Thursday, April 18, 2024

HomeAmericaഫോമായെ ചരിത്ര താളുകളില്‍ തങ്കലിപികളില്‍ അടയാളപ്പെടുത്തിയ അമരക്കാരന്‍ അനിയന്‍ ജോര്‍ജ്‌

ഫോമായെ ചരിത്ര താളുകളില്‍ തങ്കലിപികളില്‍ അടയാളപ്പെടുത്തിയ അമരക്കാരന്‍ അനിയന്‍ ജോര്‍ജ്‌

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ളതും വര്‍ണാഭവുമായ കണ്‍വന്‍ഷന് പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീം തയ്യാറെടുത്തുകഴിഞ്ഞു. ഫോമാ കുടുംബാംഗങ്ങള്‍ക്കും മറ്റും എന്നെന്നും ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന അവിസ്മരമീയമായ ഒരു അവധിക്കാലം സമ്മാനിക്കുന്ന മെക്‌സിക്കോയിലെ കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ കൊടി ഉയരാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണേവരും.


ഫോമായുടെ കരുത്തുറ്റ ജനകീയ സാരഥി അനിയന്‍ ജോര്‍ജിനെക്കുറിച്ച്…

അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവത്വത്തിന്റെ പ്രസരിപ്പുള്ള ജനകീയ നേതാവായ അനിയന്‍ ജോര്‍ജ് നാട്ടില്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി കുത്തുകല്ലുങ്കല്‍ വീട്ടില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന കെ.ജെ ജോര്‍ജിന്റെയും തങ്കമ്മ എന്ന് വിളിക്കുന്ന ത്രേസ്യാമ്മയുടെയും മകനായ അനിയന്‍ ജോര്‍ജ് ചങ്ങനാശേരി എസ്.ബി കോളേജ് യൂണിയന്‍ കൗണ്‍സിലര്‍, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി, എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുണ്ട്.

അഭിഭാഷകന്‍ എന്ന നിലയില്‍ കേരള ഹൈക്കോടതിയില്‍ നാലര വര്‍ഷം പ്രാക്ടീസ് ചെയ്ത ശേഷം 1992ല്‍ അമേരിക്കയിലെത്തി. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി അഥവാ കാഞ്ചിന്റെ പ്രസിഡന്റ്, ഫൊക്കാന സെക്രട്ടറി, ഫോമായുടെ സ്ഥാപക സെക്രട്ടറി, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു.

ഒരിക്കല്‍ പോലും ഇലക്ഷനില്‍ മല്‍സരിക്കാത്ത അനിയന്‍ ജോര്‍ജ് ഫോമായുടെ വിവിധ തലങ്ങളില്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഫോമായുടെ പ്രസിഡന്റ് പദത്തിലെത്തി. കേരളത്തിലെ പ്രളയം കോവിഡ് കാലഘട്ടങ്ങളില്‍ കര്‍മഭൂമിയിലും ജന്‍മ നാട്ടിലും കൈത്താങ്ങുമായെത്തിയ അനിയര്‍ ജോര്‍ജ് ഇക്കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഫോമായുടെ പ്രസിഡന്റ് എന്ന നിലയില്‍ കാഴ്ചവച്ചത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥയായ ഭാര്യ സിസിക്കും അറ്റോര്‍ണിയായ മകന്‍ കെവനുമൊപ്പം ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു.


കാന്‍കൂണില്‍ ഫോമായുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കണ്‍വന്‍ഷന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അനിയന്‍ ജോര്‍ജുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…

? കാന്‍കൂണ്‍ കണ്‍വന്‍ഷനിലേയ്ക്കുള്ള യാത്ര…

  • പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ടാണല്ലോ കണ്‍വന്‍ഷന്‍ എന്ന് പറയുന്നത്. കോവിഡ് രൂക്ഷമായിരുന്ന 2020ലാണ് ഞങ്ങള്‍ ചുമതലയേറ്റത്. അപ്പോള്‍ ഇത്തരത്തിലൊരു കണ്‍വന്‍ഷന്‍ നടത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ വലിയ സംശയമായിരുന്നു. എന്നാല്‍ കണ്‍വന്‍ഷന്‍ എന്ന ചിന്തയ്ക്കപ്പുറം കോവിഡ് മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനാണ് ഫോമായുടെ കമ്മിറ്റികളെല്ലാം ശ്രദ്ധ കൊടുത്തത്.

? ആ സമയം ഫോമാ ആവിഷ്‌കരിച്ച പദ്ധതികള്‍ എത്രമാത്രം വിജയപ്രദമായിരുന്നു…

  • തീര്‍ച്ചയായും വലിയ വിജയം തന്നെയായിരുന്നു. ആളുകള്‍ക്ക് മാനസിക സൗഖ്യം നല്‍കുന്നതിനുവേണ്ടിയുള്ള സാന്ത്വന സംഗീതം, യോഗ ക്ലാസുകള്‍, വിമന്‍സ് എംപവര്‍മെന്റ് പ്രോഗ്രാം, മയൂഖം ബ്യൂട്ടി പേജന്റ്, നേഴ്‌സുമാരെ സപ്പോര്‍ട്ട് ചെയ്യനുള്ള കരുതല്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവ നടത്തി. വിസിറ്റിങ് വിസയിലും സ്റ്റുഡന്റ്‌സ് വിസയിലുമെത്തി ഇവിടെ കുടുങ്ങിപ്പോയവര്‍ക്ക് താമസസൗകര്യവും ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്‍കുകയും അവരെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ഫോമായുടെ 85 അംഗ സംഘടനകളെയും അണിനിരത്തിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഇതെല്ലാം ചെയ്തത്.

? പ്രളയകാലത്ത് കേരളത്തിലേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വ്യപിപ്പിച്ചു…

  • കോവിഡിനൊപ്പം പ്രളയവും പ്രകൃതി ക്ഷോഭവും നാട്ടില്‍ ദുരന്തം വിതച്ചപ്പോള്‍ അടിയന്തിര സഹായ പദ്ധതികളാണ് ഫോമാ നടപ്പാക്കിയത്. ഏതാണ് 8.5 കോടിയോളം രൂപയാണ് കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ കേരളത്തില്‍ കൊടുത്തത്.

? ഒന്ന് വിശദീകരിക്കാമോ…

  • 18 വെന്റിലേറ്ററുകള്‍ കേരളത്തിലെ താലൂക്ക് ആശുപത്രികളില്‍ നേരിട്ട് എത്തിച്ചു. ഒരെണ്ണത്തിന് 10 ലക്ഷം രൂപയാണ് വില. തീരദേശത്തെ ദുരിതബാധിതരായ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഫോണും ടാബും നല്‍കി. ഫോമാ പുതുതായി രൂപവല്‍ക്കരിച്ച ഹെല്‍പ്പിങ് ഹാന്‍സ് എന്ന പദ്ധതി വഴി 50ഓളം പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കി. വിമന്‍സ് ഫോറം സഞ്ജയ്‌നി എജ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പിലൂടെ 50 കുട്ടികള്‍ക്ക് 50,000 രൂപ വീതം നല്‍കി. പത്തനാപുരത്തെ ഗാന്ധി ഭവനിലും തിരുവല്ലയിലെ ശാലോം കാരുണ്യ ഭവനിലുമുള്ള രണ്ടായിരത്തോളം അന്തേവാസികള്‍ക്ക് വസ്ത്രവും ഭക്ഷണവും ഓണക്കാലത്ത് എത്തിച്ചു. തമിഴ്‌നാട്ടിലെ ബാലരാമപുരത്തെ കൈത്തറി തൊഴിലാളികള്‍ക്ക് സഹായകരമെന്ന നിലയില്‍ അവിടെ നിന്നാണ് തുണിത്തരങ്ങള്‍ വാങ്ങിയത്. കൂടാതെ പ്രളയകാലത്ത് നാശം വിതച്ച കൂട്ടിക്കല്‍, റാന്നി ഇടുക്കി, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് സമാശ്വാസമായി രണ്ടു ലക്ഷം രൂപ നല്‍കി.

? കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ തയ്യറെടുപ്പുകള്‍…

  • ഞങ്ങളുടെ ഭരണകാലത്തെ അവസാന മൂന്ന് മാസം മാത്രമാണ് കണ്‍വന്‍ഷന് സമയം കൊടുത്തത്. നോര്‍ത്ത് അമേരിക്കയ്ക്ക് പുറത്ത് നടക്കുന്ന കണ്‍വന്‍ഷന്‍ എന്തായി പരിണമിക്കുമെന്ന ആശങ്കകള്‍ക്കിടയാലാണ് ആശ്വാസമായി അഭൂതപൂര്‍വമായ രജിസ്‌ട്രേഷനുണ്ടായത്. ആദ്യമെടുത്ത 300 മുറികള്‍ 50 ദിവസം മുമ്പേ സോള്‍ഡ് ഔട്ടായി. പിന്നെ 150 റൂമുകള്‍ കൂടി എടുത്തു. ഏതാണ്ട് രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനായാണ് ഈ ഫാമിലി കൂട്ടായ്മയെ മാറ്റിയെടുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ് കാന്‍കൂണ്‍. എല്ലാവരും ആഗ്രഹിക്കുന്നതുപോലെ കുടുബമൊത്തുള്ള ഒരു അടിപൊളി വെക്കേഷനായിരിക്കും കാന്‍കൂണിലേത്.

? കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ എത്രമാത്രം വ്യത്യസ്തമായിരിക്കും…

  • ഫോമായുടെ ചരിത്രത്തിലെ ഏറ്റവും കൂടുതന്‍ ജനപങ്കാളിത്തമുള്ള കണ്‍വന്‍ഷനായിരിക്കുമിത്. പങ്കെടുക്കാനെത്തുന്നവരെ എയര്‍പോര്‍ട്ടില്‍ നിന്ന് പിക്ക് ചെയ്ത് തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുന്നതുവരെയുള്ള സകല ചെലവും വഹിക്കുന്നത് ഫോമാ ആണ്. പേരെടുത്ത പ്രൊഫഷണല്‍ ടീമാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കൈകൈര്യം ചെയ്യുന്നത്. ഭക്ഷണത്തിന്റെ കാര്യമെടുത്താന്‍ ലോകത്തെ രുചി വൈവിധ്യമുള്ള 13 റസ്റ്റോറന്റുകളാണ് കണ്‍വന്‍ഷന്‍ വേദിയായ മൂണ്‍ പാലസ് റിസോര്‍ട്ടിലുള്ളത്. കൂടാതെ മസാല ദോശയും മീന്‍ മപ്പാസുമൊക്കെ വിളമ്പുന്ന ആഗ്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റ് മറ്റൊരു ആകര്‍ഷണമാണ്. ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയുടെ കാര്യത്തില്‍ പരാതിക്കിടവരില്ല.

? പരിപാടികളുടെ പ്രത്യേകതകള്‍…

  • സ്റ്റേജുകളില്‍ കുത്തി നിറയ്ക്കാത്ത നിലവാരമുള്ള പരിപാടികളാണ് അരങ്ങേറുക. ഏറ്റവും ആകര്‍ഷകമായത് സാംസ്‌കാരിക ഘോഷയാത്രയാണ്. 12 റീജിയനുകളിലും നിന്നുള്ള ബാനറിന്റെ പിന്നിലായി ആളുകള്‍ അണിനിരക്കും. മാവേലി മന്നന്‍, ചെണ്ട മറ്റ് വാദ്യഘോഷങ്ങള്‍, താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടെ ഓണത്തിന്റെ നിറച്ചാര്‍ത്തണിയിക്കുന്നതായിരിക്കും അവിസ്മരണീയമായ ഘോഷയാത്ര.

? മെക്‌സ്‌ക്കോയില്‍ നിന്ന് ഫോമായ്ക്ക് അംഗസംഘടനകളെ പ്രതീക്ഷിക്കാമോ…

  • നിലവില്‍ മെക്‌സ്‌ക്കോയില്‍ അംഗസംഘടനകളില്ല. എന്നാല്‍ കണ്‍വന്‍ഷന് മെക്‌സിക്കോ തിരഞ്ഞെടുത്തത് സൗത്ത് അമേരിക്കയില്‍ നിന്ന് കൂടുതല്‍ മലയാളികളെ ഫോമായുടെ കുടക്കീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ്.

? ഫോമയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയെങ്ങനെ…

  • കോവിഡിന്റെ രൂക്ഷകാലത്ത് മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സുമായി, പ്രത്യേകിച്ച് മന്ത്രി വി മുരളീധരനുമായി കൈകോര്‍ത്ത് പിടിച്ചാണ് ഫോമാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അമേരിക്കയിലെ എല്ലാ കോണ്‍സുലേറ്റുകളും എംബസിയുമായി ചേര്‍ന്ന് പദ്ധതികള്‍ വ്യാപിപ്പിച്ചു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കപ്പെട്ടു. ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി എനിക്ക് പ്രവാസി ഭാരതീയ അവാര്‍ഡ് തന്നു.

? കേരള ഗവണ്‍മെന്റിന്റെ സമീപനം…

  • കേരളത്തിലെ ഐ.എ.എസ് ലോബിയുടെ പിന്തുണ മറക്കാനാവില്ല. ചീഫ് സെക്രട്ടറി ജോയി വാഴയില്‍ ഐ.എ.എസ്, ഡോ. നൂഹ് ഐ.എ.എസ്, ഡോ. കാര്‍ത്തികേയന്‍ ഐ.എ.എസ്, ഇളങ്കോവന്‍ ഐ.എ.എസ്, ഡോ. വാസുകി ഐ.എ.എസ്, കൃഷ്ണ തേജ ഐ.എ.എസ്, എന്നിവരടങ്ങിയ വാര്‍ ടീമുമായി ഫോമാ ടൈ അപ്പ് ചെയ്തുകൗണ്ടാണ് കേരളത്തിലെ കോവിഡ്, പ്രളയ ദുരന്ത സഹായ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. ഫോമാ സര്‍ക്കാരിനെ പണമൊന്നും ഏല്‍പ്പിച്ചില്ല. പക്ഷേ നല്ല പിന്തുണ സര്‍ക്കാരില്‍ നിന്നുണ്ടായി.

? ഫോമായുടെ ഈ ഭരണ സമിതി ഇതര ടീമുകളില്‍ നിന്ന് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു…

  • ഇത് ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനകീയ ഭരണസമിതിയാണ്. ആര്‍ക്ക് എന്താവശ്യമുണ്ടായാലും ഫോമായുമായി ബന്ധപ്പെടാം. ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍ പോലെയാണ് ഞങ്ങള്‍ ആറ് എക്‌സിക്യൂട്ടീവ് ടീം അംഗങ്ങള്‍. അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും ഒരു തീരുമാനമെടുത്താല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കും. ഞങ്ങള്‍ക്കൊപ്പം 54 നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരുണ്ട്. അവരെല്ലാം എക്‌സിക്യൂട്ടൂവ് കമ്മിറ്റിക്ക് പൂര്‍ണ പിന്തുണ തന്നു. അഡൈ്വസറി കൗണ്‍സില്‍, ജുഡീഷ്യല്‍ കൗണ്‍സില്‍, കംപ്ലെയ്ന്‍സ് കൗണ്‍സില്‍ എന്നിവയുടെയും സപ്പോര്‍ട്ട് പൂര്‍ണമായി ലഭിച്ച ടീമാണിത്.

? ഫോമായിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച്…

  • ഫോമായ്ക്ക് ഭാവിയില്‍ ഒരു വനിതാ പ്രസിഡന്റ് ഉണ്ടാവണം. ഇത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചരിത്രപരമായ സ്ത്രീ ശാക്തീകരണത്തിന്റെ തുടക്കമാവും. സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ച് ബൈലോയില്‍ ഈ ഭരണ സമിതതി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ വിവിധ കമ്മിറ്റികളിലായി 150ഓളം വനിതകളാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന സമീപനവുമായി ഫോമാ മുന്നോട്ടു പോകേണ്ടതുണ്ട്.

? പ്രസിഡന്റ് എന്ന നിലയില്‍ വ്യക്തിപരമായി ഈ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു…

  • എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും സംതൃപ്തി നിറഞ്ഞതുമായ കാലഘട്ടമാണിത്. ഇതുപോലൊരു ഭരണ സമിതിക്ക് ഈ കോവിഡ് കാലഘട്ടത്തില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. എത്രയോ പേരുടെ കണ്ണീരൊപ്പാനും അവരുടെ വിഷമതകളില്‍ പങ്കാളിയാകാനും കഴിഞ്ഞു. കോവിഡ് മൂലം മരിച്ച പ്രിയപ്പെട്ടവരുടെ സംസാകാരം അവരുടെ ബന്ധു മിത്രാദികളെയും മതമേലധ്യക്ഷന്‍മാരെയും എല്ലാം പങ്കെടുപ്പിച്ച് കൊണ്ട് നടത്തി. എന്നെ സംബന്ധിച്ച് മറ്റുള്ളവരുടെ ദുഖത്തിലും ദുരിതത്തിലും പ്രയാസങ്ങളിലും കൊച്ചുകൊച്ചു സന്തോഷത്തിലും പങ്കാളിയാവാന്‍ കിട്ടിയ ഏറ്റവും ധന്യമായ അവസരമായിരുന്നു ഈ രണ്ട് വര്‍ഷക്കാലം.

? ഇനി വരുന്ന ടീമിന് ചെയ്യന്‍ എന്തൊക്കെ കാര്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്…

  • ചെയ്യുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഞങ്ങള്‍ ഫോമായുടെ ബൈലോയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. വനിതകളുടെ പങ്കാളിത്തം കൂട്ടുന്നതിന് മൂന്ന് വിമല്‍സ് ഫോറം മെമ്പേഴ്‌സ് എന്നത് ആരാക്കി. യൂത്തില്‍ മൂന്ന് ഉണ്ടായിരുന്നിടത്ത് ആറാക്കി വര്‍ധിപ്പിച്ചു. ഫോമാ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയതിനാല്‍ ഇതിന്റെ സുതാര്യത കാത്തു സൂക്ഷിക്കേണ്ടതുണ്ട്. നമുക്ക് ഇന്റേണല്‍-എക്‌സ്റ്റേണല്‍ ഓഡിറ്റര്‍മാരുണ്ട്. പ്രസിഡന്റ് ഉള്‍പ്പെടെ ആരും ഫോമായുടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്തിട്ടില്ല. ഭക്ഷണം, യാത്ര തുടങ്ങയവയ്‌ക്കെല്ലാം സ്വന്തം കൈയില്‍ നിന്നാണ് ചെലവഴിച്ചത്. അതേസമയം പദ്ധതികള്‍ക്കും മറ്റുമായി 16 കോടി രൂപയുടെ ട്രാന്‍സാക്ഷനാണ് ഫോമാ അക്കൗണ്ടിലൂടെ നടത്തിയത്.

? സംഘടനാ പ്രവര്‍ത്തനത്തിലേയ്ക്ക് കടന്നു വരുന്നവര്‍ക്കുള്ള സന്ദേശം…

  • നമ്മുടെ ജീവിതം ചെറുതാണ്. 50-60 വര്‍ത്തെ ജീവിതത്തെ അര്‍ത്ഥവത്താക്കുക. നമുക്കു ചുറ്റുമുള്ള ബുദ്ധി മുട്ടനുഭവിക്കുന്നവരെ ആവുംവിധം സഹായിക്കുക. ഉപാകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. ഈ ജീവിതെ വളരെ മനോഹരമായി ജീവിച്ച് തീര്‍ക്കുക. അങ്ങനെ എല്ലാവര്‍ക്കും കഴിഞ്ഞാല്‍ ലോകം എത്ര സുന്ദരമായിരിക്കും. ‘ലോകാ സമസ്താ സുഖിനോ ഭവന്തു…’
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments