Saturday, September 24, 2022

HomeAmericaമികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഫോമായുടെ പുരസ്‌കാര നിറവില്‍ പീറ്റര്‍ കുളങ്ങര

മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഫോമായുടെ പുരസ്‌കാര നിറവില്‍ പീറ്റര്‍ കുളങ്ങര

spot_img
spot_img

ചിക്കാഗോ: മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഫോമയുടെ പുരസ്‌കാരം പീറ്റര്‍ കുളങ്ങരയ്ക്ക്. കാന്‍ കൂണില്‍ നടന്ന ഫോമ കണ്‍വന്‍ഷനില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം നല്‍കി.

ഏറെക്കാലമായി ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും ആരെങ്കിലും മരണപ്പെട്ടാല്‍ അവരുടെ ശവസംസ്‌കാര ചടങ്ങുകളുടെ ഉത്തരവാദിത്വം യാതൊരു പ്രതിഫലവും സ്വീകരിക്കാതെ സ്വയം ഏറ്റെടുക്കുകയും, പ്രത്യേകിച്ച് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ നിയമ സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുകയും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് താങ്ങായും, തണലായും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പീറ്റര്‍ കുളങ്ങരയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിനാണ് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ പുരസ്‌കാരം.

”ഭൂമിയില്‍ നിന്ന് ആരും അനാഥരായി മടങ്ങേണ്ടി വരരുത്…” എന്ന ചിന്തയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പീറ്റര്‍ കുളങ്ങര. ഈ പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോഴും ജയിലില്‍ മരിച്ച ഒരു മലയാളിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയാണ് പീറ്റര്‍ കുളങ്ങര.

കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയില്‍ കുളങ്ങര കെ. ജെ. മാത്യുവിന്റേയും ചിന്നമ്മ മാത്യുവിന്റേയും എട്ട് മക്കളില്‍ ഏഴാമനായാണ് പീറ്റര്‍ കുളങ്ങര. 1982 ല്‍ അമേരിക്കയിലേക്ക് ചേക്കേറുമ്പോഴും മാതാപിതാക്കള്‍ പഠിപ്പിച്ചുതന്ന നന്മയും നേരിന്റെ വഴികളും പീറ്റര്‍ കുളങ്ങരയുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നല്‍ അദ്ദേഹത്തെ ജന്മനാട് മുതല്‍ പിന്തുടര്‍ന്നിരുന്നു.

ജോലിക്കൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങേണ്ടതിന്റെ ആവശ്യകത കൂടി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉടലെടുത്തത് അമേരിക്കയില്‍ വച്ചായിരുന്നു. തന്റെ കസിന്‍ മരിച്ച സമയത്ത് ഫ്യൂണറല്‍ ഹോമില്‍ പോയി സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ട കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അതൊരു ഉത്തരവാദിത്വം ആണെന്ന് പീറ്റര്‍ കുളങ്ങരയ്ക്ക് മനസിലായത്.

മരിച്ചവരെ സമാധാനമായി യാത്രയാക്കാന്‍ ഉള്ള ഒരു സാമൂഹിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ നല്ല മനസ്സുണ്ടാവണം.മരിച്ചവരെ സമാധാനത്തോടെ മടക്കി അയയ്ക്കുക എന്നുള്ളത് കുടുംബാംഗങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. അന്നുമുതല്‍ക്കാണ് പീറ്റര്‍ കുളങ്ങര മരിച്ചവര്‍ക്ക് ഇടയിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങിയത്. ജീവിച്ചിരിക്കുന്നവരെക്കാള്‍ നമ്മളെ ആവശ്യമുള്ളത് മരിച്ചവര്‍ക്കാണെന്ന് പീറ്റര്‍ കുളങ്ങര തിരിച്ചറിഞ്ഞു.

സംസ്‌കാര ചടങ്ങുകള്‍ക്ക് പള്ളി ഇല്ലാതിരുന്ന സമയത്തും മരിച്ച ആളുകള്‍ക്ക് വേണ്ടി പീറ്റര്‍ കുളങ്ങര പ്രവര്‍ത്തിച്ചു. അവരുടെ സംസ്‌കാരത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കി. ദൈവത്തിന്റെ നിശ്ചയം അതായിരുന്നിരിക്കാം. മരിച്ചവര്‍ക്കും വേണ്ടെ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ആരെങ്കിലും.

”അമേരിക്കയില്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ നാം അഭിമുഖീകരിക്കുന്നുണ്ട്. നല്ലൊരു ഫ്യൂണറല്‍ ഹോം കണ്ടെത്തണം. അതിനായി നമുക്ക് അവരുമായി വിലപേശണം. മാന്യമായ രീതിയില്‍ അവ നടത്തിക്കൊടുക്കണം. പള്ളി എന്ന് മാത്രമല്ല. ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കും സഹായം നല്‍കും…” പീറ്റര്‍ കുളങ്ങര പറയുന്നു.

അമേരിക്കയിലെത്തിയ ആദ്യ കാലം മുതല്‍ തന്നെ പീറ്റര്‍ കുളങ്ങര ശവസംസ്‌കാര ചടങ്ങുകളില്‍ സഹായി ആയിരുന്നുവെങ്കിലും 2010 മുതലാണ് ഔദ്യോഗികമായി പള്ളിയുടെ ചുമതല ഏറ്റെടുത്തത്. തുടര്‍ന്ന് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്റുമായി മാറി.

തന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും ഫോമാ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് വേണ്ടിയും, തന്നെ വിശ്വസിക്കുന്ന മനുഷ്യര്‍ക്കുവേണ്ടിയും പീറ്റര്‍ കുളങ്ങര പ്രവര്‍ത്തിക്കുകയാണ് .ചിക്കാഗോ കെ.സി. എസിന്റെ ട്രഷറര്‍, വൈസ് പ്രസിഡന്റ്, കെ.സി.സി.എന്‍.എ, ആര്‍.വി.പി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ആദ്യകാല ചെയര്‍മാന്‍, പിന്നീട് പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

തുടര്‍ന്ന് ഫോമ ആര്‍.വി.പി. നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, ഫോമ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പര്‍, ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരന്‍ (ട്രസ്റ്റി) 2010 മുതല്‍ പള്ളിയുടെ ഫ്യൂണറല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും തന്റെ വൈധഗ്ദ്യം അദ്ദേഹം പ്രകടിപ്പിച്ചു.

അമേരിക്കന്‍ ജീവിതത്തില്‍ മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ പോകുന്ന ഒന്നാണ് സംഘടനാ ജീവിതം. അതുകൊണ്ടുതന്നെ വിവിധ സംഘടനയിലൂടെ മനുഷ്യരുടെ കണ്ണുനീരിലേക്ക് സ്‌നേഹത്തിന്റെ വഞ്ചിയിറക്കുകയാണ് പീറ്റര്‍ കുളങ്ങര.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments