സൈമൺ വളാച്ചേരിൽ
പുൻ്റകാന: കരീബിയൻ പൂരമായി അമേരിക്കൻ മലയാളികൾ ഹൃദയത്തിലേറ്റിയ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് രാജ്യാന്തര കൺവൻഷന് തിരശ്ശീല വീണു. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടിയ കൺവൻഷൻ പരിപാടികളിലും വ്യത്യസ്തത പുലർത്തി.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് ഓൾ ഇൻക്ലൂസീവ് ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിലാണ് കൺവൻഷൻ അരങ്ങേറിയത്.
കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. അമേരിക്കൻ മലയാളികളുടെ ഒത്തൊരുമയെ അദ്ദേഹം പ്രശംസിച്ചു. മോൻസ് ജോസഫ് എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവരും മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.

ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യ ഇലക്ഷൻ കമ്മീഷണർ ബേബി ഊരാളിൽ, മാത്യു ചെരുവിൽ, അനു സ്‌കറിയ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിന് നേത്യത്വം നൽകി.

ഫോമയുടെ അടുത്ത രാജ്യാന്തര കൺവൻഷൻ ഹൂസ്റ്റണിൽ വെച്ച് നടത്തം എന്ന തീരുമാനം പുതിയ പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. തന്റെ ടീമിന് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.


മുൻ പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നൽകി. ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ബന്നി വാച്ചാച്ചിറ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജസ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവർ സംസാരിച്ചു.

വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച സമാപന ചടങ്ങിൽ ലക്ഷ്‌മി നായരുടെ ഗാനപരിപാടിയും, നടൻ ടിനി ടോമിൻ്റെ ഹാസ്യ പരിപാടിയും ഏറെ ശ്രദ്ധ നേടി. രാത്രി ഏറെ വൈകിയും വൻ ജന പങ്കാളിത്തമാണ് പരിപാടിക്ക് ഉണ്ടായത് എന്നത് അതിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.

ഫോമായുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൺവൻഷനായി എട്ടാമത് രാജ്യാന്തര കൺവൻഷാൻ മാറി . സംഘാടനമികവ് കൊണ്ടും ആഘോഷങ്ങൾ കൊണ്ടും ഏറെ പ്രത്യേകതകളാണ് കൺവൻഷനിൽ ഒരങ്ങിയത്. വിശിഷ്ഠാതിഥികളുടെ സാന്നിധ്യവും പരിപാടികളുടെ വ്യത്യസ്തതയും പുന്റാകാനയിലെ മലയാളി മാമാങ്കത്തെ ഏറെ ശ്രദ്ധേയമാക്കി.







