ഹവായിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മൗയി പട്ടണത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. 36 പേര് കൊല്ലപ്പെടുകയും ,വീടുകളിൽ നിന്ന് ആയിരക്കണക്കിന് നിവാസികൾ രക്ഷപെടുകയും ചെയ്തു.
തീപിടുത്തത്തിൽ തിരക്കേറിയിരുന്ന തെരുവുകളിൽ കത്തിനശിച്ച കാറുകളും പുകയുന്ന അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളും മാത്രമാണ് കാണാനുള്ളതെന്ന് മാധ്യമങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1700-കളിലെ പഴക്കമുള്ളതും ചരിത്രപരമായ കെട്ടിടങ്ങൾ നിലനിന്നിരുന്ന പട്ടണമായ ലഹൈന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലവുമായിരുന്നു. ബുധനാഴ്ച ദ്വീപിലെ പല സ്ഥലങ്ങളിലും ജീവനക്കാർ തീയണയ്ക്കാന്‍ പാടുപെട്ടു.
ബുധനാഴ്‌ച വൈകി മൗയി കൗണ്ടിയിൽ നിന്നുള്ള പ്രസ്താവന പ്രകാരം കുറഞ്ഞത് 36 പേരെങ്കിലും മരിച്ചിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 271 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്‌തതായും ആളുകൾക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഡോറ ചുഴലിക്കാറ്റിൽ നിന്ന് തെക്കോട്ട് നീങ്ങിയ ശക്തമായ കാറ്റാണ് തീ പടരാനുണ്ടായ കാരണം. ഈ വേനൽക്കാലത്ത് ലോകമെമ്പാടുമുള്ള അതികഠിനമായ കാലാവസ്ഥ മൂലമുണ്ടായ ദുരന്തങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇവിടെ സംഭവിച്ചത്. കാലാവസ്ഥാ വ്യതിയാനം ഇത്തരം സംഭവങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.മൗയിയിൽ കാറ്റിന് അൽപ്പം ശമനമുണ്ടായതിനാൽ, ചില വിമാനങ്ങൾ ബുധനാഴ്ച പുനരാരംഭിച്ചിട്ടുണ്ട്.വിനോദസഞ്ചാരികൾ ഒരിക്കൽ ഷോപ്പിംഗിനും ഭക്ഷണം കഴിക്കാനും ഒത്തുകൂടിയിരുന്ന, കടൽത്തീരത്തോട് ചേർന്ന ഈ പട്ടണത്തില്‍ ഇപ്പോള്‍ പുക കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുന്നു, തുറമുഖത്തെ ബോട്ടുകൾ കരിഞ്ഞു, കരിഞ്ഞ മരങ്ങള്‍ ഇലകളില്ലാത്ത അസ്ഥികൂടങ്ങൾ പോലെ നില്‍ക്കുന്നു.
ഹവായിയിലെ തീപിടുത്തങ്ങൾ യുഎസ് വെസ്റ്റില്‍ കാണാറുള്ള തീപിടുത്തത്തില്‍ നിന്ന് വ്യത്യസ്തമാണ്. ദ്വീപുകളുടെ വരണ്ട വശങ്ങളിലെ വലിയ പുൽമേടുകളിൽ അഗ്നി പൊട്ടിപ്പുറപ്പെടാറുണ്ട്, പൊതുവെ മെയിൻ ലാൻഡ് തീയെക്കാൾ വളരെ ചെറുതാണ്. 2021-ൽ ഈ ഐലൻഡിലുണ്ടായ ഒരു വലിയ തീപിടിത്തത്തിൽ വീടുകൾ കത്തിനശിക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു.