Thursday, March 28, 2024

HomeAmericaനായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി

നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി

spot_img
spot_img

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ 2022 സെപ്തംബര്‍ 10 ശനിയാഴ്ച്ച ന്യൂഹൈഡ് പാര്‍ക്ക് ലേക്ക്വില്‍ റോഡിലുള്ള വൈഷ്ണവ ടെമ്പിളിന്റെ ഓഡിറ്റോറിയത്തില്‍ ഓണസദ്യയോടെ ആഘോഷം സമാരംഭിച്ചു. അസോസിയേഷനിലെ അംഗങ്ങള്‍ സ്വവസതികളില്‍ വച്ച് പാകം ചെയ്തുകൊണ്ടുവന്ന സ്വാദിഷ്ടമായ വിഭവങ്ങള്‍ കോവിഡാനന്തര ഓണസദ്യ ഗംഭീരമാക്കി.

സദ്യവിഭവങ്ങള്‍ ഒരുക്കിയത് ലക്ഷ്മി രാംദാസ് നേതൃത്വം കൊടുത്ത വിമന്‍സ് ഫോറം അംഗങ്ങള്‍ ആയിരുന്നു. തുടര്‍ന്ന് മഹാബലിയെ ചെണ്ടവാദ്യത്തോടെയും, താലപ്പൊലിയേന്തിയ അംഗനാരത്‌നങ്ങള്‍, ആര്‍പ്പോടെയും, ആരവത്തോടെയും വേദിയിലേക്ക് എതിരേറ്റു. കോമാളിയായ കുടവയറനെന്ന തെറ്റായ സങ്കല്പത്തെ തിരുത്തിക്കുറിച്ചുകൊണ്ട് അരോഗദൃഢ ഗാത്രനും യോദ്ധാവുമായ മഹാബലിയെ അവതരിപ്പിച്ചത് അസോസിയേഷന്‍ സെക്രട്ടറി സേതുമാധവന്‍ ആയിരുന്നു. തായമ്പകയുടെ മേളപ്പെരുക്കം അരങ്ങു തകര്‍ത്തു. രഘുനാഥന്‍ നായര്‍ കോര്‍ഡിനേറ്റു ചെയ്ത മേളപ്പെരുമയില്‍ പങ്കെടുത്തത് അസോസിയേഷനിലെ അംഗങ്ങളായ നരേന്ദ്രന്‍ നായര്‍, ബാബു മേനോന്‍, സദാശിവന്‍ നായര്‍, ശബരീനാഥ് നായര്‍, രാധാകൃഷ്ണന്‍ തരൂര്‍, രഘുവരന്‍ നായര്‍, ശശി പിള്ള എന്നിവരായിരുന്നു.

തുടര്‍ന്ന് പ്രഥമ വനിത പത്മാവതി നായര്‍, എന്‍ബിഎ പ്രസിഡന്റ് അപ്പുകുട്ടന്‍ നായര്‍, ബിഒടി ചെയര്‍മാന്‍ രഘുവരന്‍ നായര്‍, കെഎച്ച്എന്‍എ ട്രഷറര്‍ ബാഹുലേയന്‍ രാഘവന്‍, കെഎച്ച്എന്‍എ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ രാജീവ് ഭാസ്‌കരന്‍, എന്‍ബിഎ വൈസ് പ്രസിഡന്റ് ശശി പിള്ള, എന്‍ബിഎ ട്രഷറര്‍ ഗോപിനാഥക്കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ഭദ്രദീപ പ്രകാശത്തിനുശേഷം രാധാമണി നായരുടെ ഭക്തിസാന്ദ്രമായ പ്രാര്‍ത്ഥനാലാപനത്തോടെ പൊതുസമ്മേളനം ആരംഭിച്ചു.

പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ സദസ്സിനും വിശിഷ്ട വ്യക്തികള്‍ക്കും സ്വാഗതം ആശംസിച്ചു. ഹിന്ദുക്കളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉദ്‌ബോധിപ്പിച്ചു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രഘുവരന്‍ നായര്‍, പ്രജാക്ഷേമതല്പരനും ഭക്തനുമായ മഹാബലിയുടെ അഹങ്കാരത്തോടെയുള്ള പ്രവര്‍ത്തികളെ തിരുത്തി അനുഗ്രഹിച്ച് സ്വര്‍ഗതുല്യമായ സുതലത്തിലെ സാവര്‍ണ്യമണിമന്ദിരത്തിലേക്ക് അയച്ച ഭാഗവത കഥയും വാമനാവതാരവും വിശദീകരിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി.

അസോസിയേഷന്റെ ഭാവി വാഗ്ദാനങ്ങളായ കുമാരിമാര്‍ അവതരിപ്പിച്ച തിരുവാതിരകളി ഏവരെയും ഹഠാദാകര്‍ഷിച്ചു. ഊര്‍മ്മിള റാണി നായര്‍, രേവതി നായര്‍, മീനു ജയകൃഷ്ണന്‍, ദേവിക നായര്‍, പ്രീതി നായര്‍, രേവതി ഹരിഹരന്‍ എന്നിവരാണ് തിരുവാതിര, രംഗത്ത് അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയത്. ഊര്‍മ്മിള റാണി നായരാണ് തിരുവാതിരയുടെ ചുക്കാന്‍ പിടിച്ചത്.

2023 നവംബറില്‍ ഹ്യൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന കേരള ഹിന്ദു കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ശുഭാരംഭം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ളയുടെയും വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍ മാധവന്‍ നായരുടെയും സാന്നിദ്ധ്യത്തില്‍ നടന്നു. എന്‍. ബി. എയുടെ ട്രഷററും കെ.എച്ച്.എന്‍.എ ട്രസ്റ്റീ ബോര്‍ഡംഗവും രജിസ്‌ട്രേഷന്‍ കമ്മിറ്റി മെംബറുമായ ഗോപിനാഥ് കുറുപ്പ്, ശുഭാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ന്യൂയോര്‍ക്കില്‍ ശുഭാരംഭച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് ജി.കെ. പിള്ളയെ എന്‍.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

നാല്പതില്‍പരം കുടുംബാംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് രജിസ്‌ട്രേഷന്‍ ഫോറവും ചെക്കും പ്രസിഡന്റ് ജി.കെ. പിള്ളക്ക് കൈമാറി.

ജി.കെ. പിള്ള ഓണാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വരാന്‍ പോകുന്ന കണ്‍വന്‍ഷനിലെ വിപുലവും സവിശേഷവുമായ പരിപാടികളെപ്പറ്റി വിശദീകരിച്ചുകൊണ്ട് ഏവരെയും ഹ്യൂസ്റ്റന്‍ കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചു. തദവസരത്തില്‍ ന്യൂയോര്‍ക്ക് റീജിയണിന്റെ ആര്‍വിപിയായി മഹാദേവന്‍ ശര്‍മയെ നോമിനേറ്റു ചെയ്തു. കെഎച്ച്എന്‍എ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വനജ നായര്‍ ആശംസാ പ്രസംഗം നടത്തുകയും ട്രഷറര്‍ ബാഹുലേയന്‍ രാഘവന്‍ ശുഭാരംഭച്ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ന്യൂയോര്‍ക്കില്‍ നിന്ന് നൂറിലധികം രജിസ്‌ട്രേഷനുകള്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ രാജീവ് ഭാസ്‌കരന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, ഡോ. ജയശ്രീ നായര്‍ എന്നിവരും സന്നിഹിതരായിരുന്നു.

മികച്ച നൃത്ത നൃത്യങ്ങള്‍ കാഴ്ച്ചവെച്ചുകൊണ്ട് കീര്‍ത്തന സുജിത്, ദേവികാ നായര്‍, അനന്യ പിഷാരഡി എന്നിവര്‍ രംഗത്തെത്തിയപ്പോള്‍ കര്‍ണാനന്ദകരമായ ഗാനാലാപനവുമായി ശബരീനാഥ് നായര്‍, രേവതി നായര്‍, അജിത് നായര്‍, കീര്‍ത്തന സുജിത്ത്, സുജിത്ത്, എന്നിവരെത്തി.

എന്‍.ബി.എ.യുടെ സീനിയര്‍ മെമ്പര്‍ രാമന്‍കുട്ടി എഴുതിയ ഭാരതപ്പുഴയെപ്പറ്റിയുള്ള കവിത അദ്ദേഹം തന്നെ ആലപിച്ച് സദസിന്റെ പ്രശംസ പിടിച്ചുപറ്റി.

കള്‍ച്ചറല്‍ ചെയര്‍ പേഴ്‌സണ്‍സ് ആയ വനജ നായര്‍, ഊര്‍മിള റാണി നായര്‍ എന്നിവര്‍ സ്തുത്യര്‍ഹമായ രീതിയില്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ നിയന്ത്രിച്ചു. വര്‍ണപ്പകിട്ടുള്ള പൂക്കളം ഒരുക്കിയത് വത്സല ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ്. ഊര്‍മ്മിള റാണി നായര്‍ എം.സി.യായി ഉജ്ജ്വല പ്രകടനം കാഴ്ച്ചവെച്ചു.

കമ്മിറ്റി അംഗമായ സുധാകരന്‍ പിള്ളയുടെ സ്റ്റേജ് അലങ്കാരങ്ങള്‍ പതിവുപോലെ ഈ പ്രാവശ്യവും ആഘോഷങ്ങള്‍ക്ക് ചാരുതയേകി.

വൈസ് പ്രസിഡന്റ് ശശി പിള്ളയുടെ നന്ദി പ്രകാശനത്തിനു ശേഷം ദേശീയ ഗാനാലാപനത്തോടെ ഓണാഘോഷം സമംഗളം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments