എ.എസ് ശ്രീകുമാര്‍
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളെ ഒരു കൂടക്കീഴില്‍ അണിനിരത്തുന്ന ഫോമായുടെ ഏഴാമത് ചരിത്ര കണ്‍വന്‍ഷന് മെക്‌സിക്കോയിലെ വിനോദ സഞ്ചാര നഗരമായ കാന്‍കൂണില്‍ ഭദ്രദീപം തെളിയാന്‍ ഇനി ഒന്‍പത് ദിവസം മാത്രം. സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ചാം തീയതി വരെ നടക്കുന്ന ഈ മലയാളി മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ഈടുറ്റ അധ്യായം രചിക്കുന്ന ഈ സ്വപ്ന കണ്‍വന്‍ഷനില്‍ ഇന്ത്യന്‍ ചലചിത്ര പിന്നണി ഗാനരംഗത്തെ ഇതിഹാസ സംഗീതജ്ഞന്‍ എം.ജി ശ്രീകുമാര്‍ സാന്നിധ്യമറിയിക്കുന്നു. ചലച്ചിത്ര പിന്നണി ഗായകന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, അവതാരകന്‍ എന്നീ നിലകളിലറിയപ്പെടുന്ന ഈ അനുഗ്രഹീത കലാകാരന്‍ വര്‍ഷങ്ങളായി അമേരിക്കയില്‍ നിരവധി തവണ ഗാനമേളകള്‍ നടത്തി മലയാളികളെ ആസ്വദിപ്പിച്ചിട്ടുണ്ട്. എം.ജി ശ്രീകുമാറിന്റെ മ്യൂസിക് നൈറ്റ് ഫോമാ കണ്‍വന്‍ഷനിലെ ഹൈലൈറ്റാണ്.
1983-ല്‍ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയില്‍ യുവകവി ജി. ഇന്ദ്രനെഴുതിയ ‘വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിന്‍ ഗാനങ്ങളില്‍ ഞാനാണാദി താളം…’ എന്ന വരികള്‍ പാടിയാണ് എം.ജി. ശ്രീകുമാര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേല്‍ ഗാനങ്ങള്‍ ആലപിച്ച എം.ജി ശ്രീകുമാറിന്റെ വരവ് കണ്‍വന്‍ഷന് കൊഴുപ്പേകും.
ലോകത്തെ കുടുകുടാ ചിരിപ്പിച്ച ചാര്‍ളി ചാപ്ലിന്‍ എന്ന മഹാനടന്റെജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍ ചാര്‍ലി ചാപ്ലിന്‍ എന്ന നാടകം അരങ്ങിലെത്തിക്കുന്നു. തോമസ് മാളക്കാരന്‍ രചിച്ച് പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്ന നാടകത്തിന്റെ ആദ്യ അവതരണം കാന്‍കൂണിലാണ്. ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ചാപ്ലിനായി വേഷമിടുന്നത് പൗലോസ് കുയിലാടനാണ്.നാടകാസ്വാദകര്‍ക്ക് ഈ നാടകം വേറിട്ട അനുഭവമായിരിക്കും.
കണ്‍വന്‍ഷന് അനുബന്ധമായി വിമന്‍സ് ഫോറം സ്ത്രീ ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഫോമായുടെ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പുരുഷ നേതാക്കള്‍ക്ക് താങ്ങായി നിന്ന വനിതാ നേതാക്കളെ ആദരിക്കുക എന്നതാണ് വനിതാശാക്തീകരണ പരിപാടിയുടെ ലക്ഷ്യം.
ഫോമാ കണ്‍വെന്‍ഷനുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന പരിപാടിയാണ് ‘ചിരിയരങ്ങ്’. സ്വതസിദ്ധമായ തന്റെ രചനകളിലൂടെ അമേരിക്കന്‍ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രമുഖ ഹാസ്യ സാഹിത്യകാരന്‍ രാജു മൈലപ്രയാണ് ചെയര്‍പേഴ്‌സണായി ചിരിയരങ്ങ് നയിക്കുന്നത്. ഫോമാ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍ പട്ടാപതി കോര്‍ഡിനേറ്ററും റോയ് ചെങ്ങന്നൂര്‍ ഇവന്റ് മാനേജരുമാണ്.
കോവിഡ് ദുരിതങ്ങള്‍ക്ക് ശേഷം കാനഡയ്ക്കും യു.എസ്.എയ്ക്കും പുറത്ത് നടക്കുന്ന ഫോമായുടെ ഏറ്റവും വലിയ ഫാമിലി-ഹോളി ഡേ കണ്‍വന്‍ഷന് ഒന്‍പത് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിനോദ സഞ്ചാരികളുടെ പറുദീസയായ കാന്‍കൂണിലെത്താനുള്ള ആവേശത്തിലാണേവരും.