Saturday, April 1, 2023

HomeAmericaജനപക്ഷ മുഖമുള്ള, ഫോമായുടെ ഊര്‍ജസ്വലനായ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍

ജനപക്ഷ മുഖമുള്ള, ഫോമായുടെ ഊര്‍ജസ്വലനായ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍

spot_img
spot_img

എ.എസ് ശ്രീകുമാര്‍

അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ വിളംബരമായ ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ളതും വര്‍ണാഭവുമായ കണ്‍വന്‍ഷന്റെ കേളികൊട്ട് തുടങ്ങിക്കഴിഞ്ഞു. ഫോമാ കുടുംബാംഗങ്ങള്‍ക്കും മറ്റും എന്നെന്നും ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന അവിസ്മരണീയമായ ഒരു അവധിക്കാലം സമ്മാനിക്കുന്ന മെക്‌സിക്കോയിലെ കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ കൊടി ഉയരാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണേവരും. ഓണക്കാലത്തെ ഈ മലയാളി മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍, ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ ഫോമായുടെ ഓജസും ഉല്‍സാഹവുമുള്ള പ്രബലനായ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ സംസാരിക്കുന്നു…


എപ്പോഴും ജനമധ്യത്തിലുള്ള പ്രദീപ് നായരെക്കുറിച്ച്…

പക്വവും വിവേകപൂര്‍ണവുമായ പെരുമാറ്റത്തിലൂടെ സംഘടനാ വൈഭവം തെളിയിച്ച ഫോമായുടെ വൈസ് പ്രസിഡന്റാണ് പ്രദീപ് നായര്‍. സൗഹൃദത്തിന്റെ കരുത്തും വ്യക്തമായ ലക്ഷ്യബോധവും കൈമുതലാക്കി താഴേത്തട്ടിലുള്ള പ്രവര്‍ത്തനത്തിലൂടെ മുന്‍നിരയിലെത്തിയ നേതൃപാടവത്തിനുടമയാണ്. ജാതി-മത-രാഷ്ട്രീയ ചിന്തക്കതീതമാകണം സംഘടനാ പ്രവര്‍ത്തനം എന്ന് ശഠിക്കുന്ന പ്രദീപ് നായര്‍ ഫോമായുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനാണ്.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമായി തന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തെ നോക്കിക്കാണുന്ന ജനകീയനായ പ്രദീപ് നായര്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് മേഖലയില്‍ പ്രവര്‍ത്തന സജ്ജമായി എപ്പോഴും ജനമധ്യത്തിലുണ്ട്.

പത്തംതിട്ട, മാരാമണ്‍ ഗോകുലം ഹൗസ് തോട്ടപ്പുഴശ്ശേരി ഗോപാലകൃഷ്ണന്‍ നായരുടെയും പൊന്നമ്മ നായരുടെയും മകനായ പ്രദീപ് നായര്‍ 1987ലാണ് അമേരിക്കയിലെത്തിയത്. 2006ല്‍ ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അംഗമായി കര്‍മഭൂമിയില്‍ സംഘടനാ പ്രര്‍ത്തനമാരംഭിച്ചു. അസോസിയേഷന്റെ സെക്രട്ടറി, ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു. 2008ല്‍ ഫോമായിലെത്തി.

2010 മുതല്‍ 2014 വരെ നാഷണല്‍ കമ്മിറ്റി മെമ്പറായിരുന്ന പ്രദീപ് നായര്‍ തുടര്‍ന്ന് എമ്പയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 2016ല്‍ ഫോമായുടെ മയാമി കണ്‍വന്‍ഷന്‍ ചെയര്‍മാനായി. എമ്പയര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കണ്‍വന്‍ഷന് കൂടുതല്‍ രജിസ്‌ട്രേഷന്‍ നേടിക്കൊടുത്തുകൊണ്ട് തന്റെ ഉത്തരവാദിത്ത്വത്തിന് മാറ്റുകൂട്ടി.

എമ്പയര്‍ റീജിയന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കമ്മ്യൂണിറ്റി കോ-ഓര്‍ഡിനേറ്ററായ പ്രദീപ് നായര്‍ ആര്‍.വി.പിയായിരിക്കെ ഫോമായുടെ ആര്‍.സി.സി പ്രോജക്ടിനു വേണ്ടി 10,000 ഡോളര്‍ സമാഹരിച്ചു നല്‍കി. നാട്ടില്‍ നിര്‍ധനരായ കുട്ടികള്‍ പഠനവസ്തുക്കള്‍ എത്തിച്ചുകൊടുത്തത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. മഞ്ജു നായര്‍ ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സാന്ദ്ര നായര്‍, ഭദ്ര നായര്‍ എന്നിവര്‍ മക്കള്‍.


? കാന്‍കൂണ്‍ കണ്‍വന്‍ഷനെക്കുറിച്ച്…

 • സാധാരണ ഫോമാ കണ്‍വന്‍ഷന്‍ നടക്കുന്നത് പ്രസിഡന്റിന്റെ സ്റ്റേറ്റില്‍ വച്ചാണ്. എന്നാല്‍ ഇത്തവണ ഞങ്ങള്‍ ചുമതലയേറ്റ ശേഷം അമേരിക്കന്‍ മലയാളികള്‍ക്കായി ഒരു ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷന്‍ നടത്തണമെന്ന ആശയം ഉരുത്തിരിഞ്ഞു. അങ്ങനെ മെക്‌സിക്കോയിലെ അതിമനോഹരമായ മൂണ്‍പാലസ് റിസോര്‍ട്ട് കണ്ടുപിടിക്കുകയായിരുന്നു.

? കോവിഡ് രൂക്ഷമായ സമയത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍…

 • കോവിഡ് രൂക്ഷമായിരുന്ന ഘട്ടത്തില്‍ ഇപ്രാവശ്യത്തെ കണ്‍വന്‍ഷന്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. മുന്‍കാല ഭരണ സമിതികള്‍ അധികാരമേറ്റ് ആറ് മാസം കഴിയുമ്പോള്‍ തന്നെ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കും. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം കണ്‍വന്‍ഷന് ഏതാണ്ട് നാല് മാസം മുമ്പ് മാത്രമാണ് ഒരുക്കങ്ങള്‍ തുടങ്ങിയതും രജിസ്‌ട്രേഷന്‍ ആരംഭിച്ചതും. ഇപ്പോള്‍ 450-ലധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഫോമായോടുള്ള പൊതുജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണിത് തെളിയിക്കുന്നത്. വീടുകളിലും മറ്റും ചെന്ന് രജിസ്‌ട്രേഷന്‍ ഹണ്ടിങ്ങ് ഒന്നും നടത്താതെയാണ് ഇത്രയും അധികം പേര്‍ കണ്‍വന്‍ഷന് പങ്കെടുക്കാന്‍ സ്വമേധയാ മുന്നോട്ടു വന്നിരിക്കുന്നത്.

? ഇക്കാര്യത്തില്‍ അംഗസംഘങ്ങളുടെ പിന്തുണ…

 • അംഗസംഘടനകളാണ് ഫോമായുടെ ബലം. 2008ല്‍ 30 അംഗസംഘടനകള്‍ മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 84 അംഗസംഘടനകളുണ്ട്. വാസ്തവത്തില്‍ ഇത് അമേരിക്കന്‍ മലയാളികളുടെ കണ്‍വന്‍ഷനാണ്. വലിയ സ്‌പോണ്‍സര്‍മാര്‍ ഒന്നും ഇല്ലാതെയാണ് മില്ല്യണ്‍ ഡോളര്‍ ചെലവാകുന്ന ഈ മലയാളി മാമാങ്കം അമേരിക്കന്‍ മലയാളികളുടെ പിന്തുണയോടെ നടക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ടൈറ്റില്‍ സ്‌പോണ്‍സേഴ്‌സ് ഒന്നും തന്നെയില്ല. ആ നിലയ്ക്ക് അമേരിക്കന്‍ മലയാളികളുടെ സപ്പോര്‍ട്ടാണ് ഏറ്റവും പ്രധാനം. അത് കണ്‍വന്‍ഷന്റെ ഗംഭീരവിജയത്തിന് കാരണമാവുകയും ചെയ്യും.

? മറ്റൊരു രാജ്യത്ത് കണ്‍വന്‍ഷന്‍ നടത്തുമ്പോള്‍ അധികച്ചെലവ് ഉണ്ടാകുമല്ലോ…

 • ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷന്‍ എന്നു പറയുമ്പോള്‍ നല്ല ചെലവുണ്ട്. പങ്കെടുക്കുന്നവരെ സംബന്ധിച്ചാണെങ്കില്‍ ഫ്‌ളൈറ്റ് ടിക്കറ്റുള്‍പ്പെടെ പണം മുടക്കണമല്ലോ. കണ്‍വന്‍ഷന്‍ അമേരിക്കയിലാണെങ്കില്‍ ചെലവ് അത്രയും വരില്ലല്ലോ. പക്ഷേ കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ തരുന്ന പുത്തന്‍ അനുഭവം വച്ചു നോക്കുമ്പോള്‍ ചെലവ് ഒരു പ്രശ്‌നമല്ലെന്ന് ബോധ്യമാകും.

? കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ പ്രത്യേകതകള്‍…

 • പരിപാടികള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമുള്ളതായിരിക്കും. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായിരിക്കും ഘോഷയാത്ര. ഓണക്കാലമായതിനാല്‍ മഹാബലി ഉള്‍പ്പെടെ അണിനിരക്കുന്ന ഓണത്തനിമയിലുള്ളതായിരിക്കും കണ്‍വന്‍ഷനും ഘോഷയാത്രയുമെല്ലാം. മിസ്റ്റര്‍ ഫോമാ, ബ്യൂട്ടി പേജന്റ്, ബെസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍, സ്റ്റാര്‍ നൈറ്റ്, എം.ജി ശ്രീകുമാറിന്റെ ഗാനമേള, മറ്റ് സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, വിമന്‍സ് ഫോറത്തിന്റെ പ്രോഗ്രാമുകള്‍, സാംസ്‌കാരിക സമ്മേളനം, ബിസിനസ് മീറ്റ്, മെക്‌സിക്കന്‍ ഡാന്‍സ് തുടങ്ങി നിരവധി ആകര്‍ഷകമായ പരിപാടികള്‍ അരങ്ങേറും. ആദ്യമായി ഫോമായില്‍ എത്തിയവരെ സംബന്ധിച്ചിടത്തോളം കാന്‍കൂണ്‍ ഒരു പുതിയ കണ്‍വന്‍ഷന്‍ അനുഭവമായിരിക്കും.

? വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു…

 • ജനങ്ങള്‍ക്ക് എന്ത് സഹായം വേണോ, അവിടെ ഫോമാ ഉണ്ടാവും. കോവിഡ് വേട്ടയാടിയപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ കരുതലിന് വേണ്ടി പല പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കി. നാട്ടില്‍ വെന്റിലേറ്ററുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, കിറ്റുകള്‍ തുടങ്ങിയവ യഥാസമയം എത്തിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കി. ഗാന്ധിഭവന്‍, കരുണാലയം, ശാലോം തുടങ്ങിയ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി. കൂടാതെ നിര്‍ധനരായവര്‍ക്ക് വീടുകള്‍ നല്‍കി. അങ്ങനെയെല്ലാം നമ്മുടെ 84 അംഗസംഘടനകളുടെ അതിശക്തമായ പിന്തുണയോടുകൂടിയാണ് ഭംഗിയായി നടപ്പാക്കാന്‍ സാധിച്ചു. പണമെല്ലാം പൊതുജനങ്ങള്‍ നല്‍കിയതാണല്ലോ.

? അപ്പോള്‍ ജനങ്ങള്‍ക്കുള്ള സമ്മാനമായിരിക്കും കാന്‍കൂണ്‍ കണ്‍വന്‍ഷന്‍…

 • അതെ, പരമാവധി കുടുംബങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടിയാണ് ഒരു ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷന്‍ നടത്താന്‍ നമ്മള്‍ തീരുമാനിച്ചത്. 1500-ല്‍ പരം കുടുംബങ്ങള്‍ കാന്‍കൂണില്‍ എത്തുമെന്നാണ് പ്രതീക്ഷ. സാധാരണ ഒരു വീട്ടിലെ അച്ഛനമ്മമാര്‍ മാത്രമേ കണ്‍വന്‍ഷനുകളില്‍ സംബന്ധിക്കാറുള്ളു. ടീനേജ് മക്കളൊക്കെ അവരുടെ സുഹൃത്തുക്കളുമായി അവരുടെ ലോകത്തേയ്ക്ക് പോകും. ആ രീതി മാറ്റിയെടുത്ത് എല്ലാവരെയും കുടുംബത്തോടെ എത്തിക്കാനുള്ള ശ്രമം കാന്‍കൂണ്‍ കണ്‍വന്‍ഷനോടെ വിജയിക്കുകയാണ്.

? യുവാക്കളെ എങ്ങനെ എന്റര്‍ടെയ്ന്‍ ചെയ്യും…

 • കൗമാരപ്രായക്കാര്‍ക്കും യുവജനങ്ങള്‍ക്കും യൂത്ത് നൈറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. വരുംകാല ഫോമാ കണ്‍വന്‍ഷനുകളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ സഹായകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

? ഈ ഭരണസമിതിയുടെ കാലത്ത് യുവജനങ്ങള്‍ക്കും വനിതകള്‍ക്കും മുന്‍കാലങ്ങളെ അപേക്ഷിച്ച് എത്രത്തോളം പ്രാതിനിധ്യം കിട്ടി…

 • ഇനി നടക്കാന്‍ പോകുന്ന ഫോമാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം മുന്‍കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതിനു കാരണം ഈ ഭരണസമിതിയുടെ ജനകീയ പ്രവര്‍ത്തനങ്ങളാണ്. ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ വനിതകള്‍ക്ക് എത്രത്തോളം ഇറങ്ങിച്ചെല്ലാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോയകാലത്ത് മൂന്നു വനിതാ പ്രതിനിധികള്‍ കൊണ്ട് ഒതുങ്ങിയ സംഘടനയാണ് ഫോമാ. അത് ആറ് ആക്കി വര്‍ദ്ധിപ്പിച്ചു. യൂത്ത് റെപ്രസെന്റേറ്റീവുകളുടെ എണ്ണം മൂന്നില്‍ നിന്ന് ആറാക്കി. ബൈലോ ഭേദഗതിയിലൂടെയാണ് അനിവാര്യമായ ഈ മാറ്റങ്ങള്‍ വരുത്തിയത്.

? മെക്‌സിക്കോയില്‍ നിന്ന് അംഗസംഘടനകളെ പ്രതീക്ഷിക്കാമോ…

 • മെക്‌സിക്കോയില്‍ ഇതുവരെ മലയാളി സംഘടനകളൊന്നും രൂപീകരിക്കപ്പെട്ടിട്ടില്ല. ഫോമാ കണ്‍വന്‍ഷന്‍ കാന്‍കൂണില്‍ നടക്കുന്നത് മെക്‌സിക്കോയിലെ മലയാളികള്‍ക്ക് സംഘടന രൂപീകരിക്കാന്‍ പ്രചോദനമാകുമെന്നാണ് കരുതുന്നത്.

? കണ്‍വന്‍ഷനുകളില്‍ പതിവുള്ളതാണ് ഭക്ഷണം, ട്രാന്‍പോര്‍ട്ടേഷന്‍ സംബന്ധിച്ച പരാതികള്‍…

 • കണ്‍വന്‍ഷനുകളിലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ എല്ലാവരും തൃപ്തരല്ല. 1000 പേരെ എടുത്താന്‍ 200 പേര്‍ക്ക് പരാതികള്‍ ഉണ്ടാകും. അത് സ്വാഭാവികമാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഭക്ഷണം ഉള്‍പ്പെടെ എല്ലാം ഓള്‍ ഇന്‍ക്ലൂസ്സിവ് ആക്കിയത്. 24 മണിക്കൂറും രുചിഭേദങ്ങളുള്ള ഭക്ഷണം ലഭിക്കും. അതുപോലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി ഹോട്ടലിലേക്ക് പോകാന്‍ കാത്തിരുന്നു മുഷിയേണ്ടതില്ല. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ മികച്ച ട്രാന്‍പോര്‍ട്ടേഷന്‍ സൗകര്യം അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ 30 മിനിറ്റിനിടയിലും എയര്‍പോര്‍ട്ടില്‍ നിന്ന് റിസോര്‍ട്ടിലേക്ക് പിക്ക് അപ്പ് സര്‍വീസുണ്ട്. മടക്കയാത്രയിലും അങ്ങനെതന്നെയാണ്. വി.ഐ.പികള്‍ക്ക് പെട്ടെന്നു തന്നെ വാഹനം ലഭ്യമാക്കും. അങ്ങനെയെല്ലാം കൊണ്ടും കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ ചരിത്രവിജയമാകും.

? പുതിയ ഭരണസമിതിയോട് പറയുവാനുള്ളത്…

 • സമയമുള്ളവരും പ്രവര്‍ത്തിക്കാന്‍ മനസ്സുള്ളവരും മാത്രം സംഘടനയില്‍ വരിക. ഒരു സ്ഥാനത്തിനു വേണ്ടി ആരും ഇറങ്ങിത്തിരിക്കരുത്. കാരണം ജനങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. വോട്ടു ചെയ്ത് വിജയിപ്പിച്ചവരെ അവഗണിക്കാന്‍ പാടില്ല.

? മറ്റൊരു രാജ്യത്ത് കണ്‍വന്‍ഷന്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

 • ഇപ്പോള്‍ യാത്രയ്ക്ക് കോവിഡ് ടെസ്റ്റ് ഒന്നും ഇല്ലല്ലോ. റിസോര്‍ട്ടില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ പലതരം എന്റര്‍ടെയിന്‍മെന്റ് ഉണ്ടായിരിക്കും. അതിനൊന്നും നില്‍ക്കാതെ കണ്‍വന്‍ഷനില്‍ മാത്രം ശ്രദ്ധിക്കുക. കാരണം എല്ലാവരേയും ആനന്ദിപ്പിക്കാന്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, വിവിധ സ്റ്റേറ്റുകളിലുള്ള ആറും ഏഴും കുടുംബങ്ങള്‍ ഒന്നിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം ഒത്തുകൂടി സൗഹൃദം പുതുക്കാനുള്ള വേദിയാണ് മൂണ്‍പാലസ് റിസോര്‍ട്ടില്‍ ഫോമാ ഒരുക്കിയിരിക്കുന്നത്. അങ്ങനെ കണ്‍വന്‍ഷന്‍ പരമാവധി ആസ്വദിക്കുക…
spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments