Wednesday, October 4, 2023

HomeAmericaഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂക്കളങ്ങളുമായി ചിക്കാഗോ ഗീതാമണ്ഡലം അതി വിപുലമായി ഓണം ആഘോഷിച്ചു

ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂക്കളങ്ങളുമായി ചിക്കാഗോ ഗീതാമണ്ഡലം അതി വിപുലമായി ഓണം ആഘോഷിച്ചു

spot_img
spot_img

ഗൃഹാതുരത്വം ഉണര്‍ത്തുന്ന തിരുവോണ ഓര്‍മ്മകളുടെ മധുരസ്മരണ ഉണർത്തി വീണ്ടും ഗീതാമണ്ഡലം. പൂവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ, പൂക്കളങ്ങളാല്‍ അലംകൃതമായ തറവാട്ട് മുറ്റത്ത് തിരുവോണം ആഘോഷിച്ചു. കുളിച്ച്‌ കുറിയിട്ട്‌ കണ്ണെഴുതി കോടിയുടുത്തൊരുങ്ങിയ കുടുംബാംഗങ്ങൾ, സദ്യയില്‍, വസ്ത്രധാരണരീതീയില്‍, ആത്മീയ പരിവേഷത്തില്‍, പരിശുദ്ധിയില്‍ ഇങ്ങനെ എല്ലാത്തിലും കേരളത്തനിമ നിലനിര്‍ത്തിയ അന്തരീക്ഷത്തിൽ ഇത്തവണ തറവാട്ട് മുറ്റത്ത് നൂറുകണക്കിന് കുടുംബാംഗങ്ങൾ ഒരുമിച്ച് ആണ് തിരുവോണം ആഘോഷിച്ചത്.

മഹാഗണപതി പൂജകളോടെയാണ് ഈ വർഷത്തെ ഗീതാമണ്ഡലം തിരുവോണ ആഘോഷങ്ങൾ ആരംഭിച്ചത്. പ്രധാന പുരോഹിതൻ ആചാര്യ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിലിൻറെയും, ബ്രഹ്മശ്രീ ശ്രീ രാധാകൃഷ്‌ണൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും അഷ്ടോത്തര അർച്ചനയും നൈവേദ്യ സമർപ്പണത്തിനും ശേഷം നാരായണീയ പാരായണവും നടത്തി. തുടർന്ന് രാവിലെ കൃത്യം പത്ത് മണിക്ക് ബ്രഹ്മശ്രീ ശ്രീ രാധാകൃഷ്‌ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആർപ്പുവിളികളോടെയും വാദ്യഘോഷങ്ങളോടെയും, പുഷ്‌പാഭിഷേകത്തോടെയും ഗീതാമണ്ഡലം തറവാട്ടിലേക്ക് ആനയിച്ചു കൊണ്ടു വന്ന വാമനമൂർത്തിയെ, തറവാട്ട് ക്ഷേത്രാങ്കണത്തിൽ പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ ഷഡോപചാര പൂജകളാൽ ഭഗവാനെ സ്വീകരിച്ചു. തുടർന്ന് മലയാളികൾക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ കഴിയുന്ന അതിമനോഹരമായ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.

എല്ലാവർഷത്തെ പോലെ ഈ വർഷവും അതിമനോഹരമായ പൂക്കളം ആണ് ഗീതാമണ്ഡലം അങ്കണത്തിൽ ഒരുക്കിയിരുന്നത്. ഈ വർഷം വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണൻറെ പൂക്കളം ആണ് തീർത്തത്. പൂജകൾക്ക് ശേഷം ലക്ഷ്മി-പാർവ്വതിമാരുടെ നേതൃത്വത്തിൽ ക്ഷേത്ര തിരുമുറ്റത്ത് 75 മലയാളി മങ്കമാർ, പ്രത്യേകമായി നാട്ടിൽ നെയ്ത് എടുത്ത ഓണപുടവയുടുത്ത് അവതരിപ്പിച്ച തിരുവാതിരകളി ഒരിക്കലും മറക്കാത്ത ഒരു അനുഭൂതി കാണികൾക്ക് പകർന്നു നൽകി.

തുടർന്ന് ഗീതാമണ്ഡലത്തിലെ യുവാക്കളും യുവതികളും ചേർന്ന് അവതരിപ്പിച്ച ബ്രോ ഡാൻസും, സിസ് ഡാൻസും, തുടർന്ന് കുട്ടികളും മുതിർന്നവരുമായ കുടുംബാംഗങ്ങൾ ഒരുക്കിയ മനോഹരമായ ഗാനങ്ങളും ,അഭിനന്ദയുടെ വയലിൻ കച്ചേരിയും സദസ്സിന് കണ്ണിനും കാതിനും നവ്യാനുഭൂതി പകർന്നു നൽകി. ഈ വർഷം കുട്ടികൾക്കായി തിരുമുറ്റത്ത് ഒരുക്കിയിരുന്ന ഓണക്കളികളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഷഡ് രസ പ്രധാനമായ ഓണസദ്യയാണ് ഗീതാമണ്ഡലം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഒരുക്കിയിരുന്നത്. എല്ലാവര്ക്കും തന്നെ നാട്ടിൽ നിന്നും വന്ന ശേഷമുള്ള ഈ ഓണസദ്യ പഴമയിലേക്കുള്ള തിരിച്ചു പോക്കായിരുന്നു.

ഈ വർഷം, ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്നും സഹായം നൽകി പ്രവർത്തിക്കുന്ന ചിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായി ശ്രീ മോനു വർഗ്ഗീസിനെയും, പ്രശസ്ത പത്ര പ്രവർത്തകനായ ഏഷ്യാനെറ്റിന്റെ ശ്രീ അലൻ ജോർജിനെയും, സ്‌കോക്കി കോൺസുമെർ അഫയേഴ്‌സ് ചെയർമാൻ ആയി തിരഞ്ഞെടുത്ത ശ്രീ ബിജു കൃഷ്ണനെയും പൊന്നാട അണിയിച്ച് ഗീതാമണ്ഡലം പ്രസിഡണ്ട് ശ്രീ ജയ് ചന്ദ്രൻ ആദരിച്ചു. ഓണമെന്നാൽ കേവലം ചില ആഹ്ലാദദിനങ്ങളല്ല മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോൾ മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്‍ഷിക്കപ്പെടൂ എന്ന് ശ്രീ ജയചന്ദ്രൻ തന്റെ ഓണസന്ദേശത്തിൽ അറിയിച്ചു.

ഈ വർഷത്തെ ഓണം, ജീവിതത്തിൽ തന്നെ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒത്തിരി സുന്ദരമായ ഓർമ്മകൾ പകർന്നു നൽകിയത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഹൃദയം നിറഞ്ഞ സഹകരണവും, ഗീതാമണ്ഡലം പ്രവർത്തകരുടെ നിസ്വാർത്ഥമായ പ്രവർത്തന മികവു കൊണ്ടാണ് എന്ന് ശ്രീ പ്രജീഷ് അഭിപ്രായപ്പെട്ടു.

ഓണാഘോഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും, ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിലിനും, ബ്രഹ്മശ്രീ ശ്രീ രാധാകൃഷ്‌ണൻ നമ്പൂതിരിക്കും, ശ്രീ ആനന്ദ് പ്രഭാകറിനും, കലാ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീമതി ലതിക, തിരുവാതിരക്കും ഡാൻസിനും നേതൃത്വം നൽകിയ ലക്ഷ്മി-പാർവ്വതിമാർക്കും ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങൾക്കും, ഏഷ്യാനെറ്റിനും തഥവസരത്തിൽ ശ്രീ ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു. 21 ഐറ്റംസ് വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി ഈ വർഷത്തെ ഷിക്കാഗോ ഗീതാ മണ്ഡലത്തിന്റെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയായി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments