മത സാംസ്‌കാരി ക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീ തമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ചവയ്ക്കാം. നേട്ടങ്ങളിലൂന്നി ശിഥിലീ കരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് മേല്‍ വ്യക്തമായ അധീശത്വം നേടാന്‍ നമുക്ക് കൈകോര്‍ത്തുപിടിക്കാം. സമൂഹ മനസാക്ഷിയെ അടുത്തറിഞ്ഞ് ഭീകരരെയും വിധ്വംസക ശക്തി കളെയും നമ്മുടെ മണ്ണില്‍ നിന്ന് തൂത്തെറിയാന്‍ നമുക്കൊന്നിക്കാം.
‘സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം…’
നമുക്ക് മുന്‍പേ നടന്നവരുടെ ധീരതയാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ആധാരം. ത്രിവര്‍ണ്ണ പതാക തരംഗമാകട്ടെ…നേര്‍കാഴ്ചയുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാക്ഷികള്‍ക്കും സ്വാതന്ത്ര്യദിന അഭിവാദ്യങ്ങള്‍.