പുന്റാ കാന: ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങിയ ടീം യുണൈറ്റഡിനെ അമേരിക്കന്‍ മലയാളികള്‍ പൂര്‍ണമായി സ്വീകരിച്ചപ്പോള്‍ മിന്നും വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നു ഫോമാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വിജയിച്ച ബേബി മണക്കുന്നേല്‍. ഒറ്റക്കെട്ടായി മത്സരിച്ചപ്പോള്‍ അത് വിജയമായി മാറി.
കൈവെച്ച മേഖലകളിലെല്ലാം മിന്നും വിജയം സ്വന്തമാക്കിയ ബേബി മണക്കുന്നേലിനു ഫോമ പ്രസിഡന്റ് സ്ഥാനത്തേയക്കുള്ള വിജയത്തില്‍ മാധുര്യമേറെയാണ്. മികച്ച ഭൂരിപക്ഷം ലഭിച്ചു എന്നത് യാതാര്‍ഥ്യമാണെന്നും എന്നാല്‍ പരാജയപ്പെട്ടവരെ ഒരിക്കലും അവഗണിക്കില്ല. അവരേയും ചേര്‍ത്തു നിര്‍ത്തി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫോമയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കാനാവുകുള്ളെന്നും നിയുക്ത പ്രസിഡന്റ് വ്യക്തമാക്കി. കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 വീടുകള്‍ നിര്‍മിച്ചു നല്കുമെന്നു നിലവിലെ ഭരണസമിതി തീരുമാനിച്ചിരുന്നു. അത് നടപ്പിലാക്കുന്നതോടൊപ്പം കൂടുതല്‍ വീടുവച്ച് നല്‍കുന്ന കാര്യവും പരിഗണിക്കും.
ഫോമയെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ അമേരിക്കന്‍ മലയാളി സമൂഹം ഒരുമയോടെ പ്രവര്‍ത്തിക്കണം. കൂടുതല്‍ അംഗ സംഘടനകളെ ഒരു വര്‍ഷത്തിനുള്ളില്‍ ഫോമായിലേക്കു കൊണ്ട് വരും. അടുത്ത കണ്‍വന്‍ഷന്‍ നടക്കുമ്പോഴേക്ക് നൂറിനോടടുത്ത അംഗസംഘടനകള്‍ ഫോമായിലുണ്ടാവും. റീജിയന്‍ എണ്ണം 12 എന്നതും കൂട്ടാന്‍ കഴിയുമെന്ന് കരുതുന്നു.
പിറവം സ്വദേശിയും കൊമേഴ്സില്‍ മാസ്റ്റേഴ്സ് ബിരുദധാരിയുമായ ബേബി മണക്കുന്നേല്‍ വ്യത്യസ്തങ്ങളായ കര്‍മ രംഗങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചതാണ്. ഇപ്പോള്‍ ബിസിനസ് രംഗത്ത് നേട്ടങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. അധ്യാപകനായി ഒരു ദശാബ്ദത്തോളം പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി സെക്രട്ടറി എന്നിങ്ങനെ. കൂടാതെ എണ്‍പതുകളുടെ അവസാനം യുവാവ് ആയിരിക്കെ പഞ്ചായത്ത് മെമ്പറും കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗവുമായി. തലയോലപ്പറമ്പ് ഡി.ബി കോളജ് പൂര്‍വ വിദ്യാര്‍ഥിയായ ബേബി മണക്കുന്നേല്‍ 1991-ല്‍ അമേരിക്കയിലെത്തി. ഒരു ദശാബ്ദം പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലി ചെയ്ത ശേഷമാണ് ബിസിനസ് രംഗത്തേക്ക് വരുന്നത്. വൈകാതെ തന്നെ സംഘടനാ രംഗത്തും പ്രവര്‍ത്തനം ആരംഭിച്ചു.
1997- 98വര്‍ഷം ഹ്യൂസ്റ്റണ്‍ ക്നാനായ കാത്തലിക്ക് കമ്മിറ്റി (എച്ച്.കെ.സി.സി) പ്രസിഡന്റായി. രണ്ടു തവണ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) പ്രസിഡന്റായി. അവിഭക്ത ഫൊക്കാനയില്‍ പ്രവര്‍ത്തനമാരംഭിച്ച ബേബി ഫോമ രൂപീകൃതമായതുമുതല്‍ അതില്‍ സജീവമാണ്. ഹൂസ്റ്റണില്‍ നടന്ന ആദ്യ കണ്‍വന്‍ഷന്റെ ചെയര്‍മാനായിരുന്നു. പിന്നീട് രണ്ടുവട്ടം ആര്‍.വി.പിയായി. സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും രണ്ടു ടേം പ്രവര്‍ത്തിച്ചു. ഇതിനു പുറമെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി. ഇപ്പോള്‍ ഒ.ഐ.സി.സിയുടെ പ്രസിഡന്റ്.
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) പ്രസിഡന്റ് എന്ന നിലയില്‍ 4500 പേര്‍ പങ്കെടുത്ത കണ്‍വന്‍ഷന് നേതൃത്വം നല്‍കിയ പാരമ്പര്യവുമായാണ് ബേബി മണക്കുന്നേല്‍ ഫോമ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. സംഘടനാ രംഗത്ത് പരിചയസമ്പന്നന്‍ എന്നര്‍ത്ഥം. അതിനാല്‍ തന്നെ കൃത്യമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തന രൂപരേഖയും തയ്യാറാക്കിയാണ് മത്സര രംഗത്ത് എത്തിയത്.