സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിട്ട് ഓഗസ്റ്റ് 26-ാം തീയതി വെള്ളിയാഴ്ച ലോകമെമ്പാടും സ്ത്രീ സമത്വ ദിനം ആചരിക്കുകയാണ്. ലോക ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളില്‍ ഗണ്യവിഭാഗം ഇന്നും പാരതന്ത്ര്യത്തിന്റെ തടവറയിലാണെന്ന് മനസിലാക്കാം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിളംബരത്തില്‍ സ്ത്രീയുടെ പുരുഷനോടൊപ്പമുള്ള തുല്യാവകകാശത്തെ എടുത്തുകാട്ടുന്നുണ്ടെങ്കിലും ഈ തത്വം സാര്‍വത്രികമായി ഇന്നുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശ പട്ടികയിലെ ആദ്യ ഇനമായ സമത്വത്തിനുള്ള അവകാശത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് നിയമത്തിനു മുമ്പില്‍ സമത്വവും തുല്യമായ നിയമസംരക്ഷണവും ഉറപ്പുവരുത്തുന്നു. എന്നാല്‍, ഈ അവകാശങ്ങള്‍ പരിരക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും പല സന്ദര്‍ഭങ്ങളിലായി നിയമപോരാട്ടം നടത്തേണ്ടിവന്നു.

ലോകമെമ്പാടും രാജ്യവ്യവസ്ഥിതിയും മതങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകളായി സ്ത്രീകളെ അടിമകളാക്കുകയാണുണ്ടായത്. സ്ത്രീകള്‍ക്ക് നിഷേധിച്ചിരുന്ന വ്യക്തി സ്വാതന്ത്ര്യവും സ്വത്ത്, തൊഴില്‍, വിദ്യാഭ്യാസം, സമ്മതിദാനം തുടങ്ങിയ അവകാശങ്ങളും ലഭ്യമാക്കുന്നതിന് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സ്ത്രീകളും പോരാടേണ്ടി വന്നു. ഇന്ത്യയില്‍ നരബലിയും സതിയും ആചാരമോ അനുഷ്ഠാനമോ ആയിരുന്നു. ഈ കൊലപാതകവും ആത്മഹത്യയും നിയമം മൂലമാണ് തടയപ്പെട്ടത്.
1987ല്‍ രാജസ്ഥാനില്‍ രൂപ് കന്‍വര്‍ എന്ന സ്ത്രീ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി കത്തിയെരിഞ്ഞത് ലോകത്തെ ഞെട്ടിച്ചു. ഈ ദുരാചാരത്തിന് അനുകൂലമായി പ്രകടനം നടത്താന്‍ സ്ത്രീകള്‍ തന്നെ തയ്യാറായത് അനാചാരങ്ങളോട് ചിലര്‍ പുലര്‍ത്തുന്ന മാനസിക അടിമത്തം സൂചിപ്പിക്കുന്നു. രാജഭരണകാലത്ത് അന്തപുരങ്ങളിലും ഹാരങ്ങളിലും സ്ത്രീകളെ തടങ്കലിലെന്ന പോലെ പാര്‍പ്പിച്ചിരുന്നു. ദേവദാസി സമ്പ്രദായം അടുത്തകാലം വരെ നിലനിന്നിരുന്നു. പെണ്‍പണം വാങ്ങി സ്ത്രീകളെ വില്‍ക്കുന്ന സമ്പ്രദായം കേരളത്തില്‍ പോലും ഉണ്ടായിരുന്നു. ശൈശവവിവാഹം, പുലപ്പേടി, മണ്ണാപ്പേടി, സംബന്ധം എന്നീ സാംസ്‌കാരിക ജീര്‍ണതകള്‍ പോലും നിലനിന്നിരുന്നു.
സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനും ആഭരണങ്ങള്‍ അണിയാനും കഴിയാത്ത ദുരവസ്ഥ. ഈ സ്ത്രീവിരുദ്ധ അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ അനേക വര്‍ഷക്കാലത്തെ ആശയപ്രചാരണം വേണ്ടി വന്നു. നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും ഭാഗമായാണ് ക്ഷേത്രങ്ങളില്‍ കീഴ്ജാതിക്കാര്‍ക്ക് പ്രവേശനം ലഭിച്ചത്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനം ഉണ്ടായത് കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി വിധി കല്പിച്ചത് സ്ത്രീകള്‍ക്ക് തുല്യനീതി എന്ന ഭരണഘടനാ ചട്ടപ്രകാരമാണ്.
ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്വാതന്ത്ര്യത്തിനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെങ്കിലും സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നാണ് ഇപ്പോഴും ചിലരുടെ വിശ്വാസം. പുരുഷന്റെ വാരിയെല്ലില്‍ നിന്നുമാണ് സ്ത്രീ ഉണ്ടായതെന്നും പാപം ഉണ്ടാകാന്‍ കാരണം സ്ത്രീയാണെന്നുമാണ് ചില സങ്കല്പം. സ്ത്രീകള്‍ മൂടുപടമണിയണമെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ബഹുഭാര്യാത്വം, ബഹുഭര്‍ത്തൃത്വം തുടങ്ങിയവയെ അംഗീകരിക്കുന്ന മതങ്ങളും ഉണ്ട്. സ്ത്രീകള്‍ക്കുള്ള സ്വത്തവകാശം മിക്ക മതങ്ങളും അംഗീകരിച്ചിരുന്നില്ല. ഇന്നിപ്പോള്‍ സ്വത്തവകാശം ഉണ്ടെങ്കിലും ലോകത്തിലെ സ്വകാര്യ സ്വത്തിന്റെ പത്തിലൊന്നു മാത്രമാണ് സ്ത്രീകളുടെ പേരിലുള്ളത്.
യൂറോപ്പിലും മറ്റും പാരമ്പര്യ സ്വത്തിനേക്കാള്‍ ആര്‍ജ്ജിത സ്വത്തുക്കളുള്ള സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഹിന്ദു വ്യക്തി നിയമങ്ങള്‍ പലതും സ്ത്രീ വിരുദ്ധമായിരുന്നു. വിധവകള്‍ക്ക് പുനര്‍വിവാഹത്തിന് അവകാശമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് പിന്തുടര്‍ച്ചാവകാശത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ് വിധവകള്‍ക്ക് സ്വത്തവകാശം ലഭിച്ചത്. മുസ്ലീം ശരിഅത്ത് നിയമപ്രകാരം സ്വത്ത് വിവാഹം, വിവാഹമോചനം, ജീവനാംശം എന്നീ കാര്യങ്ങളില്‍ സ്ത്രീകളുടെ സ്ഥിതി മോശമായിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷവും കേരളത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക പിന്തുടര്‍ച്ചാ നിയമമാണുണ്ടായിരുന്നത്. തിരുവിതാംകൂറില്‍ വില്‍പ്പത്രമെഴുതാതെ മരിക്കുന്ന ഒരാളുടെ സ്വത്തില്‍ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ ഒരംശം ലഭിക്കുമായിരുന്നു.
എന്നാല്‍ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കൊച്ചിയില്‍ വനിതകള്‍ക്ക് ലഭിക്കുന്ന തുക പുത്രന് ലഭിക്കുന്നതിന്റെ മൂന്നിലൊന്നു മാത്രമായിരുന്നു. നിയമങ്ങളിലെ ഈ അന്തരം ചൂണ്ടിക്കാട്ടിയാണ് മേരി റോയ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പിതാവിന്റെ സ്വത്തില്‍ സഹോദരന്മാര്‍ക്കൊപ്പം തനിക്കും അവകാശമുണ്ടെന്ന് മേരി റോയ് വാദിച്ചു. ഭരണഘടനയിലെ 14-ാം വകുപ്പ് അനുശാസിക്കുന്ന സമത്വ വ്യവസ്ഥയുടെ ലംഘനമാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് 1986ല്‍ വിധി പ്രഖ്യാപിച്ചത്. മുസ്ലീം നിയമപ്രകാരം സ്ത്രീകള്‍ക്ക് സ്വത്തവകാശം ഉണ്ടെങ്കിലും ആണ്‍മക്കള്‍ക്ക് ലഭിക്കുന്ന ഓഹരിയുടെ പകുതി മാത്രം-തുല്യാവകാശമില്ലെന്ന് ചുരുക്കം.
ഷബാനോ എന്ന സ്ത്രീക്ക് മൊഴി ചൊല്ലിയ ഭര്‍ത്താവ് ജീവനാംശം കൊടുക്കണമെന്ന കീഴ്‌ക്കോടതി വിധി സുപ്രീം കോടതി സ്ഥിരീകരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കേന്ദ്രസര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്തിരുന്നു. മുസ്ലീം ലീഗിന്റെയും മറ്റും സമ്മര്‍ദ്ദഫലമായി സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. പിന്നീട് മുസ്ലീം സ്ത്രീകള്‍ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായാണ് മുത്തലാഖ് സമ്പ്രദായം നിരോധിക്കാന്‍ സുപ്രീം കോടതി വിധിച്ചത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്.
സ്ത്രീകള്‍ കായിക ശക്തിയിലും ബൗദ്ധിക ശേഷിയിലും പിന്നിലാണെന്ന പഴയ സങ്കല്പം ആധുനിക സ്ത്രീകള്‍ തൊഴില്‍, വിദ്യാഭ്യാസം എന്നിവയിലൂടെയാണ് തിരുത്തിക്കുറിച്ചത്. കേരളത്തില്‍ കൃഷി, നിര്‍മ്മാണം, പാരമ്പര്യ വ്യവസായം എന്നീ തൊഴില്‍ മേഖലകളില്‍ അദ്ധ്വാനപരമായ ജോലികളില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണ്. കോളേജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥിനികളാണ് മുന്നില്‍. സ്ത്രീകള്‍ പ്രാവീണ്യം തെളിയിക്കാത്ത ഒരു മേഖലയും കേരളത്തിലില്ല. തുല്യജോലിക്ക് തുല്യവേതനം എന്ന ഭരണഘടനയിലെ നിര്‍ദ്ദേശത്വം കേരളത്തില്‍ പാലിക്കപ്പെടുന്നുണ്ട്.
കുടുംബശ്രീ എന്ന വനിതാ തൊഴില്‍ സംവിധാനം കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ കൊടിയടയാളമാണ്. 1992 ലെ ഭരണഘടനാ ഭേദഗതിപ്രകാരം ഇന്ത്യയില്‍ നടപ്പാക്കിയ ത്രിതല പഞ്ചായത്തിലെ 33 ശതമാനം സ്ത്രീ സംവരണം ഫലപ്രദമാക്കിയ സംസ്ഥാനം കേരളമാണ്. 2010 മുതല്‍ കേരളത്തില്‍ സ്ത്രീസംവരണം 50 ശതമാനമാക്കി. കേരള മാതൃക പിന്തുടര്‍ന്ന് ദേശീയ തലത്തില്‍ ലോക്‌സഭയിലും നിയമസഭയിലും 50 ശതമാനം സ്ഥാനങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. സ്ത്രീകളുടെ അംഗത്വം വര്‍ദ്ധിക്കുന്നതനുസരിച്ച് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. രാഷ്ട്രീയ രംഗത്തും തുല്യത സ്ത്രീയുടെ അവകാശമാണ്.
മതങ്ങളില്‍ പുരോഹിതരാവാന്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് അവസരമില്ല. ചില ക്രിസ്ത്യന്‍ സഭകളില്‍ വൈദിക സ്ഥാനത്ത് സ്ത്രീകള്‍ നാമമാത്രമായി എത്തിയിട്ടുണ്ട്. വിവിധ മതമേധാവികളാവാന്‍ ഭാവിയില്‍ സ്ത്രീകള്‍ക്ക് കഴിയണം. ഏത് മതവിഭാഗത്തിന്റെയും ആരാധനാലയങ്ങലില്‍ പൗരോഹിത്യ ചുമതലയില്‍ സ്ത്രീകള്‍ അവരോധിക്കപ്പെടണം. സ്ത്രീയും പുരുഷനും പരസ്പരം പോരാടേണ്ട ശത്രുക്കളല്ല. ഇവരുടെ സഹവര്‍ത്തിത്വത്തിലൂടെയാണ് വിശ്വമാനവികത ശക്തിപ്പെടേണ്ടത്. തുല്യത എന്ന സ്ത്രീയുടെ ജന്മാവകാശം അംഗീകരിക്കാത്ത മതാചാരങ്ങളെയും രാഷ്ട്രീയ കക്ഷികളെയും സ്ത്രീകള്‍ ബഹിഷ്‌കരിക്കണം. സ്ത്രീകളെ അടിമകളാക്കിയ മതാചാരങ്ങളെയും വ്യവസ്ഥിതിയെയും കുഴിച്ചുമൂടാന്‍ ഒരു സ്ത്രീ വിപ്ലവത്തിന് സ്ത്രീശക്തി ഉണരണം.
അമേരിക്കയില്‍ നിന്ന്
വീശിയ മാറ്റത്തിന്റെ കാറ്റ്
1920 ല്‍ അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച ദിനമാണ് ലോകമെമ്പാടും സ്ത്രീസമത്വ ദിനമായി ആചരിച്ചു വരുന്നത്. അമേരിക്കയില്‍ ഉണാടയ ഈ മാറ്റത്തിന്റെ ചുവട് പിടിച്ച് ബ്രട്ടീഷ് പ്രവിശ്യകളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കപ്പെട്ടു. ഇന്ത്യയില്‍ 1919ല്‍ മദ്രാസിലും പിന്നെ 1920ല്‍ തിരുവിതാംകൂറിലും സ്ത്രീകള്‍ക്ക് വോട്ടവകാശം നിലവില്‍ വന്നു.

സ്ത്രീകളുടെ തുല്യ അവകാശങ്ങള്‍ക്കായി പോരാടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ദിനം. ചരിത്രപരമായി അമേരിക്കയിലെ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കപ്പെട്ടിരുന്നത്. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും നിയമപരമായി അല്ലെങ്കില്‍ സ്ഥാപനപരമായി സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അവ പുരുഷന്മാരുടെ ആധിപത്യത്തിലായിരുന്നു.
അവകാശങ്ങളും അധികാരങ്ങളും എല്ലാവര്ക്കും തുല്യമാണെന്ന് ഉറപ്പു നല്‍കാന്‍ ഐക്യനാടിലെ സ്ത്രീകള്‍ ഒന്നിച്ചു. അമേരിക്കന്‍ ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയുടെ സര്‍ട്ടിഫികേഷന്റെ വാര്‍ഷിക തീയതിയായ ഓഗസ്റ്റ് 26 ന് സ്ത്രീ സമത്വ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഇത് തുല്യ അവകാശത്തിനായുള്ള നിരന്തര പോരാട്ടത്തിന്റെ പ്രതീകമായി. 1920 ഓഗസ്റ്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് അമേരിക്കന്‍ ഭരണഘടനയില്‍ 19ാം ഭേദഗതിയിലൂടെ മാറ്റം വരുത്തി.
റോച്ചസ്റ്ററില്‍ വോട്ടു ചെയ്ത
സൂസന്‍ ബി ആന്റണി
1802 കാലഘട്ടത്തില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കാനായും അടിമത്ത സമ്പ്രദായത്തിനെതിരെയും പോരാടിയ ധീരവനിതയാണ് സൂസന്‍. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു ശേഷം 14ാം ഭേദഗതിയിലൂടെ രാജ്യത്ത് ജനിച്ചുവളര്‍ന്ന എല്ലാവര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും വോട്ടവകാശം ലഭിച്ചു. അപ്പോഴും സ്ത്രീകള്‍ക്ക് മിക്ക സംസ്ഥാനങ്ങളിലും വോട്ടവകാശം ലഭിച്ചിരുന്നില്ല.

1872 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിയമം ലംഘിച്ച് സൂസന്‍ ന്യൂയോര്‍ക്കിലെ റോചസ്റ്ററില്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് സൂസനെ അറസ്റ്റു ചെയ്തു. പിഴയായി 100 ഡോളര്‍ അടയ്ക്കാന്‍ ശിക്ഷ വിധിച്ചെങ്കിലും സൂസന്‍ അതിനു തയ്യാറായില്ല. 1920 ഓഗസ്റ്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് അമേരിക്കന്‍ ഭരണഘടനയില്‍ 19ാം ഭേദഗതിയിലൂടെ മാറ്റം വരുത്തി. അപ്പോഴേക്കും സൂസന്‍ മരിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞിരുന്നു.