എ.എസ് ശ്രീകുമാര്‍
കാന്‍കൂണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ നേര്‍സാക്ഷ്യമായ ഫോമായുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തുന്ന ഏഴാമത് ഫാമിലി ഗ്ലോബല്‍ കണ്‍വന്‍ഷന് മെക്‌സിക്കോയിലെ കാന്‍കൂണില്‍ യവനിക ഉയരാന്‍ ഉയരാന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം.
അതിഥികളും ആതിഥേയരുമെല്ലാം എത്തിത്തുടങ്ങി. മൂണ്‍ പാലസ് റിസോര്‍ട്ടിലെ വിസ്മയ വേദികള്‍ മലയാളി മാമാങ്കത്തില്‍ സജീവമാകുമ്പോള്‍ കേരളത്തിലെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരി, മലയാളത്തിന് ഒരു പിടി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സര്‍ഗധനനായ സംവിധായകന്‍ കെ മധു എന്നിവര്‍ കണ്‍വന്‍ഷന് പൊലിമയേകാനുണ്ടാവും.

ടോമിന്‍ ജെ തച്ചങ്കരിയുടെ ജോലികള്‍ എന്നും സംഗീതാത്മകമാണ്. കെ.എസ്.ആര്‍.ടി.സിയുടെ മാനേജിങ് ഡയറക്ടറായി തച്ചങ്കരി ചുമതലയേറ്റത് തബലയില്‍ താളമിട്ടുകൊണ്ടായിരുന്നു. പാട്ടും സംഗീതവും ടോമിന്‍ തച്ചങ്കരിയുടെ ജീവനാണ്. പാടി കൊതിതീരാത്തതും കേട്ട് മതിവരാത്തതുമായ ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ പേരും പെരുമയും നേടിയ ടോമിന്‍ ജെ തച്ചങ്കരി കണിശതയുള്ള പോലീസ് ഉദ്യോഗസ്ഥനും കഴിവുറ്റ കലാകാരനുമാണ്.
വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഗായകനും സംഗീത സംവിധായകനുമാണ്. ടോമിന്‍ തച്ചങ്കരി. അദ്ദേഹം ചിട്ടപ്പെടുത്തിയ രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ.., കാല്‍വരിക്കുന്നിലെ കാരുണ്യമേ.., ഇസ്രയേലിന്‍ നാഥനായി വാഴും… തുടങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്.
1993-1996 കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒട്ടുമിക്ക ക്രിസ്തീയ ഗാനങ്ങളും ടോമിന്‍ തച്ചങ്കരിയുടെ സംഭാവനകളാണ്. 1995, 96 കാലത്ത് പത്തോളം സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ള പ്രതിഭാധനനാണ് ടോമിന്‍ തച്ചങ്കരി. കളമശേരിയില്‍ കല്യാണയോഗം, മാന്ത്രികക്കുതിര, സ്ട്രീറ്റ് ബോക്സര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ കലയന്താനി സ്വദേസിയായ ടോമിന്‍, എക്സൈസ് ഇന്‍സ്പെക്ടറായിരുന്ന ജോസഫ് തോമസിന്റേയും പ്രഥമാധ്യാപിയായിരുന്ന തങ്കമ്മയുടേയും അഞ്ചു മക്കളില്‍ നാലാമനാണ്. സിവില്‍ സര്‍വീസ് പരീക്ഷ പാസായതിനു ശേഷം ഐ.പി.എസ് തിരഞ്ഞെടുത്തു. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിന്‍ തച്ചങ്കരി 2020 സെപ്റ്റംബര്‍ ഒന്ന് മുതല്‍ (എക്സ് കേഡര്‍) ഡി.ജി.പിയാണ്.
കെ.എഫ്.സി. സി.എം.ഡി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഫയര്‍ഫോഴ്സ് മേധാവി, കെ.എസ്.ആര്‍.ടി.സി. എം.ഡി, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അകാലത്തില്‍ വിട ചൊല്ലിയ അനിതയാണ് ഭാര്യ. മേഘ ഗൗതം, കാവ്യ ക്രിസ്റ്റഫര്‍ എന്നിവര്‍ മക്കള്‍.
മിഴിവും തികവുമുള്ള സംവിധായകനാണ് കെ മധു. മലയാള സിനിമയുടെ ആകാശത്ത് നക്ഷത്ര ശോഭയോടെ തിളങ്ങി നില്‍ക്കുന്ന ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ഒരൊറ്റ ചിത്രം മതി കെ മധുവിന്റെ പ്രതിഭയുടെ ആഴമളക്കാന്‍. ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടമാണ് കൂടി സി.ബി.ഐ. ഡയറിക്കുറിപ്പ് പരമ്പര സ്വന്തമാക്കിയത്.
ഒരു സി.ബി.ഐ ഡയറിക്കുറിപ്പും മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായ സി.ബി.ഐ ഓഫീസര്‍ സേതുരാമയ്യരെ വച്ച് കെ മധു തുടര്‍ച്ചയായി അഞ്ച് സിനിമകള്‍ എടുത്താണ് അഭ്രപാളിയില്‍ അത്ഭുതം കാട്ടിയത്. 1986-ല്‍ സംവിധാനം ചെയ്ത മലരും കിളിയും ആണ് കെ മധുവിന്റെ ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ട്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ക്രൈം ഫയല്‍, നാദിയ കൊല്ലപ്പെട്ട രാത്രി, മൂന്നാംമുറ, ചതുരംഗം ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ മലയാളികളുടെ ആശ്രയവും, പ്രതീക്ഷയുമായ ഫോമായുടെ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തത്തിലും പരിപാടികളുടെ മികവിലും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവര്‍ പറഞ്ഞു.
സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ചാം തീയതി വരെ നടക്കുന്ന ഈ മലയാളി മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവര്‍ അറിയിച്ചു.