എ.എസ് ശ്രീകുമാര്‍
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സംഘശക്തിയുടെ പ്രതീകമായ ഫോമായുടെ ഏഴാമത് ചരിത്ര കണ്‍വന്‍ഷന് മെക്‌സിക്കോയിലെ വിനോദ സഞ്ചാര നഗരമായ കാന്‍കൂണില്‍ ഭദ്രദീപം തെളിയാന്‍ ഇനി ഏഴ് ദിവസങ്ങള്‍ മാത്രം. കോവിഡ് ദുരിതങ്ങള്‍ക്ക് ശേഷം കാനഡയ്ക്കും യു.എസ്.എയ്ക്കും പുറത്ത് നടക്കുന്ന ഫോമായുടെ ഏറ്റവും വലിയ ഫാമിലി-ഹോളി ഡേ കണ്‍വന്‍ഷന് യവനിക ഉയരുമ്പോള്‍ അത് സംഘടനാ ചരിത്രത്തിലെ സുവര്‍ണ അധ്യായമായിരിക്കും.

കണ്‍വന്‍ഷന് ആതിഥ്യമരുളുന്ന മൂണ്‍ പാലസ് റിസോര്‍ട്ടിലെ വിസ്മയ വേദിയില്‍ മോഹിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി എത്തുകയാണ് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നര്‍ത്തകനായ നീരവ് ബവ്ലേച്ച. മലയാളികള്‍ നെഞ്ചേറ്റിയ ഡാന്‍സ് റിയാലിറ്റി ഷോ ഡി ഫോര്‍ ഡാന്‍സിന്റെ ജഡ്ജായി എത്തിയതോടെയാണ് നീരജ് ബവ്ലേച എന്ന വടക്കേന്ത്യന്‍ നര്‍ത്തകന്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. ടീനേജ് പെണ്‍കുട്ടികളുടെ ഹാര്‍ട്ട്‌ത്രോബായി മാറിയ നീരവ് പിന്നീട് മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടു.
ജോണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്ത് ടിനി ടോം നായകനായി എത്തിയ ‘ദാഫേദാര്‍’ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്താണ് നീരവ് ബവ്‌ലേച്ച അഭിനയിച്ചത്. വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന് നീരവ് ചുവടുകള്‍ കൊടുത്തതോടെ സിനിമാ പ്രേക്ഷകര്‍ക്കിടയിലും നീരവ് ബവ്‌ലേച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. നീരവിന്റെ സ്റ്റൈലുകളും അനുകരിക്കാന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്. ഇതൊക്കെ നീരവിന്റെ ജനപ്രീതിയെയാണ് സൂചിപ്പിക്കുന്നത്.
സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ചാം തീയതി വരെ നടക്കുന്ന ഈ മലയാളി മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവര്‍ അറിയിച്ചു. വിനോദ സഞ്ചാരികളുടെ പറുദീസയായ കാന്‍കൂണിലെത്താനുള്ള ആവേശത്തിലാണേവരും.