എ.എസ് ശ്രീകുമാര്‍
പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയെന്ന് പേരുകേട്ട ഫോമായുടെ ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷന് സെപ്റ്റംബര്‍ രണ്ടാം മെക്‌സിക്കോയിലെ കാന്‍കൂണിലുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ തിരി തെളിയുകയാണ്. ഫോമാ കുടുംബാംഗങ്ങള്‍ക്ക് അവിസ്മരണീയമായ ഒരവധിക്കാലം സമ്മാനിക്കുന്ന ഈ മലയാളി സംഗമത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് കമ്മിറ്റികളെല്ലാം. ഏവര്‍ക്കും ഓര്‍മ്മപുസ്തകത്തില്‍ എഴുതിവയ്ക്കാന്‍ പറ്റുന്ന കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ പശ്ചാത്തലത്തില്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് സംസാരിക്കുന്നു…
പരിശ്രമശാലിയായ സംഘാടകന്‍ ജോസ് മണക്കാട്ടിനെ കുറിച്ച്…
വര്‍ഷങ്ങളായി ഫോമായുടെ സജീവ പ്രവര്‍ത്തകനാണ് ഫോമായുടെ ജനകീയനായ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്. വിവാദങ്ങളോ ഒച്ചപ്പാടോ ഉണ്ടാക്കാതെ ഏവരുമായി ഒത്തിണങ്ങി പോകുന്ന പ്രവര്‍ത്തന ശൈലിക്ക് ഉടമ. ഉത്തരവാദിത്ത്വങ്ങള്‍ സ്തുത്യര്‍ഹമായി നിറവേറ്റുന്ന മിഴിവുറ്റ സംഘാടകനായ ഇദ്ദേഹം കഴിഞ്ഞ ഫോമാ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ ജന പിന്തുണ ലഭിച്ച നേതാവാണ്. 79 ശതമാനം വോട്ട് നേടിയാണ് ജോസ് മണക്കാട്ട് ചരിത്രം കുറിച്ചത്.

ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ 100 ശതമാനം സംതൃപ്തിയുണ്ടെന്ന് എളിമയോടെ പറയുന്ന ജോസ് മണക്കാട്ട് ചിക്കാഗോയിലെ കലാ-സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രയ മേഖലകളിലെ നിറ സാന്നിധ്യമാണ്. കോട്ടയത്ത് കല്ലറ എന്ന ഗ്രാമത്തിലെ മണക്കാട്ട് വീട്ടില്‍ പരേതനായ എബ്രഹാം മണക്കാട്ടിന്റെയും മറിയക്കുട്ടി എബ്രഹാമിന്റെയും മകനായ ജോസ് മണക്കാട്ട് ബാംഗ്ലൂര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 2007ല്‍ അമേരിക്കയിലെത്തി.
മാതൃസംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച് തന്റെ സംഘടനാ പാടവം തെളിയിച്ചു. 2018ല്‍ ഷിക്കാഗോ കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാനായി. ഈ കണ്‍വന്‍ഷന്റെ വന്‍ വിജയത്തിന്റെ പിന്നില്‍ ജോസ് മണക്കാട്ടിന്റെയും കഠിനാധ്വാനമുണ്ട്.

എം.എസ്.ഡബ്ലിയു കരസ്ഥമാക്കിയ ജോസ് മണക്കാട്ടിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് സോഷ്യല്‍ വര്‍ക്ക്. ചിക്കാഗോ മലയാളി സമൂഹത്തിന്റെ ഏതൊരു അടിയന്തിര ഘട്ടങ്ങളിലും സേവനസന്നദ്ധനായി ഓടിയെത്തുന്ന ഇദ്ദേഹം ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ പ്രൊഫഷണലാക്കി വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
ഇല്ലിനോയി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഫെഡറല്‍ ഹോസ്പിറ്റലില്‍ നേഴ്‌സായ ലിന്‍സിയാണ് ഭാര്യ. ആഞ്ചലീന, ഇസബെല്ല, സാറ, ഇസഹാക്ക് എന്നിവര്‍ മക്കള്‍.
വിസ്മയങ്ങളുടെ വിളനിലമായ കാന്‍കൂണില്‍ ഫോമായുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന മലയാളി മാമാങ്കം പൂമുഖ വാതില്‍ക്കല്‍ എത്തിനില്‍ക്കെ ജോസ് മണക്കാട്ടുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…

? കാന്‍കൂണ്‍ കണ്‍വന്‍ഷനെ കുറിച്ചുള്ള പ്രതീക്ഷ…
- ഫോമായുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷനായിരിക്കും ഇത്. കാരണം, ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ കാന്‍കൂണില്‍ സംഗമിക്കുന്നു. അതുകൊണ്ട് ഈ കണ്‍വന്‍ഷന്‍ വന്‍ വിജയമായിരിക്കും എന്നതില്‍ സംശയമില്ല.
? ജനങ്ങളെ ആകര്‍ഷിക്കുന്ന എന്തെല്ലാം പ്രത്യേകതകള്‍ ഉണ്ട് ഈ കണ്‍വന്‍ഷന്…
- കുടുംബങ്ങളെ ആകര്‍ഷിക്കുന്ന മത്സരങ്ങളാണ് ഒന്ന്. മലയാളി മന്നന്‍, മിസ് ഫോമാ, ബെസ്റ്റ് കപ്പിള്‍, ചിരിയരങ്ങ്, മറ്റ് കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരിക്കും.

? കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്…
- എക്‌സിക്യൂട്ടീവ് അംഗങ്ങളും റീജിയണല്‍ വൈസ് പ്രസിഡന്റുമാരും നാഷണല്‍ കമ്മറ്റി അംഗങ്ങളും കൗണ്‍സില്‍ അംഗങ്ങളും എല്ലാം ഒരേ മനസ്സോടെ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് ജനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് സമയത്ത് കേരളത്തിലേക്ക് അടിയന്തിര സഹായ പദ്ധതികള്‍ വ്യാപിപ്പിച്ചു. വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവ കേരളാ ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്നുകൊണ്ട് വിതരണം ചെയ്തു. ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് എന്ന പുതുമയാര്‍ന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പ്രയോജനം നിരവധി ആളുകള്‍ക്ക് ലഭിച്ചു. വിദ്യാഭ്യാസപരമായിട്ടോ, ആരോഗ്യപരമായിട്ടോ എന്തെങ്കിലും അടിയന്തിര ആവശ്യം വരുമ്പോള്‍, അത്തരത്തിലുള്ള വിവരം ഫോമായ്ക്ക് ലഭിച്ചാല്‍ ഉടന്‍തന്നെ പണം അര്‍ഹരായവരുടെ പക്കല്‍ എത്തിക്കുന്നതാണ് ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സ് എന്ന നൂതന പദ്ധതി.

? കാന്‍കൂണ്‍ കണ്‍വന്‍ഷനിലെ കുടുംബ പങ്കാളിത്തം…
- ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 90 ശതമാനവും കുടുംബങ്ങളാണ്. മുന്‍കാലങ്ങളില്‍ ഇത്രയും കുടുംബങ്ങളുടെ പ്രാതിനിധ്യം ഇല്ലായിരുന്നു. അതുപോലെ പതിവിനു വിപരീതമായി യുവജനങ്ങളും ധാരാളമായി എത്തുന്നുണ്ട്.
? കാനഡയ്ക്കും യു.എസ്.എയ്ക്കും പുറത്തേക്ക് എന്തുകൊണ്ട് ഈ കണ്‍വന്‍ഷന്‍…
- ഫോമായുടെ ടെറിട്ടറിയില്‍ മെക്‌സിക്കോയും ഉള്‍പ്പെടുന്നുണ്ട്. കോവിഡിനു ശേഷം എല്ലാവര്‍ക്കും ഒരു പുതുമയുള്ള അവധിക്കാലം ആസ്വദിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷനായി കാന്‍കൂണ്‍ തിരഞ്ഞെടുത്തത്. അതിനു തക്കതായ എല്ലാവിധ സൗകര്യങ്ങളും കണ്‍വന്‍ഷനു വേദിയായ മൂണ്‍പാലസ് റിസോര്‍ട്ടിലുണ്ട്. മൂന്നു രാത്രിയും നാല് പകലും കുടുംബസമേതം ആസ്വദിക്കാനുള്ള വിഭവങ്ങള്‍ ഫോമാ അവിടെ ഒരുക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് കമ്മറ്റി ഉള്‍പ്പെടെ എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനപ്രകാരമാണ് നമ്മള്‍ മെക്‌സിക്കോയില്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്.

? മെക്‌സിക്കോയില്‍ നിന്ന് അംഗസംഘടനകളെ പ്രതീക്ഷിക്കാമോ…
- നിലവില്‍ മെക്‌സിക്കോയില്‍ മലയാളി സംഘടനകള്‍ ഒന്നും തന്നെയില്ല. പക്ഷെ, ഭാവിയില്‍ അത്തരം സാധ്യതകള്‍ ഉണ്ടായേക്കാം. മെക്‌സിക്കോയിലെ മലയാളികള്‍ക്ക് ഒരു സംഘടന എങ്കിലും രൂപീകരിക്കാനുള്ള പ്രേരകശക്തിയായി ഈ കണ്‍വന്‍ഷന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

? ഫോമായ്ക്ക് കേരളഗവണ്‍മെന്റ് നല്‍കുന്ന പിന്തുണ…
- വളരെ നല്ല പിന്തുണയാണ് കേരള സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. കോവിഡ് സമയത്ത് കേരളത്തില്‍ ഒരു കോവിഡ് വാര്‍ റൂം സെല്‍ ഉണ്ടായിരുന്നു. അവരുമായി കൈകോര്‍ത്തുകൊണ്ടാണ് ഫോമാ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

? ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം എത്രമാത്രം സന്തോഷം നല്‍കി.
- നൂറു ശതമാനം സന്തോഷത്തോടുകൂടിയാണ് കണ്‍വന്‍ഷനിലേക്ക് കടക്കുന്നത്. എന്നാലാവും വിധം പ്രവര്‍ത്തിച്ചു എന്ന് അടിയുറച്ച് വിശ്വസിക്കുന്നു. ജനറല്‍ സെക്രട്ടറി പറയുന്ന കാര്യങ്ങള്‍ എല്ലാം അദ്ദേഹത്തോടൊപ്പം നിന്ന് നിറവേറ്റുക എന്ന വലിയ ഉത്തരവാദിത്വമാണുണ്ടായിരുന്നത്. എല്ലാവരുടെയും കൂട്ടുത്തരവാദിത്ത്വം കാന്‍കൂണില്‍ സഫലമാവുമെന്നുറപ്പ്.