Sunday, September 24, 2023

HomeAmericaചിക്കാഗോ സെന്‍റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ദര്‍ശനത്തിരുന്നാളിന്‌ കൊടിയേറി

ചിക്കാഗോ സെന്‍റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ദര്‍ശനത്തിരുന്നാളിന്‌ കൊടിയേറി

spot_img
spot_img

സ്റ്റീഫന്‍ ചൊള്ളമ്പേല്‍

മോര്‍ട്ടന്‍ ഗ്രോവ്: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ പ്രധാന തിരുനാള്‍ ഓഗസ്റ്റ് 13 മുതല്‍ 21 വരെ നടത്തപ്പെടുന്നു. ഓഗസ്റ്റ് 13-ന് ഞായറാഴ്ച രാവിലെ 10-ന് അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. മോണ്‍. ഷോബി ചെട്ടിയാത്ത് അന്നേദിവസം വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികനായിരുന്നു. മോണ്‍. തോമസ് കടുകപ്പള്ളി വചന സന്ദേശം നല്‍കുകയും ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ കൊടിയേറ്റം നടത്തുകയും ചെയ്തു. തുടര്‍ന്ന് വനിതകളുടെ നേതൃത്വത്തില്‍ ക്രിസ്തീയ ആശയ ശൈലിയില്‍ ചിട്ടപ്പെടുത്തിയ മെഗാ തിരുവാതിരകളി അരങ്ങേറി.

ആഗസ്റ്റ് 14 തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകിട്ട് 6.30-ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഫാ. സനില്‍ മയില്‍കുന്നേല്‍ നയിക്കുന്ന മരിയന്‍ പ്രഭാഷണവും നൊവേനയും ഉണ്ടായിരിക്കും. ഓഗസ്റ്റ് 18-ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്കും വചനപ്രഘോഷണത്തിനും ഫാ. ജെഗന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടത്തുന്ന കലാമേളയില്‍ ക്നാനായ കുടിയേറ്റം ബാലെ അരങ്ങേറും. ഓഗസ്റ്റ് 19-ന് ശനിയാഴ്ച വൈകുന്നേരം 5.30-ന് ഫാ. അബ്രാഹം മുത്തോലത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നൊവേനയും നടത്തപ്പെടും. തുടര്‍ന്ന് കപ്ലോന്‍ വാഴ്ചയും മെഗാ മാര്‍ഗംകളിയും. മരിയന്‍ ദര്‍ശന കലാ ആവിഷ്കാരവും പാരിഷ് ഹാളില്‍വെച്ച് നടത്തപ്പെടും.

പള്ളിയിലെ പ്രധാന തിരുനാള്‍ ദിനമായ ഓഗസ്റ്റ് 20-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. സജി പിണര്‍ക്കയിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ റാസ നടത്തപ്പെടും. ഫാ. ജെമി പുതുശ്ശേരില്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. സോജന്‍ ജോസഫ്, ഫാ. ലിജോ കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും ലേലവും സ്നേഹവിരുന്നും നടത്തപ്പെടും.

തിരുനാള്‍ ആഘോഷങ്ങളുടെ സമാപന ദിനമായ ഓഗസ്റ്റ് 21-ന് തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സെമിത്തേരി സന്ദര്‍ശനവും തുടര്‍ന്ന് മരിച്ച വിശ്വാസികള്‍ക്ക് വേണ്ടിയുള്ള വി. കുര്‍ബാനയും കൊടിയിറക്കവും നടത്തപ്പെടും. ഇടവകയിലെ എല്ലാ വനിതകളും ഒത്തുചേര്‍ന്ന് തിരുനാള്‍ പ്രസുദേന്തിമാരാകുന്നത് ഈ വര്‍ഷത്തെ തിരുനാളാഘോഷങ്ങളുടെ പ്രത്യേകതയാണ്. പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും വിവിധ തിരുനാള്‍ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ക്ക് വേണ്ട നേതൃത്വം നല്‍കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments