ഹ്യൂസ്റ്റണ്‍: തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (ടാഗ്) നേതൃത്വത്തില്‍ നടന്ന ഓണാഘോഷം വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് ജയന്‍ അരവിന്ദാക്ഷന്‍ ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ് എം. കാക്കനാട്, ശശിധരന്‍ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.
തൃശൂരും സമീപപ്രദേശങ്ങളിലുമുള്ള ഹ്യൂസ്റ്റണിലുള്ള മലയാളികളുടെ കൂട്ടായ്മയാണ് ടാഗ്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംഘടന വരും ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും കോവിഡ് മഹാമാരിയില്‍ വേദന അനുഭവിക്കുന്ന മലയാളികളെ സഹായിക്കാന്‍ മുന്‍കൈയെടുക്കുമെന്നും തീരുമാനിച്ചു.
മഹാമാരിയുടെ നടുവിലും ഓണാഘോഷത്തിന്റെ ഒത്തൊരുമയ്ക്ക് മുന്‍കൈയെടുത്ത സംഘടനയെ ആഴ്ചവട്ടം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും മുഖ്യാതിഥിയുമായ ഡോ. ജോര്‍ജ് എം. കാക്കനാട് അഭിനന്ദിച്ചു.
കോവിഡ് എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായി മാത്രമല്ല, മാനസികമായി വരെ എല്ലാ തരത്തിലും ഈ പകര്‍ച്ചവ്യാധി പലരെയും ബാധിച്ചു കഴിഞ്ഞു. അത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് കൈത്താങ്ങി നില്‍ക്കാന്‍ സംഘടനയ്ക്ക് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിനെ തോല്‍പ്പിക്കാനായില്ലെങ്കിലും അതിനോടൊപ്പം ജീവിച്ച് അത് ഉയര്‍ത്തുന്ന പ്രതിസന്ധികളെ മറികടക്കാന്‍ നമുക്ക് ആവണമെന്നും എല്ലാ തലത്തിലും വൈഷമ്യം നേരിടുന്നവരെ സഹായിക്കാനുള്ള സന്മനസ്സ് കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും വലിയൊരു ചങ്ങലക്കണ്ണിയൊരുക്കുന്ന ഓണത്തിന്റെ മഹത്വം വിളിച്ചോതുന്ന വിധത്തില്‍ വര്‍ണ്ണാഭമായി ചടങ്ങുകള്‍ ഒരുങ്ങാന്‍ കഴിഞ്ഞ തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (ടാഗ്) ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു.
എല്ലാവരെയും ഒന്നു പോലെ കാണാനുള്ള മനസ്സ് കാണിക്കുന്ന മലയാളിയെയാണ് ഓണാഘോഷത്തിലൂടെ നാം കാണുന്നതെന്ന് ആശംസ പ്രസംഗത്തില്‍ ശശിധരന്‍ നായര്‍ പറഞ്ഞു. കാണം വിറ്റും ഓണമുണ്ണെണ്ണമെന്ന പഴമക്കാരുടെ ചൊല്ലാണ് മഹാമാരി കാലത്ത് അന്വര്‍ത്ഥമാകുന്നത്. ഓണത്തിന്റെ നന്മയും വിശുദ്ധിയും നിലനില്‍ക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സെക്രട്ടറി ബൈജു അംബൂക്കന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ബിന്‍സോ, തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ ബോര്‍ഡ് അംഗങ്ങളായ ജോസ്, സണ്ണി, ലിന്റോ, സത്യ, ജെസി, ക്രിസ്റ്റി, റെജി, അന്‍സിയ, ജോഷി, റോബിന്‍ എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ബോര്‍ഡ് അംഗങ്ങളും സജീവമായി പരിപാടികളില്‍ പങ്കെടുത്തു. വിനു, ലിജി, അന്‍സിയ, ജയന്‍, ഹരി, ശ്യാം എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. നിരവധി മറ്റു പരിപാടികള്‍ക്ക് പുറമേ വിപുലമായ ഓണസദ്യയും ചടങ്ങിന് കൊഴുപ്പേകി.