ഹൂസ്റ്റണ്‍: ഫോമായുടെ ഏഴാമത് ഫാമിലി ഗ്ലോബല്‍ കണ്‍വന്‍ഷന്‍ കാന്‍കൂണില്‍ വച്ച് നടത്താനുള്ള തീരുമാനം ഉചിതമായിരുന്നുവെന്ന് രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ജോയി എന്‍ സാമുവേല്‍ അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ സംശയം ഉണ്ടായിരുന്നുവെങ്കിലും അഭൂതപൂര്‍വമായ രജിസ്‌ട്രേഷന്‍ കണ്‍വന്‍ഷനെ വിജയിപ്പിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിച്ചു.

കോവിഡിന്റെ പിടിയില്‍ അകപ്പെട്ട് എങ്ങോട്ടും യാത്രചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ ഒരു ഫാമിലി ഹോളിഡേ ട്രിപ്പായി ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് ജോയി എന്‍ സാമുവേല്‍ പറഞ്ഞു. അമേരിക്കയിലെ പല ഇടങ്ങളിലും ഒരുതവണ ഷിപ്പിലും ഫോമാ കണ്‍വന്‍ഷന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു രാജ്യത്ത് അരങ്ങേറുന്ന ഈ മാമാങ്കം എന്തുകൊണ്ടും പുതുമയുള്ളതാണ്. കുടുംബസമേതം എത്തുന്നവര്‍ക്ക് ആസ്വദിക്കാനുള്ള എല്ലാ വിഭവങ്ങളും കണ്‍വന്‍ഷനില്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം, മെക്‌സിക്കോയില്‍ ഒരു മലയാളി സംഘടന രൂപീകരിക്കാനുള്ള സാധ്യതകളും കാണുന്നുണ്ട്. ഈ കണ്‍വന്‍ഷനിലൂടെ കാന്‍കൂണിലും പരിസരത്തുമുള്ള മലയാളികള്‍ ഒരു സംഘടനാ സംവിധാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഫോമായുടെ തുടക്കം മുതലുള്ള സജീവപ്രവര്‍ത്തകനായ ജോയി എന്‍ സാമുവേല്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ജോയ് എന്‍ സാമുവലിനൊപ്പം സംഘാടനമികവുകൊണ്ടും കഠിനാധ്വാനം കൊണ്ടും കഴിവു തെളിയിച്ച സജന്‍ മൂലപ്ലാക്കല്‍ കോ-ചെയര്‍മാനായും നേതൃത്വം കൊടുക്കുന്ന കമ്മറ്റിയില്‍ പ്രതിഭാധനരായ ബൈജു വര്‍ഗീസ്, (കോ-ഓര്‍ഡിനേറ്റര്‍), സുനിത പിള്ള, സിമി സൈമണ്‍ എന്നിവര്‍ അംഗങ്ങളാണ്.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) പ്രസിഡന്റായിരുന്ന ഇദ്ദേഹം ഹൂസ്റ്റണില്‍ വച്ചു നടന്ന ഫോമായുടെ ആദ്യ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായിരുന്നു. എങ്കിലും ആ സ്ഥാനത്തിരുന്നുകൊണ്ട് കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാ തലങ്ങളിലും പ്രവര്‍ത്തിച്ച് ഓള്‍ ഇന്‍ ഓള്‍ ആയി.

ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂര്‍ ചേരിയില്‍ നാടാവള്ളില്‍ സാമുവല്‍ സാര്‍-അമ്മിണി ദമ്പതികളുടെ മകനായ ജോയ് എന്‍ സാമുവല്‍ ഇലക്‌ട്രോണിക് എഞ്ചിനീയറായാണ് അമേരിക്കയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇപ്പോള്‍ സ്റ്റാഫോര്‍ഡിലുള്ള പ്രോംപ്റ്റ് റിയല്‍റ്റി ആന്‍ഡ് മോര്‍ട്ട്‌ഗേജ് കമ്പനിയില്‍ റിയല്‍റ്ററായി പ്രവര്‍ത്തിക്കുന്നു.
വി.എ ഹോസ്പിറ്റലിലെ ആര്‍.എന്‍ ആയ സാലിയാണ് ഭാര്യ. ജെസ്റ്റിന്‍, ജെഫിന്‍, ക്രിസ്റ്റല്‍ എന്നിവര്‍ മക്കള്‍. ജെസ്റ്റിന്റെ ഭാര്യ ലിഡ എബ്രഹാം. ലിവായി, ലൂക്ക എന്നിവര്‍ കൊച്ചുമക്കള്‍.