Saturday, September 24, 2022

HomeAmericaഓണപ്പൊലിമയും മായും പഴമക്കാഴ്ചകളും...

ഓണപ്പൊലിമയും മായും പഴമക്കാഴ്ചകളും…

spot_img
spot_img

സണ്ണി കല്ലൂപ്പാറ

പ്രവാസ ഭൂമിയിലെ ജീവിത വ്യാപാരങ്ങള്‍ക്കിടയില്‍ ഓണമുണ്ണാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. നാട്ടിലെ ആ പഴയ ഓണക്കാലത്തിന്റെ ഓര്‍മകള്‍ക്ക് ഇന്നും എന്തെന്നില്ലാത്ത ഹരിതാഭയുണ്ട്. അന്നത്തെ ഓണപ്പാട്ടും ഓണക്കളികളും ഓണസദ്യയും ഓണനിലാവുമെന്നും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. അത് നമ്മുടെ ചിരകാല സമ്പത്താണല്ലോ. സമൃദ്ധിയുടെയും ഒരുമയുടെയും നിറനന്‍മയുടെയും സന്ദേശമറിയിച്ചുകൊണ്ട് മറ്റൊരു ഓണക്കാലും കൂടി വന്നണയുകയാണ്. കര്‍മഭൂമിയിലാണെങ്കിലും പരമ്പരാഗതമായ ഉല്‍സമത്തിമിര്‍പ്പോടെ തന്നെ ഇക്കുറിയും നാം ഓണം ആഘോഷിക്കും.

വിദേശ മലയാളികളാണ് ഓണത്തെ ഹൃദയത്തിലേറ്റി ആഘോഷിക്കുന്നത് എന്നു പറഞ്ഞാല്‍ അസത്യമാവില്ല. അതാകട്ടെ ഗൃഹാതുര നൊമ്പരത്തില്‍ പൊതിഞ്ഞ ഒരു കൊണ്ടാടലുമാണ്. എന്നാല്‍ തലമുറകള്‍ ഓരോന്ന് കൊഴിഞ്ഞുപോകുന്തോറും ഓണത്തിന്റെ നിറം മങ്ങിപ്പോകുന്നുവെന്നത് സങ്കടമുള്ള കാര്യമാണ്. മലയാളികളുടെ ദേശീയോല്‍സവമായ ഓണത്തിന്റെ പുരാവൃത്തവും അഘോഷ ചരിത്രവും അല്‍പം പോലും ചോരാതെ പുതു തലമുറയിലേയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം കാലത്തിന്റെ വിസ്മതിയിലേയ്ക്കത് വീണുപോയേക്കാം.

ഓണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പഴമയും പുതുമയും തമ്മിലുള്ള താരതമ്യപ്പെടുത്തലാണ്. അരുതായ്കകള്‍ തിരുത്താനുള്ള സന്ദര്‍ഭമാണ്. സ്വയം വിമര്‍ശനത്തിനുള്ള സമയമാണ്. ഓരോ ഓണമെത്തുമ്പോഴും, പ്രജാക്ഷേമതത്പരനായ മഹാബലിയെന്ന ഭരണാധികാരിയുടെ കാലത്ത് നമുക്ക് ജീവിക്കാന്‍ പറ്റിയില്ലല്ലോ എന്ന് ഇച്ഛാഭംഗത്തോടെ ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല. മലയാളിയുടെ ചുണ്ടില്‍ കാലങ്ങളായി ഉയരുന്ന, ‘മാവേലി നാടുവാണിടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ…’ എന്ന ഓണപ്പാട്ടിലടങ്ങിയിട്ടുണ്ട് ആ കാലത്തിന്റെ അപൂര്‍വത.

അതേ, നന്‍മകള്‍ മാത്രമുള്ള, കള്ളവും ചതിയും ഒട്ടുമില്ലാത്ത, വലിപ്പ ചെറുപ്പങ്ങളില്ലാത്ത സമഭാവനയുടെ ആ മാവേലിനാട്ടിലേയ്ക്ക് മലയാളികള്‍ മനസുകൊണ്ട് നടത്തുന്ന തീര്‍ത്ഥാടനമാണ് ഓണാഘോഷം. സമത്വസുന്ദരമായ ഒരു ഭൂതകാല ജീവിതത്തിന്റെ ഗൃഹാതുരസ്മരണയാണത്. നമ്മുടെ ഗൃഹാതുരത്വത്തെ ഇത്രമേല്‍ തൊട്ടുണര്‍ത്തുന്ന മറ്റൊരാഘോഷവും ഇല്ലെന്ന് ഉറപ്പിച്ച് പറയാം.

ന്യൂജനറേഷന്‍ കാലത്തെ മറ്റൊരോണം കൂടി വന്നണയുന്ന ഈ ആഘോഷ വേളയില്‍ മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന പഴമക്കാഴ്ചകളെപ്പറ്റി ഒന്നോര്‍ക്കുകയാണ്. മലയാളിയുടെ മനസ്സില്‍ നിന്നും പതിയെ മറഞ്ഞുപോയതും പുതുതലമുറയ്ക്ക് അറിവില്ലാത്തതുമായ ചില ഓണകാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്.

എന്തുകൊണ്ടാണ് നമ്മള്‍ ഓണത്തെ ‘പൊന്നോണ’മെന്ന് വിളിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. കലിതുള്ളുന്ന കാലവര്‍ഷം അവസാനിച്ച് മഴമേഘങ്ങളൊഴിഞ്ഞ് ആകാശം തെളിയുന്ന ചിങ്ങ മാസത്തിലാണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തിലെത്തിയിരുന്നത്. അവര്‍ സ്വര്‍ണം നല്‍കിയാണ് സുഗന്ധദ്രവ്യങ്ങള്‍ വാങ്ങിയിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങ മാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിച്ചത്.

പലപ്പോഴും നാം ആഘോഷിക്കാന്‍ മറന്നുപോകുന്ന ഒന്നാണ് ‘പിള്ളേരോണം’. കൊച്ചു കുട്ടികളുടെ ഓണമാണ് പിള്ളേരോണം. ഓണാഘോഷത്തിന് മുന്നൊരുക്കമായി കര്‍ക്കടകത്തിലെ തിരുവോണം നക്ഷത്രത്തില്‍ പിള്ളേരോണം ആചരിക്കുന്നു. പണ്ട് കേരളത്തിലെ ഏറ്റവും പ്രധാനമായ കൃഷിയായിരുന്നു നെല്ല് വിള. അതിന്റെ വിളവെടുപ്പ് കാലം കര്‍ഷകര്‍ക്ക് ഉത്സവ ദിനങ്ങളായിരുന്നു. ഇത്തരത്തില്‍ വിളവെടുക്കുന്ന ഉത്സവമായിരുന്നു ഓണം. എന്നാല്‍ ഇന്ന് എല്ലാം മാറി. നാട്ടുമ്പുറത്തെ വയലുകളും കളപ്പുരകളുമൊക്കെ അന്യമായി.

പണ്ടുകാലത്ത് ക്ഷേത്രങ്ങളിലും അതിന്റെ പരിസരങ്ങളിലുമായി പലരീതിയിലുള്ള ഓണാഘോഷങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അത്തരമൊരു സമ്പ്രദായമില്ല. കാരണം അണുകുടുംബത്തിലേയ്ക്ക് നാം എന്നേ ചേക്കേറിക്കഴിഞ്ഞു. കുടുംബാംഗങ്ങള്‍ക്കെല്ലാം ഒത്തുചേരുന്നതിനുള്ള അവസരമായിരുന്നു ഓണക്കാലം. പണ്ടൊക്കെ പറമ്പിലും തൊടിയിലും സമൃദ്ധമായി വളര്‍ന്നിരുന്ന തുമ്പപ്പൂ, തെറ്റിപ്പൂ, അരിപ്പൂ, കാക്കപ്പൂ, മുക്കൂറ്റി തുടങ്ങിയ പൂക്കള്‍ പറിച്ചാണ് പൂക്കളം തീര്‍ക്കുക. ഇന്നവ അപൂര്‍വം. പൂക്കളങ്ങള്‍ നമ്മളിന്നും ഇടാറുണ്ട്. എന്നാല്‍ അതിനുള്ള പൂക്കളെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറികളില്‍ വന്നെത്തുന്നുവെന്ന് മാത്രം. വലിയ വിലകൊടുത്ത് വാങ്ങണം.

ഓണക്കോടിക്കും മാറ്റം വന്നു. പരമ്പരാഗത ശൈലിയിലുള്ള പുളിയിലക്കര മുണ്ട്, പട്ടുപാവാട ദാവണി, എന്നിവയെല്ലാം സ്മരണയില്‍ മാത്രം. കച്ചവടക്കാരുടെ മല്‍സരമാണ് ഓണക്കാലത്ത് കാണാനാവുക. ഓണത്തിന്റെ ആധുനികവല്‍ക്കരണത്തില്‍ പല നാടോടി കലാരൂപങ്ങളും കാണാമറയത്തായിട്ടുണ്ട്. ഓണക്കാലത്ത് ദഫ്മുട്ട് വായിച്ചുകൊണ്ട് മുസ്ലീം കലാകാരന്‍മാര്‍ വീടുകളിലെത്തുമായിരുന്നു. വടക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ഓണവേദന്‍ എന്നൊരു സങ്കല്പവും കാലാന്തരത്തില്‍ ഇല്ലാതായി.

വടക്കേ മലബാറില്‍ ഓണത്തോടനുബന്ധിച്ച് കാണുന്ന ഒരു തെയ്യരൂപമായ ഓണപ്പൊട്ടന്‍മാരെ ഇന്ന് അപൂര്‍വമായി മാത്രമേ കാണാനാകൂ. ഓണക്കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ പല കളികളും ഉണ്ടായിരുന്നു. ആട്ടക്കളം, കുമ്മാട്ടി, അമ്പെയ്യല്‍, കുടുകുടു, പന്തുകളി, തുമ്പിതുള്ളല്‍, വടംവലി, പശുവും പുലിയും കളി, തലപ്പന്തുകളി, കൈകൊട്ടിക്കളി, കരിയിലമാടന്‍ കെട്ടല്‍, ഏറ്റവും പഴക്കമുള്ള ഓണത്തല്ല് തുടങ്ങി ഗ്രാമത്തിന്റെ സ്പന്ദനങ്ങളുള്ള നിരവധി കളികളാണ് പണ്ട് ഉണ്ടായിരുന്നത്. 200 വര്‍ഷത്തിന്റെ ചരിത്രമുള്ള പുലിക്കളി ഇപ്പോള്‍ തൃശ്ശൂരില്‍ മാത്രമായി ഒതുങ്ങിപ്പോയി. ഊഞ്ഞാലാട്ടമില്ലാതെ എന്ത് ഓണാഘോഷം. ഊഞ്ഞാല് കെട്ടാന്‍ മലയാളി മറന്നിട്ടില്ലെന്നത് ആശ്വാസമാണ്.

പ്രകൃതിയൊരുക്കുന്ന ഉല്‍സവമായിരുന്നു ഓണം. പണ്ട് സമൃദ്ധമായി കണ്ടിരുന്ന പുഷ്പങ്ങള്‍ അന്യംനിന്നുപോയി. ഓണത്തുമ്പിയെ നാട്ടിലെവിടെയെങ്കിലും കാണാറുണ്ടോ..? ഓണത്തിന്റെ വരവറിയിച്ച് മഞ്ഞക്കിളികള്‍ എത്തുമായിരുന്നു. പ്രകൃതിയുടെ ചൈതന്യമാണത്. ഒന്നും ആരും മനപ്പൂര്‍വം മറന്നുപോയതാണെന്ന് കരുതേണ്ടതില്ല. കാലത്തിന്റെ വേഗസഞ്ചാരത്തില്‍ മാഞ്ഞതാവാം.

പക്ഷേ നമുക്ക് പ്രതീക്ഷയുണ്ട്. ഓണം ആ പഴയകാല പ്രൗഢിയില്‍ മടങ്ങിയെത്തുമെന്ന ആത്മാര്‍ത്ഥമായ മോഹമുണ്ട്. അത് നമ്മുടെ മനസിന്റെ കാന്‍വാസില്‍ വരച്ചിട്ട വര്‍ണ ചിത്രംപോലെ അഴകും മിഴിവുമുള്ളതായിരിക്കും. അതുകൊണ്ട് കേരളത്തിന്റെ സംസ്‌കൃതിയെ ഒരു കണ്ണാടിയിലെന്നോണം പ്രതിഫലിപ്പിക്കുന്ന ഓണം ഒരു പഴങ്കഥയാവില്ലെന്ന് പ്രത്യാശിക്കാം. നാം പിറന്ന മണ്ണിനെയും നമ്മെ ഉള്‍ക്കൊള്ളുന്ന പ്രകൃതിയെയും നാമനുഷ്ഠിക്കുന്ന ആചാരത്തെയും നമ്മുടെ മാത്രമായ ആ സമ്പന്ന സംസ്‌കാരത്തെയും പരിപാലിച്ച് നിലനിര്‍ത്താനും അത് തലമുറകളിലേയ്ക്ക് കൈമാറാനും സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, തലമുറകള്‍ക്ക് പാടി മതിവരാത്ത ആ ഓണപ്പാട്ട് ഒന്ന് പാടാം.

‘മാവേലി നാടുവാണിടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല…’

”ഹാപ്പി ഓണം…”

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments