Tuesday, September 27, 2022

HomeAmericaവാല്‍സല്യ നിധികളായി മുത്തച്ഛനും മുത്തശ്ശിയും

വാല്‍സല്യ നിധികളായി മുത്തച്ഛനും മുത്തശ്ശിയും

spot_img
spot_img

എ.എസ് ശ്രീകുമാര്‍

സെപ്റ്റംബര്‍ 11: നാഷണല്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ

നാഴികക്കല്ലുകളും നാലാളറിയുന്ന സംഭവപരമ്പകളും ജനനമരണങ്ങളും നേട്ടകോട്ടങ്ങളും സുഖദുഖങ്ങളും സ്‌നേഹവും ശത്രുതയുമൊക്കെ ഇഴ ചേര്‍ന്ന തനതായ ചരിത്രം ഓരോ കുടുംബത്തിനുമുണ്ട്. കഥ പറച്ചിലിലൂടെയാണ് പാരമ്പര്യത്തിന്റെ ഈ അഭിജാത ചരിത്രം തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അത് എപ്പോഴും നാം ഓര്‍ക്കുന്നു… സന്ദര്‍ഭോജിതം ഉദാഹരിക്കുന്നതിനായി ഭാവിയിലേയ്ക്ക് കരുതിവയ്ക്കുന്നു, പിന്നെ കുടുംബത്തിന്റെ ചൈതന്യത്തിലേയ്ക്ക് ചേര്‍ക്കുകയും ചെയ്യുന്നു. ആരാണീ കുടുംബകഥകളുടെ സൂക്ഷിപ്പുകാര്‍…? തീര്‍ച്ചയായും നമ്മുടെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും തന്നെ. കുടുംബത്തിന്റെ ഭൂത-ഭാവി കാലങ്ങളെ കോര്‍ത്തിണക്കുന്ന വര്‍ത്തമാന ജീവിതത്തിന്റെ പാലങ്ങളാണവര്‍. അവര്‍ക്കായൊരു ദിനം എത്തി… ‘നാഷണല്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ’. സെപ്റ്റംബര്‍ 11-ാം തീയതിയാണ് ആദരവിന്റെ ആ ദിവസം…

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കുടുംബകഥകള്‍ കേള്‍ക്കുന്ന പേരക്കുട്ടികള്‍ തങ്ങള്‍ ആരാണ്, എവിടെ നിന്നും വരുന്നു എന്ന പാഠം പഠിച്ചു തുടങ്ങുകയാണ്. തങ്ങളുടെ കുടുംബ വേരുകളും പാരമ്പര്യവും മനസിലാകുന്ന കുട്ടികള്‍ക്ക് വര്‍ധിച്ച ആത്മാഭിമാന ബോധമുണ്ടാവുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാതാപിതാക്കളെ അപേക്ഷിച്ച് ഗ്രാന്റ് പേരന്റ്‌സിന്റെ സാന്നിധ്യവും ഇടപെടലുകളുമാണ് ആണ് അവരെ ഇത്തരത്തില്‍ ശാക്തീകരിക്കുന്നത്.

ലേബര്‍ ഡേയ്ക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ‘നാഷണല്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ’. വെസ്റ്റ് വെര്‍ജീനിയയിലെ വീട്ടമ്മയായ മരിയന്‍ ലൂസില്ലെ മക്വാഡെയാണ് ഈ ദിനാചരണത്തിന്റെ പ്രധാന വക്താവ്. ഗ്രാന്റ് പേരന്റ്‌സ് ഡേ ഔദ്യോഗികമായി പ്രഖ്യാപിച്ചു കിട്ടുന്നതിനുള്ള മക്വാഡെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭര്‍ത്താവ് ജോസഫ് എല്‍ മക്വാഡെയുടെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. ആറു പതിറ്റാണ്ടു നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവില്‍ ജോസഫ് മക്വാഡെ 2001ലും മരിയന്‍ മക്വാഡെ 2008ലും അന്തരിച്ചു. ഈ ദമ്പതികള്‍ക്ക് 15 മക്കളും 43 കൊച്ചുമക്കളുമുണ്ട്. അവരുടെ മക്കളും കൊച്ചുമക്കളുമായി പതിനൊന്നു പേര്‍ വേറെയും.

നാഷണല്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണത്തിന് മൂന്നു ലക്ഷ്യങ്ങളുണ്ട്. ഒന്ന്: അവരെ അര്‍ഹിക്കും വിധം ആദരിക്കുക. രണ്ട്: പേരക്കിടാങ്ങളോടുള്ള തങ്ങളുടെ നിസീമമായ സ്‌നേഹം പ്രകടിപ്പിക്കാന്‍ മുത്തച്ഛന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും അവസരം നല്‍കുക. മൂന്ന്: പ്രായം ചെന്നവരുടെ കരുത്തും അറിവും മാര്‍ഗനിര്‍ദേശങ്ങളും ഇളം തലമുറയ്ക്ക് മനസിലാക്കിക്കൊടുക്കാന്‍ വേദിയൊരുക്കുക.

ഗ്രാന്റ് പേരന്റ്‌സ് ഡേ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു കുടുംബസംഗമ ദിനമാക്കാനാണ് മരിയന്‍ മക്വാഡെ ആഗ്രഹിച്ചത്. സാമൂഹിക തലത്തില്‍ ഗ്രാന്റ് പേരന്റ്‌സിന്റെ പ്രാധാന്യത്തിനും വ്യക്തിത്വത്തിനുമുള്ള അംഗീകാരം ലഭ്യമാക്കുന്നതിനും. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും മൂല്യങ്ങളുടെയും പങ്കുവയ്ക്കലിന്റെ ഈ വിശേഷദിനത്തില്‍ പൂര്‍വസൂരികളില്‍ നിന്ന് അവരവരുടെ സവിശേഷ പാരമ്പര്യത്തിന്റെ വിത്തുകള്‍ നവതലമുറയുടെ ഹൃദയ ഭൂമികളില്‍ വിതയ്ക്കപ്പെടുന്നു.

താനൊരു വെറും വീട്ടമ്മ മാത്രമാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന മക്വാഡെ വന്ദ്യ വയോധികരുടെ ക്ഷേമത്തിനാണ് കൂടുതല്‍ സമയവും വിനിയോഗിച്ചിരുന്നത്. 1971ല്‍ മരിയന്‍ വാര്‍ധക്യം സംബന്ധിച്ച വെസ്റ്റ് വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റിയുടെ വൈസ് ചെയര്‍പേഴ്‌സണായി. ഇതു സംബന്ധിച്ച വൈറ്റ് ഹൗസ് കോണ്‍ഫറന്‍സിനുള്ള ഡെലിഗേറ്റായും നിയമിതയായി. 1972 ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ ‘നാഷണല്‍ ഷട്ട്-ഇന്‍ ഡേ’ പ്രഖ്യാപനത്തിലെത്തി മരിയന്റെ പ്രവര്‍ത്തനങ്ങള്‍. വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്, വെസ്റ്റ് വെര്‍ജീനിയ ഹെല്‍ത്ത് സിസ്റ്റംസ് ഏജന്‍സി വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങളില്‍ മക്വാഡെ അവരോധിതയായി.

മക്വാഡെ സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഗ്രാന്റ് പേരന്റ്‌സ് ഡേയ്ക്കു വേണ്ടിയുള്ള ബോധവത്കരണ യജ്ഞങ്ങള്‍ ശക്തമാക്കുകയും ചെയ്തു. ഒട്ടേറെ വര്‍ഷങ്ങള്‍ കൊണ്ടുള്ള പ്രേരിപ്പിക്കലുകളും ഉറച്ച നിലപാടും നിശ്ചയദാര്‍ഢ്യവും കൊണ്ട് അവര്‍ ആ വലിയ ലക്ഷ്യം സ്വന്തമാക്കി. 1979ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ലേബര്‍ ഡേയ്ക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ച ഗ്രാന്റ് പേരന്റ്‌സ് ഡേയായി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഇല പൊഴിയുന്ന ശരത്കാല മാസമാണ്. ആ ‘ഓട്ടം’ സീസണ്‍ ജീവിത സായാഹ്നത്തെ സൂചിപ്പിക്കുന്നു. പ്രസിഡന്റ് നിക്‌സന്റെ പ്രൊക്ലമേഷന്‍ ഇങ്ങനെ വായിക്കാം…

“Grandparents are our continuing tie to the near-past, to the events and beliefs and experiences that so strongly affect our lives and the world around us. Whether they are our own or surrogate grandparents who fill some of the gaps in our mobile society, our senior generation also provides our society a link to our national heritage and traditions…”

“We all know grandparents whose values transcend passing fads and pressures, and who possess the wisdom of distilled pain and joy. Because they are usually free to love and guide and befriend the young without having to take daily responsibility for them, they can often reach out past pride and fear of failure and close the space between generations…”

തന്റെ സ്വപ്നം സഫലമായപ്പോള്‍ മക്വാഡെ പറഞ്ഞത് ”എനിക്ക് വിശ്വസിക്കാനാവുന്നില്ല” എന്നാണ്. എന്നാല്‍ ഈ ദിനം കച്ചവടവല്‍ക്കരിക്കരുതെന്ന് നിര്‍ദേശിച്ച മക്വാഡെ ഗ്രാന്റ് പേരന്റ്‌സ് ഡേയുടെ അടിസ്ഥാന പ്രമാണം മുതിര്‍ന്നവരും കുട്ടികളുമെല്ലാം ഒരുപോലെ ഉള്‍ക്കൊള്ളണമെന്ന ആഗ്രഹക്കാരിയായിരുന്നു.

