ഹ്യൂസ്റ്റൺ: സൗത്ത് ഇന്ത്യൻ ബിസ്സിനെസ്സ് സമൂഹത്തിന്റെ ചടുല വളർച്ചക്ക് ഗതിവേഗം പകരുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കൊമേഴ്‌സ് 10 ആം വാർഷികം സുഹൃത്തുകളുടെ കൂട്ടായ്മയാകും. മുഖ്യാതിഥി ആയി എത്തുന്ന സംസ്ഥാന ജല വിഭവ മന്ത്രിക്ക് ഇതു സുഹൃത്തുക്കളുടെ ഒത്തു ചേരലിന്റെ വേദി ആകും.
നാട്ടിൽ പെയ്ത തീവ്ര മഴ സമർത്ഥമായി നേരിട്ടതിന്റെ ആത്മവിശ്വാസത്തിൽ ആണ് റോഷി അമേരിക്കയിൽ എത്തിയിരിക്കുന്നത്. ഡാം മാനേജ്‌മന്റ് എന്താണെന്ന് കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തത് റോഷി ആണ്.
2012 ന്റെ ആരംഭത്തിൽ ഒൻപത് യുവ ബിസിനെസ്സ് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ചതാണു സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് എന്ന പ്രസ്ഥാനം.
സ്വയം വളരുവാനും മറ്റുള്ളവരുടെ വളർച്ചക്ക് സഹായികളാകുവാനും കഴിയുക എന്ന പ്രഖ്യാപിത ലക്‌ഷ്യം മുന്നിൽ കണ്ട് തുടങ്ങി ആർക്കും അവഗണിക്കാനാവാത്ത പ്രസ്ഥാനമായി വളർന്നു. ചെറുതും വലുതുമായ സംരംഭങ്ങൾക്ക് നിലനിൽക്കുവാനും വളരുവാനുമുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചേംബർ ചെയ്തുവരുന്നത്.
ബിസ്സിനെസ്സ് രംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കൊമേഴ്‌സ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്ഷങ്ങളിലെ ചേംബറിന്റെ വിജയകരമായ പ്രവർത്തനങ്ങൾ ബിസിനസ്സ് താല്പര്യങ്ങൾക്കുപരിയായി സമൂഹത്തിന്റെ ആകമാന സുരക്ഷക്കും വളർച്ചക്കും സഹായമായി.
2017 ലെ ഹാർവി ചുഴലികാറ്റുമായി ബന്ധപ്പെട്ടുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങൾക്ക് ചേംബറിന്റെ നേതൃത്വത്തിൽ നടന്ന ദുരിത നിവാരണ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടിയതാണ്. ബിസിനസ്സ് താല്പര്യങ്ങൾക്കുപരിയായി സമൂഹത്തിൽ സുരക്ഷാ ബോധവൽകരുണത്തിനു സിറ്റി കൗണ്ടി പോലീസുമായി സഹകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ ചാമീരിന്റെ മറ്റൊരു നാഴികക്കല്ലാണ്. ജനപങ്കാളിത്തത്തോടെ അമേരിക്കൻ മലയാളി ബിസിനസ്സ് സംഭരംഭകരുടെ വിവിധ പ്രേശ്നങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനും സർവ്വതോൻമുഖമായ വികസന ലക്‌ഷ്യം വെച്ച് അവരെ കരുതരാക്കുന്നതിനും വേണ്ടി നിലകൊള്ളാനും ചാമീറിന് സാധിക്കുന്നുണ്ട്.
ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമാകുന്ന ചേംബർ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചക്ക് ആത്മവിശ്വാസം പകരുക എന്നതിലുപരി യുവ സംഭരംഭകരുടെ ഇടയിലും വനിതാസംഭരംഭകർക്കൊപ്പവും സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നവരുടെ ഇടയിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്നു.
10 )൦ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2022 സെപ്റ്റംബർ 11 )൦ തീയതി ഹ്യൂസ്റ്റണിലുള്ള GSH ഇവൻറ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ ബിസിനസ്സ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന 5 മണിക്കൂർ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബിസിനസ്സ് രംഗത്തെ പ്രമുഖരെ ആദരിക്കുന്ന ഹാൾ ഓഫ് ഫെയിം അവാർഡുകൾ വിതരണം ചെയ്യും.
ഡോ. ജോർജ് കാക്കനാട്ട്, പ്രസിഡന്റ് , ജോർജ് കൊളച്ചേരിൽ സെക്രട്ടറി, ഫിലിപ്പ് കൊച്ചുമ്മൻ, ഫിനാൻസ് ഡിറക്ടർ, ജിജു കുളങ്ങര എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടങ്ങിയ ചേമ്പറിന്റെ നേതൃത പ്രവർത്തങ്ങൾ ഇന്ന് 10 )൦ വർഷത്തിൽ അതിന്റെ ഉച്ചസ്ഥാവസ്ഥയിൽ നിൽക്കുന്നു. ജിജി ഓലിക്കന്റെ നേതൃത്വത്തിൽ ഡോ. ജോർജ് കാക്കനാട്ട് സെക്രട്ടറി, ജിജു കുളങ്ങര ഫിനാൻസ് ഡയറക്ടർ, ബേബി മണക്കുന്നേൽ എക്സിക്യൂട്ടീവ് ഡയറക്ടർ, സാം സുരേന്ദ്രൻ തുടങ്ങിയവർ ഇന്ന് ചേംബറിനെ നയിക്കുന്നു ഒപ്പം 30 ഡയറക്ടർ ബോർഡ് അംഗങ്ങളും.
ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഒരു അധ്യായം കൂടി ചേർത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം, മുതിർന്ന തലമുറയെ പുനരധിവസിപ്പിക്കാൻ ഉള്ള ഫെസിലിറ്റി. അതിന്റെ ആലോചനകൾ നടന്നുകൊണ്ടിരിക്കുന്നു.