എ.എസ് ശ്രീകുമാര്‍
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളെ ഒരു കൂടക്കീഴില്‍ അണിനിരത്തുന്ന ഫോമായുടെ ഏഴാമത് ചരിത്ര കണ്‍വന്‍ഷന് മെക്‌സിക്കോയിലെ വിനോദ സഞ്ചാര നഗരമായ കാന്‍കൂണില്‍ ഭദ്രദീപം തെളിയാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ചാം തീയതി വരെ ആര്‍ഭാഡത്തിന്റെ അവസാന വാക്കായ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഈ മലയാളി മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ സംഗീത സാന്ദ്രമാക്കുവാന്‍ പ്രമുഖ ഗായിക അഖില ആനന്ദും എത്തുന്നുണ്ട്. മലയാള സിനിമയിലേയ്ക്ക് ആലില പൂത്താലി ചാര്‍ത്തി വന്ന ഗായികയാണ് അഖില ആനന്ദ്. സുരേഷ്‌ഗോപിയും പദ്മപ്രിയയും ഒന്നിച്ച് അഭിനയിച്ച അശ്വാരൂഢനിലെ ‘അഴകാലില മഞ്ഞച്ചരടില് പൂത്താലി…’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തില്‍ തുടങ്ങി വികടകുമാരന്‍ വരെയുള്ള ശ്രദ്ധേയ ഗാനങ്ങള്‍ക്ക് മധുരശബ്ദം നല്‍കി ആരാധകരുടെ പ്രിയ ഗായികയായി മാറിയിരിക്കുകയാണ് അഖില ആനന്ദ്.
അഖില പാടിയതെല്ലാം പ്രമുഖ ഗായകര്‍ക്കൊപ്പം പ്രമുഖ സംവിധായകരുടെ പാട്ടുകളാണ്. അതെല്ലാം ജനഹൃദയങ്ങളില്‍ പതിയുകയും ചെയ്തു. വര്‍ഷങ്ങളായി ടെലിവിഷന്‍ ഷോകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഖില ടെലിവിഷന്‍ അവതാരക, ഗായിക അങ്ങനെ ഒന്നിലധികം വേഷങ്ങളില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്താണ് ജനിച്ച അഖില ചെറുപ്പത്തിലേ തന്നെ തന്റെ സംഗീതത്തിലുള്ള അഭിരുചി പ്രകടിപ്പിച്ചിരുന്നു, സരസ്വതിയമ്മാള്‍, ഡോ. ഭഗവ ലക്ഷ്മി, രമേശ് നാരായണന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് എന്നിവരുടെ കീഴില്‍ പല കാലങ്ങളിലായി കര്‍ണാടക സംഗീതം അഭ്യസിച്ചു.
നാല്‍പതിലധികം ഗാനങ്ങള്‍ ആലപിച്ച അഖിലയുടെ ചോക്കളേറ്റ് എന്ന സിനിമയിലെ ‘കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍…’ എന്ന ഫാസ്റ്റ് നമ്പര്‍ ശ്രദ്ധേയമായി. ഏഷ്യാനെറ്റിലെ ചിത്രജാലകം, ഹൃദയരാഗം, കൈരളി ടി.വിയിലെ സിംഫണി, സൂര്യ ടി.വിയിലെ സുവര്‍ണ ഗീതങ്ങള്‍ തുടങ്ങിയ സംഗീത പരിപാടികളിലെ അവതാരകയെന്ന നിലയില്‍ അഖില വേറിട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
അമേരിക്കന്‍ മലയാളികളുടെ ആശ്രയവും, പ്രതീക്ഷയുമായ ഫോമായുടെ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തത്തിലും പരിപാടികളുടെ മികവിലും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവര്‍ അഭിപ്രായപ്പെട്ടു.