വാഷിംഗ്ടണ്‍: യു.എസ് സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ സാധ്യതയെക്കുറിച്ച് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരികന്‍ ശതകോടീശ്വരനും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ജെപി മോര്‍ഗന്‍ ചേസിന്റെ മേധാവിയുമായ ജാമി ഡിമോണ്‍. കഠിനമായ മാന്ദ്യത്തേക്കാള്‍ മോശമായ എന്തെങ്കിലും സംഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സമ്പദ്വ്യവസ്ഥ ശക്തവും ബിസിനസുകളുടെയും ഉപഭോക്താക്കളുടെയും ബാലന്‍സ് ഷീറ്റുകള്‍ നല്ല അവസ്ഥയിലും ആണെങ്കിലും വര്‍ധിച്ചുവരുന്ന എണ്ണവിലയും ഉയര്‍ന്ന പലിശനിരക്കും ഉള്‍പെടെ ലോകത്ത് ‘കൊടുങ്കാറ്റിനുള്ള’ സാധ്യതയുണ്ടെന്ന് ബാങ്കര്‍ ചൂണ്ടിക്കാട്ടി. ”നേരിയ മാന്ദ്യം 20% – 30%. കഠിനമായ മാന്ദ്യം, 20% – 30%. ഒരുപക്ഷേ 20% മുതല്‍ 30% വരെ മോശമായ എന്തെങ്കിലും…” അദ്ദേഹം വ്യക്തമാക്കി.
ലോകരാഷ്ട്രീയ സ്ഥിഗതികള്‍, കുതിച്ചുയരുന്ന പണപ്പെരുപ്പം, ഉപഭോക്തൃ ആത്മവിശ്വാസം കുറയല്‍, ഫെഡറല്‍ റിസര്‍വിന്റെ പോളിസി നിരക്ക് എത്രത്തോളം വര്‍ധിക്കും എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം, യുക്രൈനിലെ സംഘര്‍ഷം എന്നിവ ആഗോള സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കഴിഞ്ഞ മാസം ഡിമോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.