കാനഡയില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ അംഗീകരിക്കപ്പെട്ടത് 1995ലാണ്. സെപ്റ്റംബര്‍ മാസത്തിലെ രണ്ടാം ഞായറാഴ്ചയാണത്. കുഞ്ഞുങ്ങളെ വളര്‍ത്തുക, പരിശീലിപ്പിക്കുക, പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കാര്‍ന്നോന്മാരുടെ പങ്ക് നിര്‍ണായകമാണ്. അവര്‍ ഒരിക്കലും ‘ഗ്ലോറിഫൈഡ് ബേബി സിറ്റേഴ്‌സ്’ അല്ല. കുടുംബത്തില്‍ സ്‌നേഹം നിറയ്ക്കുന്ന അവര്‍ തലമുറയായി കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങളുടെ പിന്‍തുടര്‍ച്ചയാണ്. നമ്മുടെ റോള്‍ മോഡലാണ്, ഉപദേശകരാണ്, സര്‍വോപരി അചഞ്ചലമായ ആത്മവിശ്വാസമാണ്.

മക്വാഡെയുടെ പാരമ്പര്യം അവരുടെ മക്കളും കൊച്ചുമക്കളും യഥോചിതം കാത്തുസൂക്ഷിക്കുന്നുണ്ട്. മകള്‍ റൂത്ത് മക്വാഡെ യു എസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജസ്റ്റിസിലെ ട്രയല്‍ അറ്റോര്‍ണിയാണ്. റൂത്ത് തന്റെ മുത്തച്ഛന്‍, മുത്തശ്ശി, അമ്മാവന്‍മാര്‍, അമ്മായിമാര്‍, കസിന്‍സ് തുടങ്ങിയവരുടെയൊക്കെ രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ട്. റൂത്ത് അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്നു. ”ഗ്രാന്റ് പേരന്റ്‌സ് ഡേ നേടിയെടുക്കാന്‍ അമ്മ ഒരുപാടുകാലം കഠിനാധ്വാനം ചെയ്തു. അവരുടേത് ഒരു ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഈ ദിനാചരണത്തിലൂടെ സമൂഹത്തിന് എല്ലാ വര്‍ഷവും നല്ലൊരു സന്ദേശം നല്‍കാന്‍ സാധിക്കുന്നതില്‍ അത്യധികം സന്തോഷമുണ്ട്.” റൂത്ത് പറയുന്നു.

ഗ്രാന്റ് പേരന്റ്‌സിനെ ആദരിക്കാനായി കുട്ടികള്‍ അവര്‍ക്ക് കാര്‍ഡും ഗിഫ്റ്റുമൊക്കെ ആ ദിവസം സമ്മാനിക്കുന്നു. സ്‌കൂളിലെ പ്രത്യേക പരിപാടികളിലേയ്ക്ക് അവര്‍ ക്ഷണിക്കപ്പെടുന്നു. തങ്ങളുടെ ഗ്രാന്റ് പേരന്റ്‌സിന്റെ സ്‌നേഹം വിവരിക്കുന്ന കഥപറച്ചില്‍ മല്‍സരങ്ങളിലും മറ്റും കുട്ടികള്‍ ഉത്സാഹത്തോടെ പങ്കെടുത്തിരുന്നു. ഓരോ വര്‍ഷത്തേയും നാഷണല്‍ ഗ്രാന്റ് പേരന്റ്‌സ് ഡേയില്‍ നാലു മില്യണിലധികം ഗ്രീറ്റിങ് കാര്‍ഡുകളാണ് അമേരിക്കയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളിലെത്തുന്നത്.

ഇക്കാലത്ത് പ്രായമേറിയ മാതാപിതാക്കള്‍ ഒരു ബാധ്യതയായാണ് മക്കള്‍ കാണുന്നത്. തങ്ങളുടെ മക്കള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്ത് സാരോപദേശങ്ങള്‍ നല്‍കി തെറ്റുകള്‍ തിരുത്തി, കൊഞ്ചിച്ചും അര്‍ഹിക്കുന്ന ശിക്ഷയും കൊടുത്ത് ശരിയാം വണ്ണം വളര്‍ത്തുന്ന വൃദ്ധമാതാപിതാക്കളെ നട തള്ളുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു. രാജ്യത്ത് ഏറി വരുന്ന ശരണാലയങ്ങളുടെ എണ്ണം ഈ മനുഷ്യത്വമില്ലായ്മയുടെ തെളിവാണ്. വയസാവുന്നതും രോഗം വരുന്നതും ആരുടെയും കുറ്റമല്ല. ജീവിതത്തിന്റെ ഒരു ദശാസന്ധിയാണ്… അവസ്ഥയാണത്. ജനിപ്പിച്ച അച്ഛനേയം പെറ്റ വയറിനെയും തള്ളിപ്പറയുന്ന സ്വാര്‍ത്ഥതയുടെ പൈശാചിക രൂപങ്ങള്‍ക്ക് കാലമൊരിക്കലും മാപ്പു നല്‍കില്ല. ‘ഇന്നു ഞാന്‍ നാളെ നി…’ എന്ന ചൊല്ല് ഈ ഗ്രാന്റ് പേരന്റ്‌സ് ഡേയിലും നമ്മുടെ മനസില്‍ ഒരു താക്കീതായി ഉണ്ടാവട്ടെ.

നേര്‍കാഴ്ചയുടെ മാന്യ വായനക്കാര്‍ക്ക്
”ഹാപ്പി ഗ്രാന്റ് പേരന്റ്‌സ് ഡേ…”

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments