Saturday, April 1, 2023

HomeAmericaജനപ്രിയ ശബ്ദമായി, ഫോമായുടെ കര്‍മധീരനായ ജനറല്‍ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണന്‍

ജനപ്രിയ ശബ്ദമായി, ഫോമായുടെ കര്‍മധീരനായ ജനറല്‍ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണന്‍

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ലോക ടൂറിസത്തിന്റെ പറുദീസയായ മെക്‌സിക്കോയിലെ കാന്‍കൂണിലുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ളതും വര്‍ണാഭവുമായ ഫാമിലി കണ്‍വന്‍ഷന് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഫോമായുടെ അതിഥികളും അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളുമൊക്കെ ഈ ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള അമിതാവേശത്തിലാണ്. ഏവര്‍ക്കും ഓര്‍മ്മപുസ്തകത്തില്‍ എഴുതിവയ്ക്കാന്‍ പറ്റുന്ന അവിസ്മരമീയമായ ഒരു അവധിക്കാലം സമ്മാനിക്കുന്ന കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ പശ്ചാത്തലത്തില്‍ മനസു തുറക്കുകയാണ് ഫോമായുടെ ഓജസും തേജസുമുള്ള ജനറല്‍ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണന്‍.


റ്റി ഉണ്ണികൃഷ്ണനെക്കുറിച്ച്…

യുവത്വത്തിന്റെ ചുറുചുറുക്കുള്ള, കര്‍മോല്‍സുകതയുടെ പര്യായമാണ് കായംകുളംകാരനായ റ്റി ഉണ്ണികൃഷ്ണന്‍. കേരളത്തിലെ പ്രളയവും പിന്നെ കോവിഡും കലിതുള്ളിയ നാളുകളില്‍ ഫോമായുടെ കര്‍മപരിപാടികള്‍ക്ക് ഗതിവേഗം നല്‍കുന്നതില്‍ മാതൃകാപരമായ പങ്ക് വഹിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി പദത്തിന് ജനപക്ഷമുഖം നല്‍കിയ ഇദ്ദേഹം 2000ലാണ് അമേരിക്കയിലെത്തിയത്.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലൂടെ പൊതുരംഗത്ത് പദമൂന്നി. ഈ സംഘടനയുടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങള്‍ അലങ്കരിച്ച ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അഥവാ കെ.എച്ച്.എന്‍.എയുടെ ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. കെ.എച്ച്.എന്‍.എയുടെ കഴിഞ്ഞ കണ്‍വന്‍ഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണറായിരുന്നു. നിലവില്‍ ലോക കേരള സഭാംഗമാണ്.

ഫോമായുടെ ആദ്യത്തെ യൂത്ത് റപ്രസെന്റേറ്റീവായിരുന്നു. ഫോമായുടെ തുടക്കം മുതല്‍ വിവിധ കമ്മിറ്റികളിലും റീജിയന്‍ തലത്തിലും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് ഫോമായുടെ വളര്‍ച്ചയില്‍ എളിയ പങ്കാളിയായി. 2006-2010 കാലഘട്ടത്തില്‍ യൂത്ത്‌ഫെസ്റ്റിവല്‍ പരമ്പരകളുടെ അമരക്കാരനായിരുന്നു. 2008 ലെ നാല് ദിവസം നീണ്ടു നിന്ന കേരളാ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി വന്‍ വിജയമാക്കി തീര്‍ത്തത് ഉണ്ണികൃഷ്ണന്റെ നേതൃത്വ പാടവത്തിന്റെ എടുത്തു പറയത്തക്ക ഉദാഹരണങ്ങളാണ്.

2018-’20 കാലയളവില്‍ ഫോമാ വില്ലേജ് കമ്മിറ്റിയുടെ മുഖ്യ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തിരുന്ന് തിരുവല്ലയ്ക്ക് സമീപമുള്ള കടപ്ര, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ഹൗസിങ് പ്രോജക്ടുകള്‍ക്ക് ചുക്കാന്‍പിടിച്ചു. കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയിലും സജീവമായി.

കായംകുളത്ത് ജനിച്ചുവളര്‍ന്ന ഉണ്ണികൃഷ്ണന്‍, കായംകുളം എം.എസ്.എം കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന പ്രൊഫസര്‍ കെ.ജി തങ്കപ്പന്റെയും അധ്യാപിക സുഷമ തങ്കപ്പന്റെയും മകനാണ്. എം.എസ്.എം കോളേജിലെ പഠനത്തിന് ശേഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ മാറ്റര്‍ ബിരുദം നേടി. 2000ല്‍ അമേരിക്കയിലെത്തി. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ അഞ്ജന കൃഷ്ണയാണ് ഭാര്യ. എട്ടാം ഗ്രേഡില്‍ പഠിക്കുന്ന നീല്‍ കൃഷ്ണന്‍ ഏക മകന്‍.


ഒട്ടേറെ വിസമയങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കാന്‍കൂണില്‍ ഫോമായുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന സ്വപ്ന കണ്‍വന്‍ഷന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ റ്റി ഉണ്ണികൃഷ്ണനുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…

കേന്ദ്ര മന്ത്രി വി മുരളീധരനോടൊപ്പം

? ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കുമ്പോള്‍ കണ്‍വന്‍ഷനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നു…

 • സംഹാരതാണ്ഡവം ആടിയ കോവിഡ് മൂലം കണ്‍വന്‍ഷന്‍ ഇല്ലാതിരുന്ന സമയത്താണ് ഈ ഭരണസമിതി ചാര്‍ജ് ഏറ്റെടുക്കുന്നത്. ആ സമയത്ത് ഇത്തരത്തിലൊരു കണ്‍വന്‍ഷന്‍ നടത്തുവാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയവും വലിയ ആശങ്കയും ഉണ്ടായിരുന്നു. പിന്നെ ഒമിക്രോണ്‍ വ്യാപനത്തിന്റെ നാളുകളില്‍ മൂന്നു തവണ കേരള കണ്‍വന്‍ഷനും ഫോമാ ജനറല്‍ ബോഡിയും ഒക്കെ മാറ്റി വയ്‌ക്കേണ്ടി വന്നു. ഏതായാലും ഇപ്പോള്‍ മഴ മാറി മാനം തെളിഞ്ഞിരിക്കുകയാണ്.

? കണ്‍വന്‍ഷന്റെ തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു…

 • സാധാരണ ഒരു കണ്‍വന്‍ഷന്‍ നടത്തുന്നത് രണ്ടു വര്‍ഷം നീളുന്ന തയ്യാറെടുപ്പുകളോടു കൂടിയാണ്. എന്നാല്‍ ഞങ്ങള്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യം ഊന്നല്‍ കൊടുത്തത്. അതിനാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചു മുതലാണ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. എങ്കിലും കേവലം നാലഞ്ചു മാസം കൊണ്ട് ഇതൊരു സോള്‍ഡ് ഔട്ട് കണ്‍വന്‍ഷനാക്കി മാറ്റാന്‍ കഴിഞ്ഞു. അതു വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ഇതുവരെ അമേരിക്കന്‍ മലയാളി പ്രസ്ഥാനങ്ങള്‍ നടത്തിയ കണ്‍വന്‍ഷനുകളെ അപേക്ഷിച്ച് ഏറ്റവും വിപുലമായ സൗകര്യങ്ങളാണ് മൂണ്‍പാലസ് റിസോര്‍ട്ടില്‍ നമുക്ക് ലഭിച്ചിരിക്കുന്നത്.

? എന്തൊക്കെയാണ് ഫോമായുടെ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷന്റെ പ്രത്യേകതകള്‍…

 • പല മലയാളി കണ്‍വന്‍ഷനുകളിലും ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ കാര്യത്തിലാണ് കൂടുതലും പരാതികള്‍ ലഭിക്കാറുള്ളത്. എന്നാല്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഓള്‍ ഇന്‍ക്ലുസ്സീവ് റിസോര്‍ട്ടിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഭക്ഷണവൈവിധ്യമുള്ള 13 റെസ്റ്റോറന്റുകള്‍ക്കു പുറമേ ആഗ്ര എന്ന ഇന്ത്യന്‍ റെസ്റ്റോറന്റും മൂണ്‍ പാലസിലുണ്ട്. മസാല ദോശ ഉള്‍പ്പെടെയുള്ള രുചികരമായ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഇവിടെ ലഭിക്കും. നാടന്‍ മീന്‍കറിയും മറ്റൊരു പ്രത്യേകതയാണ്. അതുപോലെ എയര്‍പോര്‍ട്ട് പിക്കപ്പിനും തിരികെ വിടുന്നതിനും പ്രൊഫണല്‍ കമ്പനിയുടെ സ്റ്റാഫുകളുണ്ട്. കണ്‍വന്‍ഷനായി എയര്‍പോര്‍ട്ടില്‍ എത്തുന്നതു മുതല്‍ തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുന്നതു വരെ ഒരു ഡോളര്‍ പോലും ആര്‍ക്കും ചെലവാക്കേണ്ടിവരില്ല. റൂം സര്‍വീസ്, ഫുഡ് ഉള്‍പ്പെടെ എല്ലാം 24 മണിക്കൂറും അണ്‍ലിമിറ്റഡായിരിക്കും.

? റൂമുകള്‍ എല്ലാം തികഞ്ഞോ…

 • തീര്‍ച്ചയായും. മൂണ്‍ പാലസ് റിസോര്‍ട്ട് അധികൃതരുമായി കോണ്‍ട്രാക്ട് സൈന്‍ ചെയ്തത് കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ്. മെയ് മാസത്തില്‍ കേരള കണ്‍വന്‍ഷന്‍ നടക്കുന്ന സമയത്ത് ആദ്യമെടുത്ത റൂമുകള്‍ ബുക്ക് ചെയ്ത് തീരുമോ എന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് രജിസ്‌ട്രേഷന്റെ ഒരു ബൂമായിരുന്നു. അങ്ങനെ വീണ്ടും മുറികള്‍ എടുക്കേണ്ട സാഹചര്യം ഉണ്ടായി. പിന്നീട് നമ്മള്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തുകയാണ് ചെയ്തത്.

? പരിപാടികളെക്കുറിച്ച്…

 • ആളുകളെ ഓഡിറ്റോറിയങ്ങളില്‍ ദീര്‍ഘനേരം പിടിച്ചിരുത്തുന്ന തരത്തില്‍ ഒരു സ്റ്റേജിലും പരിപാടികള്‍ കുത്തിനിറച്ചിട്ടില്ല. പ്രായഭേദമെന്യെ എല്ലാവര്‍ക്കും റിലാക്‌സ് ചെയ്ത് പ്രോഗ്രാമുകള്‍ ആസ്വദിക്കാം. അതിമനോഹരമായ ഘോഷയാത്ര, ബ്യൂട്ടിപേജന്റ്, മലയാളി മന്നന്‍, മലയാളി മങ്ക, ബെസ്റ്റ് കപ്പിള്‍ മല്‍സരങ്ങള്‍ എന്നിങ്ങനെ ആകര്‍ഷകമായ പരിപാടികള്‍ ഉണ്ട്. കൂടാതെ സെമിനാറുകളും ബിസിനസ് മീറ്റും സാംസ്‌കാരിക സമ്മേളനങ്ങളും നടത്തപ്പെടും.

? കണ്‍വന്‍ഷന്‍ കാനഡയ്ക്കും അമേരിക്കയ്ക്കും പുറത്ത് നടത്താനുള്ള കാരണം എന്താണ്…

 • ഫോമാ എന്നാല്‍ അമേരിക്കന്‍, കനേഡിയന്‍ മലയാളി ഫെഡറേഷന്‍ എന്നാണല്ലോ അറിയപ്പെടുന്നത്. വാസ്തവത്തില്‍ അമേരിക്കാസ് എന്നാണല്ലോ ഫോമായുടെ പേരിന്റെ അവസാനം സൂചിപ്പിക്കുന്നത്. അമേരിക്കാസ് എന്നു പറയുമ്പോള്‍ നോര്‍ത്ത് അമേരിക്കയില്‍ പെട്ട പ്രധാന മൂന്ന് രാജ്യങ്ങളായ അമേരിക്കയും, കാനഡയും, മെക്‌സിക്കോയും അതുപോലെ തന്നെ സൗത്ത് അമേരിക്കയിലെ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഫോമാ. നിലവില്‍ യു.എസ്.എയില്‍ നിന്നും കാനഡയില്‍ നിന്നും ഉള്ളവരാണല്ലോ ഫോമായില്‍ ഉള്ളത്.

? മെക്‌സിക്കോയിലോ…

 • മെക്‌സിക്കോയില്‍ നിരവധി മലയാളികള്‍ ഉണ്ടെങ്കിലും ഒരു സംഘടനാ സംവിധാനത്തിലേക്ക് അവര്‍ വളര്‍ന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയില്‍ ഫോമായെ വളര്‍ത്തിയെടുക്കാന്‍ മെക്‌സിക്കോയിലേയും മലയാളികളെ കൂട്ടിയോജിപ്പിച്ച് ഒരു സംഘടന ഉണ്ടാക്കി അതിനെ ഫോമായിലേക്ക് കൊണ്ടു വരണം എന്നൊക്കെയാണ് ആഗ്രഹം. അങ്ങനെയാണ് മെക്‌സിക്കോയില്‍ കണ്‍വന്‍ഷന്‍ നടത്താനുള്ള ചിന്ത ഉണ്ടായത്. മെക്‌സിക്കന്‍ മലയാളികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. ഫോമായുടെ പേര് അന്വര്‍ഥമാക്കുവാന്‍ നോര്‍ത്ത് അമേരിക്കയ്ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കും പുറമേ സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കും കടന്നു ചെല്ലേണ്ടതുണ്ട്.

? കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവരെ മെക്‌സിക്കോ എത്രമേല്‍ ആകര്‍ഷിക്കും…

 • തീര്‍ച്ചയായിട്ടും എല്ലാവരും വലിയ ആശ്ചര്യത്തോടെയായിരിക്കും കാന്‍കൂണില്‍ കാലുകുത്തുക. രജിസ്റ്റര്‍ ചെയ്തവരില്‍ ഏതാണ്ട് 70 ശതമാനത്തോളം പേരും ആദ്യമായിട്ടാണ് മെക്‌സിക്കോയിലേയ്ക്ക് പോകുന്നത്. അത്തരത്തില്‍ ഒരു ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷന്‍ ആയതുകൊണ്ടാണ് വലിയ തോതിലുള്ള രജിസ്‌ട്രേഷനുണ്ടായത്.

? മെക്‌സിക്കോയില്‍ ക്രിമിനലുകളുടെ വിളയാട്ടം ശക്തമാണല്ലോ…

 • പലയിടത്തും ക്രിമിനലുകള്‍ വിഹരിക്കുന്ന നാടാണ് മെക്‌സിക്കോ. അതിനാല്‍ ആളുകള്‍ അങ്ങോട്ട് പോകാന്‍ മടിക്കുന്നു. പക്ഷേ നമുക്ക് ബിസിനസ്പരമായി അവിടെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ലേബറും മറ്റ് കാര്യങ്ങളും മെക്‌സിക്കോയില്‍ വളരെ ചീപ്പാണ്. അമേരിക്കയുടെ ഏതാണ്ട് പത്തിലൊന്നില്‍ താഴെ മാത്രമേയുള്ളൂ മെക്‌സിക്കോയിലെ ലേബര്‍ കോസ്റ്റ്. അതുകൊണ്ട് അവിടെ നല്ല അവസരങ്ങള്‍ ഉണ്ട്.

? ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ എപ്രകാരം വിലയിരുത്തുന്നു…

 • കോവിഡിന്റെ ആശങ്കകള്‍ക്കിടയിലും ഫോമായുടെ നെറ്റ്‌വര്‍ക്ക് കൂടുതല്‍ വിപുലവുമാക്കാന്‍ പറ്റി. അംഗ സംഘടനകളുമായുള്ള ബന്ധം പൂര്‍വാധികം ശക്തമാക്കി. ലോകമെമ്പാടും വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ട സമയത്ത് കോണ്‍സുലേറ്റുകളുമായി ചേര്‍ന്ന് നിന്നുകൊണ്ട് കേരളത്തിലേയ്ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. കോണ്‍സുലേറ്റുകള്‍ അടച്ച സമയമായിരുന്നെങ്കിലും ഒ.സി.ഐ കാര്‍ഡ് പുതുക്കല്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോണ്‍സുലേറ്റ് വഴി ചെയ്യാന്‍ മാര്‍ഗം കണ്ടെത്തിയത് നൂറുകണക്കിനാളുകള്‍ക്ക് തുണയായി. കോവിഡിന്റെ മൂര്‍ധന്യാവസ്ഥയില്‍ അംഗ സംഘടനകളുടെ സഹകരണത്തോടെ 18 വെന്റിലേറ്ററുകളാണ് നാട്ടിലെ താലൂക്ക് ആശുപത്രികളില്‍ നേരിട്ടെത്തിച്ചത്. ഗാന്ധി ഭവന്‍ ഉള്‍പ്പെടെയുള്ള ശരണാലയങ്ങളിലും അനാഥാലയങ്ങളിലുമുള്ള അന്തേവാസികള്‍ക്ക് കഴിഞ്ഞ ഓണക്കാലത്ത് ഓണക്കോടി സമ്മനിക്കുകയും കേന്ദ്ര മന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ അവര്‍ക്കൊപ്പം ഓണസദ്യ കഴിക്കുകയും ചെയ്തു. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളെ സഹായിക്കുവാന്‍ അവരില്‍ നിന്നാണ് തുണിത്തരങ്ങള്‍ എടുത്തത്.

? മറ്റ് പദ്ധതികള്‍…

 • ഫോമാ ആവിഷ്‌കരിച്ച നവീന പദ്ധതിയായ ഹെല്‍പ്പിങ് ഹാന്‍ഡ്‌സിലൂടെ നാട്ടിലും നിരവധി പേര്‍ക്ക് അടിയന്തിര സഹായം കൊടുത്തു. ചെറിയ പരിപാടികളില്‍ ഒതുങ്ങിനിന്ന വിമന്‍സ് ഫോറത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ പറ്റി. വിമന്‍സ് എംപവര്‍മെന്റിന് ഫ്‌ളവേഴ്‌സ് ടി.വിയുമായി കൈകോര്‍ത്ത് മയൂഖം എന്ന പരിപാടി നടത്തി. കോവിഡ് കാലത്ത് ആശങ്കയില്‍ കഴിയുന്നവരുടെ മാനസികോല്ലാസത്തിനായി നടത്തിയ സാന്ത്വനം സംഗീത പരിപാടിക്ക് പരക്കെ അംഗീകാരം ലഭിച്ചു. ഫോമായുടെ വിസിബിലിറ്റി ഒത്തിരി മുകളിലായ കാലഘട്ടമാണിത്. ഫോമാ എന്താണെന്ന് ഇന്ന് ലോകമലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ അറിയാം.

? മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഫോമായുടെ വളര്‍ച്ച…

 • ഫോമായുടെ തുടക്കം മുതല്‍ ഓരോ ഭരണ സമിതിയുടെയും കാലത്ത് സംഘടന വളര്‍ച്ചയുടെ പാതയില്‍ തന്നെയായിരുന്നു. ഫോമായുടെ ഗ്രാഫ് എന്നും മുകളിലേക്ക് തന്നെയാണ്. മലയാളി അസോസിയേഷനുകളും മറ്റുള്ളവരും അവരുടെ സ്വന്തം സംഘടന പോലെയാണ് ഫോമായെ കാണുന്നത്. അങ്ങനെ ഫോമായുടെ റീച്ച് വലുതായി.

? ഈ കണ്‍വന്‍ഷന് രജിസ്‌ട്രേഷന്‍ കാംപെയിനിന്റെ ആവശ്യം ഉണ്ടായിരുന്നോ…

 • അത്തരത്തില്‍ ഒരു ആവശ്യം ഉണ്ടായില്ല. ആരുടെയും നിര്‍ബന്ധം ഇല്ലാതെയും ക്യാന്‍വാസ് ചെയ്യാതെയും അഞ്ഞൂറോളം കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാ സംഘടനയില്‍ നിന്നുള്ളവരും കണ്‍വന്‍ഷനില്‍ എത്തുന്നുണ്ട്. ഫോമാ കൂടുതല്‍ ജനകീയമായി മുന്നോട്ടു പോകുന്നു എന്നതിന്റെ തെളിവാണിത്.

