Sunday, October 2, 2022

HomeAmericaപ്രവാസി ക്നാനായക്കാർക്ക് മാർ അങ്ങാടിയത്ത്‌ നല്കിയ പ്രശസ്ത സേവനത്തിന് ഷിക്കാഗോ ക്നാനായ ഫൊറോനായുടെ നന്ദിപ്രകാശനം

പ്രവാസി ക്നാനായക്കാർക്ക് മാർ അങ്ങാടിയത്ത്‌ നല്കിയ പ്രശസ്ത സേവനത്തിന് ഷിക്കാഗോ ക്നാനായ ഫൊറോനായുടെ നന്ദിപ്രകാശനം

spot_img
spot_img

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)

ഷിക്കാഗൊ: അമേരിക്കയിലെ ക്നാനായ കത്തോലിക്കർ ഉൾക്കൊള്ളുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാനായി 2001 മുതൽ സേവനം ചെയ്തശേഷം 2022 ഒക്ടോബർ 1നു വിരമിക്കുന്ന മാർ ജേക്കബ് അങ്ങാടിയത്ത്‌ പിതാവിന് ഷിക്കാഗോയിലെ സേക്രഡ് ഹാർട്ട് ഫൊറോനാ ഇടവക ഹൃദ്യമായ നന്ദിപ്രകാശിപ്പിച്ചു.

ആഗസ്റ്റ് നാലു ഞായറാഴ്ച രാവിലെ 9:45ന് ദൈവാലയ കവാടത്തിലെത്തിയ പിതാവിനെ ഫൊറോനാ വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് ഹാരാർപ്പണം നടത്തിയും കൈക്കാരൻ സാബു മുത്തോലം ബൊക്കെ നൽകിയും സ്വീകരിച്ചു. മുത്തുക്കുടകൾ, താലപ്പൊലി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ പിതാവിനെ ഇടവക ജനം ദൈവാലയത്തിലേക്ക് ഹാർദ്ദവമായി ആനയിച്ചു.

2006 സെപ്തംബറിൽ മാർ ജേക്കബ് അങ്ങാടിയത്ത്‌ പിതാവു സ്ഥാപിച്ചു വെഞ്ചരിച്ച ഷിക്കാഗോ സേക്രഡ് ഹാർട്ട് പള്ളിയാണ് പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയം. ഇടവകയുടെ പതിനാറാമതു വാർഷികം ഇടവകദിനമായി ആചരിക്കുന്നതോടൊപ്പം 1911ൽ ക്നാനായ കത്തോലിക്കർക്കു മാത്രമായി കോട്ടയം മിസം സ്ഥാപിച്ച വിശുദ്ധ പത്താം പിയൂസ് മാർപാപ്പായുടെ തിരുന്നാളും ഇതേദിനം ആഘോഷിച്ചു.

സഹകാർമ്മികർ, പ്രസുദേന്തിമാർ, പാരീഷ് കൌൺസിൽ അംഗങ്ങൾ, ദൈവാലയ ശുശ്രൂഷികൾ എന്നിവരോടു ചേർന്ന് പ്രദക്ഷിണമായി മദുബഹായിൽ പ്രവേശിച്ച പിതാവ് വിശുദ്ധ പത്താം പിയൂസിന്റെ തിരുസ്വരൂപത്തിൽ ധൂപാർപ്പണം നടത്തി പ്രാർത്ഥിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഏവർക്കും സ്വാഗതം ആശംസിച്ചശേഷം മാർ ജേക്കബ് അങ്ങാടിയാത്തുപിതാവിന്റെ മുഖ്യ കാർമ്മികത്വത്തിലും വികാരി ജനറാൽ മോൺ. തോമസ് മുളവനാൽ, ഫാ. ഏബഹാം മുത്തോലത്ത് എന്നിവരുടെ സഹകാർമ്മികത്വത്തിലും ദിവ്യബലി അർപ്പിച്ചു. കുർബാന മദ്ധ്യേ നടത്തിയ തിരുനാൾ സന്ദേശത്തിൽ വി. പത്താം പിയൂസ് മാർപാപ്പാ ക്നാനായ സമുദായത്തിനു സ്വന്തമായ രൂപത അനുവദിച്ചതിനെ അങ്ങാടിയാത്തു പിതാവ് നന്ദിപൂർവം അനുസ്മരിച്ചു. വിശുദ്ധ കുർബാനയ്ക്കു വി. പത്താം പിയൂസ് നല്കിയ പ്രാധാന്യം ഇന്ന് ഏറെ പ്രസക്തമാണെന്നും ദിവ്യകാരുണ്യ ഭക്തി അഭംഗുരം നിലനിർത്തണമെന്നും പിതാവ് ഓർമിപ്പിച്ചു.

ദിവ്യബലിയെ തുടർന്ന് മാർ ജേക്കബ് അങ്ങാടിയാത്തു പിതാവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പൊതു സമ്മേളനം നടത്തി. ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ ക്നാനായ വികാരി ജനറാളും റീജിയൺ ഡയറക്ടറുമായിരുന്ന ഫാ. ഏബ്രഹാം മുത്തോലത്ത് തന്റെ പ്രസംഗത്തിൽ മാർ ജേക്കബ് അങ്ങാടിയാത്തു പിതാവ് കഴിഞ്ഞ 21 വർഷം അമേരിക്കയിലെയും കാനഡായിലെയും പ്രവാസിക്നാനായക്കാർക്കു നല്കിയ സേവനത്തെ അനുസ്മരിച്ച് നന്ദി പ്രകാശിപ്പിച്ചു.

രൂപതയുടെ ആരംഭം മുതൽ അങ്ങാടിയാത്തു പിതാവ് ക്നനാനായക്കാർക്ക് വികാരി ജനറാളിനെ നല്കിയതും, 2006ൽ ക്നാനായ റീജിയൺ സ്ഥാപിച്ചതും, പ്രതിസന്ധികളെ അതിജീവിച്ച് പ്രഥമ പ്രവാസി ക്നാനായ ഇടവക 2006ൽ ഷിക്കാഗോയിൽ സ്ഥാപിച്ചതും, പിന്നീട് 15 ക്നാനായ ദൈവാലയങ്ങൾ, ഏഴു മിഷനുകൾ, അഞ്ചു ഫൊറോനാകൾ, നാലു കോൺ‌വെന്റുകൾ, വൈദിക വസതികൾ, ക്നാനായ സെമിത്തേരികൾ, വിവിധ പ്രായക്കാർക്ക് മിനിസ്ട്രികൾ, ഭക്തസംഘടനകൾ എന്നിവ സ്ഥാപിച്ച് അമേരിക്കയിലെ ക്നാനായക്കാരെ അജപാലനപരമായി വളർത്തിയതിനെ മുത്തോലത്തച്ചൻ പ്രത്യേകം അനുസ്മരിച്ചു. പ്രവാസി സീറോമലബാർ രൂപതകളിലെ പിന്നീടുണ്ടായ മെത്രാന്മാരും അങ്ങാടിയാത്തു പിതാവിന്റെ മാതൃകയാണു പിന്തുടർന്നുവരുന്നത്.

എല്ലാവർഷവും ഇടവകയിലെ അഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിനൊരുങ്ങുന്ന കുട്ടികളെ സന്ദർശിച്ചു പരിശീലനം നല്കൽ, പ്രധാന തിരുന്നാളിനും ദുഃഖവെള്ളിയാഴ്ചകളിലും കാർമ്മികത്വം വഹിക്കൽ എന്നിങ്ങനെ ഇടവകയുടെ പ്രധാനാവസരങ്ങളിലെല്ലാം അങ്ങാടിയാത്തു പിതാവ് ഇടവകസമൂഹത്തോടു പ്രദർശിപ്പിച്ചുവരുന്ന സ്നേഹബന്ധത്തെയും മുത്തോലത്തച്ചൻ നന്ദിയോടെ അനുസ്മരിച്ചു. തുടർന്ന് മുത്തോലത്തച്ചനും പ്രധാന കൈക്കാരനായ ജോർജ് ചക്കാലത്തൊട്ടിയും ചേർന്ന് പിതാവിനെ പൊന്നാട അണിയിച്ചു.

വികാരി ജനറാൾ മുളവനാലച്ചൻ, വിശുദ്ധവും, പ്രതികാര ചിന്തയില്ലാത്തതും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വ്യക്തിത്വമാണ് അങ്ങാടിയാത്തു പിതാവിനുള്ളതെന്ന് പങ്കുവെച്ചു. അഭിവന്ദ്യ പിതാവ് നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അജപാലനത്തിന് നൽകിയ സേവനങ്ങൾ മോൺ. തോമസ് മുളവനാൽ നന്ദിയോടെ അനുസ്മരിച്ചു.

ഇടവകജനത്തെ പ്രതിനിധാനം ചെയ്ത് ജെയ്‌മോൻ നന്ദികാട്ട് സംസാരിച്ചു. ക്നാനായക്കാരുടെ പ്രതിസന്ധി ഘട്ടത്തിൽ, മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയോടും, മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിനോടും ചേർന്ന് അങ്ങാടിയാത്തു പിതാവ് വത്തിക്കാനിൽ പോയി നടത്തിയ സ്തുത്യർഹ
സേവനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു.

ഭാഗ്യസ്മരണാർഹനായ ചാർസ് ലെവീഞ്ഞുമെത്രാൻ ക്നാനായ സമുദായത്തിനു നല്കിയതിനു സമാനസേവനമാണ് അങ്ങാടിയാത്തു പിതാവ് പ്രവാസി ക്നാനായജനതയ്ക്കു നല്കിയതെന്ന് ജെയ്മോൻ അനുസ്മരിച്ചു. പ്രവാസിക്നാനായക്കാരുടെ സഭാസംവിധാനത്തിന് ശക്തമായ അടിത്തറയിട്ട അങ്ങാടിയാത്തു പിതാവ് ക്നാനായസമുദായ ചരിത്രത്തിൽ അവിസ്മരണീയ അദ്ധ്യായമാണു തീർത്തിരിക്കുന്നതെന്നും അത് എക്കാലവും നിലനില്ക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

അങ്ങാടിയാത്തു പിതാവിന്റെ മറുപടി പ്രസംഗത്തിൽ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഇടവകാംഗങ്ങൾ തനിക്കുനല്കിയ സ്നേഹത്തിനും നന്ദിപ്രാശനത്തിനും കൃതജ്ഞത അർപ്പിച്ചു. നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തെ നയിക്കുവാൻ കഴിഞ്ഞ തന്റെ അനുഭവങ്ങൾ പിതാവ് പങ്കുവെച്ചു. രൂപതയുടെ ആരംഭം മുതൽ വികാരി ജനറാളെന്ന നിലയിൽ ക്നാനായ സഭാസംവിധാനം വടക്കേ അമേരിക്കയിൽ പടുത്തുയർത്തുന്നതിനു ഫാ. ഏബ്രഹാം മുത്തോലത്തു നല്കിയ ക്ലേശകരമായ സേവനത്തെ പിതാവ് പ്രത്യേകം അനുസ്മരിച്ചു.

തന്നോടൊത്ത് ക്നാനായ വികാരിജനറാളായി സേവനം ചെയ്യുന്ന ഫാ. തോമസ് മുളവനാലിന്റെ സേവനവും പ്രശംസനീയമാണെന്ന് പിതാവു പ്രസ്താവിച്ചു. ഇവരെ കൂടാതെ രൂപതയുടെയും ക്നാനായ റീജിയന്റെയും അജപാലന വളർച്ചക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച മറ്റു വൈദികരെയും സമുദായാംഗങ്ങളെയും പിതാവു നന്ദിയോടെ അനുസ്മരിച്ചു.

കൈക്കാരൻ ജോർജ് ചക്കാലത്തൊട്ടിയിൽ അങ്ങാടിയാത്തു പിതാവിനും വൈദികർക്കും മറ്റേവർക്കും നന്ദി പ്രകാശിപ്പിച്ചു. ബിനോയി കിഴക്കനടിയായിരുന്നു എം.സി. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നു.

മദർ സി. ജസ്സീന മണലേൽ, എക്സിക്കൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, സാബു മുത്തോലം, സണ്ണി മൂക്കേട്ട്, മാത്യു ഇടിയാലി, സുജ ഇത്തിത്തറ, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, ഡി. ആർ. ഇ. സക്കറിയ ചേലക്കൽ, വിമൻ മിനിസ്ട്രി കോർഡിനേറ്റർ ഷീബ മുത്തോലം, എന്നിവരാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കിയത്. ജെയ്‌മോൻ & ഷൈനി നന്തികാട്ട് കുടുംബമായിരുന്നു തിരുനാളിന്റെ പ്രസുദേന്തിമാർ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments