എ.എസ് ശ്രീകുമാര്‍
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ നേര്‍സാക്ഷ്യമായ ഫോമായുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തുന്ന ഏഴാമത് ഫാമിലി ഗ്ലോബല്‍ കണ്‍വന്‍ഷന് മെക്‌സിക്കോയിലെ കാന്‍കൂണില്‍ യവനിക ഉയരാന്‍ വര്‍ണ്ണക്കൊടി ഉയരാന്‍ ഇനി അഞ്ച് ദിനരാത്രങ്ങള്‍ മാത്രം.

മൂണ്‍ പാലസ് റിസോര്‍ട്ടിലെ വിസ്മയ വേദികള്‍ മലയാളി മാമാങ്കത്തില്‍ സജീവമാകുമ്പോള്‍ നൂറോളം സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് മിഴിവേകി നമ്മെ ചിരിപ്പിട്ടും ചിന്തിപ്പിച്ചും മുന്നേറുന്ന സുരാജ് വെഞ്ഞാറമൂടിന്റെ സാന്നിധ്യം സദസ്യരെ പുളകെകൊള്ളിക്കും.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രിയതാരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി കഥാപാത്രങ്ങളിലൂടെ എത്തി പിന്നീട് സ്വഭാവനടനായും നടനായും മലയാള സിനിമയില്‍ തന്റേതായൊരു ഇടം സ്വന്തമാക്കിയ അഭിനയ പ്രതിഭയാണ് സുരാജ്.
സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ സുരാജ് കോമഡിക്ക് പുറമെ ഗൗരവ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി നമ്മെ ആവേശം കൊള്ളിക്കുന്ന പ്രതിഭാശാലിയാണ്. യെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച സുരാജ് മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും 2019-ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.
ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ. വാസുദേവന്‍ നായരുടെയും വിലാസിനിയമ്മയുടെയും ഇളയ മകനായി 1976 ജൂണ്‍ 30-ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സുരാജ് ജനിച്ചത്. തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകള്‍ ചലച്ചിത്രത്തില്‍ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്.
സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ചാം തീയതി വരെ നടക്കുന്ന ഫോമാ മലയാളി മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവര്‍ അറിയിച്ചു.