? മുമ്പൊക്കെ കണ്‍വന്‍ഷനുകളില്‍ കുടുംബങ്ങളുടെ പങ്കാളിത്തം കുറഞ്ഞിരുന്നല്ലോ. ഇത്തവണ എങ്ങിനെ…

 • കാന്‍കൂണ്‍ കണ്‍വന്‍ഷന് ആഴ്ചകള്‍ക്കു മുമ്പേ തന്നെ വന്‍തോതില്‍ കുടുംബങ്ങള്‍ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. സാമുദായിക സംഘടനകളോ ഇതര സാമൂഹിക സംഘടനകളോ ഇതുവരെ ഉണ്ടാക്കാത്ത നേട്ടമാണിത്. പല കണ്‍വന്‍ഷനുകളിലും ഇരുപത് ശതമാനത്തിനു മുകളില്‍ കുടുംബങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇരുപത് ശതമാനം വരുന്നതു തന്നെ ഭാരവാഹികളുടെ കുടുംബവുമൊക്കെയായിട്ടായിരിക്കും. മാത്രമല്ല, കണ്‍വന്‍ഷനുകള്‍ ഒരു ലോക്കല്‍ ഡസ്റ്റിനേഷനിലായിരിക്കും നടക്കുന്നത്. നിലവില്‍ കാന്‍കൂണ്‍ കണ്‍വന്‍ഷനായി 80 ശതമാനത്തിനു മുകളില്‍ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 10-15 വര്‍ഷത്തെ അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന കണ്‍വന്‍ഷനായിരിക്കും ഇത്. ഇത്രയും ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. കോവിഡ് ആഞ്ഞടിച്ചില്ലായിരുന്നുവെങ്കില്‍ 1500-ഓളം കുടുംബങ്ങള്‍ എത്തിയേനെ.

? കാന്‍കൂണിലേക്കുള്ള ടിക്കറ്റ് നിരക്ക് കുടുംബങ്ങള്‍ക്ക് അഫോര്‍ഡബിള്‍ ആയിരുന്നോ…

 • ടിക്കറ്റ് ചാര്‍ജ് മൂന്നിരട്ടി നില്‍ക്കുന്ന സമയമാണിത്. ന്യൂയോര്‍ക്കിലുമൊക്കെ സാധാരണ 300 ഡോളറിന് കിട്ടേണ്ട ടിക്കറ്റിന് മിക്കവരും 700 ഡോളര്‍ വരെ മുടക്കിയിരിക്കുന്നു. അപ്പോള്‍ ഒരു നാലംഗ കുടുംബത്തിന് കാന്‍കൂണില്‍ എത്തണമെങ്കില്‍ ടിക്കറ്റിന് മാത്രമായി 3000 ഡോളര്‍ വേണം. എന്നിട്ടും ഇത്രയും കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് ഫോമായുമായുള്ള അവരുടെ ഹൃദയബന്ധത്തെയാണ് സൂചിപിക്കുന്നത്.
  .

? കണ്‍വന്‍ഷന്‍ നടക്കുന്ന മൂണ്‍പാലസ് റിസോര്‍ട്ടിന്റെ പ്രത്യേകതകള്‍…

 • ലോകടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കാന്‍കൂണ്‍. ഇവിടെ ഒട്ടനവധി റിസോര്‍ട്ടുകളുണ്ട്. വാസ്തവത്തില്‍ റിസോര്‍ട്ടുകളുടെ ഒരു ഹബ്ബാണ് കാന്‍കൂണ്‍. അതിലൊക്കെ വച്ചേറ്റവും നിലവാരമുള്ള ഭക്ഷണവും സര്‍വീസുമാണ് മൂണ്‍ പാലസ് റിസോര്‍ട്ടിലേത്. അമേരിക്കന്‍ മലയാളികളില്‍ 80 ശതമാനം പേരും ക്രൂയിസില്‍ പോയിട്ടുണ്ട്. എന്നാല്‍ അതിലെ ഭക്ഷണം രണ്ടു ദിവസത്തിനുള്ളില്‍ തന്നെ നമുക്ക് മടുപ്പുളവാക്കും. അണ്‍ലിമിറ്റഡാണെങ്കിലും ഒരേ തരം ഭക്ഷണമാണ് ക്രൂയിസില്‍ വിളമ്പുന്നത്. എന്നാല്‍ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ ഒരാഴ്ച താമസിച്ചാലും നമ്മള്‍ ഭക്ഷണം മടുക്കില്ല. ലോകത്തെ രുചിക്കൂട്ടുകളുടെ കലവറ തന്നെയാണ് മൂണ്‍ പാലസ് റിസോര്‍ട്ട്. വരിക ആസ്വദിക്കുക…
spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments