ജീമോന്‍ റാന്നി
ഹ്യൂസ്റ്റണ്‍: തിരുവോണം കഴിഞ്ഞു ചതയം ദിനത്തില്‍ നടന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) ഓണാഘോഷം എല്ലാ ചരിത്രങ്ങളും തിരുത്തിക്കുറിച്ച ഒന്നായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിമൂലം അകന്നു നിന്ന മലയാളികള്‍ ഈ വര്‍ഷം ഓണം ആഘോഷിക്കുക തന്നെ ചെയ്തു.

സെപ്റ്റംബര്‍ 10ന് ശനിയാഴ്ച സ്റ്റാഫ്ഫോര്‍ഡിലെ സെന്റ് ജോസഫ്സ് ഹാള്‍ ആയിരുന്നു ആഘോഷ വേദി. കൃത്യം പതിനൊന്നര മണിക്ക് തന്നെ മഹാബലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര മാഗ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

ചെണ്ടമേളം താലപ്പൊലി മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ മാവേലിമന്നന്‍ എഴുന്നെള്ളി. തുടര്‍ന്ന് നയനാന്ദകരമായ കേരള പഴമയെ ഓര്‍മ്മിപ്പിക്കുന്ന ഒരു തിരുവാതിര അരങ്ങേറി. മഹാബലിയുടെ ഓണ സന്ദേശത്തിനുശേഷം പൊതുസമ്മേളനത്തിനു മുന്നോടിയായി ഭദ്രദീപം കൊളുത്തല്‍ ചടങ്ങു നടന്നു.

മുഖ്യാതിഥിയായിരുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്, കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഫാദര്‍ രാജേഷ് ജോണ്‍, ഫാദര്‍ ജോണിക്കുട്ടി പുലിശ്ശേരില്‍, മാഗ് പ്രസിഡണ്ട് അനില്‍ ആറന്മുള, സെക്രട്ടറി രാജേഷ് വര്‍ഗീസ്, ട്രെഷറര്‍ ജിനു തോമസ്, വൈസ് പ്രസിഡണ്ട് ഫാന്‍സിമോള്‍ പള്ളത്തുമഠം, ജോയിന്റ് ട്രെഷറര്‍ ബിജു ജോണ്‍ ട്രസ്റ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോണ്‍ എന്നിവര്‍ ദീപം കൊളുത്തി.

പൊതുസമ്മേളനത്തില്‍ സെക്രട്ടറി രാജേഷ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അനില്‍ ആറന്മുള അധ്യക്ഷ പ്രസംഗം നടത്തി.

ജഡ്ജ് കെ.പി ജോര്‍ജ്, ജഡ്ജ് ജൂലി മാത്യു, കെന്‍ മാത്യു, ട്രസ്റ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോണ്‍, ഫാ. രാജേഷ് ജോണ്‍ എന്നിവര്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഫാ. ജോണിക്കുട്ടി പുലിശ്ശേരില്‍ ഓണ സന്ദേശം നല്‍കി. തുടര്‍ന്ന് ഓണപ്പാട്ടുകളും നാടോടി നൃത്തങ്ങളും, ഫ്യൂഷന്‍ പരിപാടികളും വരെ അവതരിപ്പിക്കപ്പെട്ടു. നൂപുര ഡാന്‍സ് സ്‌കൂളിന്റെ കുട്ടികള്‍ വേദിയില്‍ തിളങ്ങി നിന്നു.




പന്ത്രണ്ടുമണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ മൂന്നുമണിവരെ നീണ്ടു. അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പുരുഷാരം നീയന്ത്രണാതീതമായപ്പോള്‍ സംഘാടകര്‍ സദ്യ വിളമ്പാന്‍ നന്നേ വിഷമിച്ചു. എന്തായാലും ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ തക്കവണ്ണം വിപുലമായ ഒരു ഓണാഘോഷം സംഘടിപ്പിച്ച മാഗ് ഭാരവാഹികള്‍ പ്രശംസ അര്‍ഹിക്കുന്നു,

ജിനു തോമസ് നന്ദി പ്രകാശിപ്പിച്ചു. ഫാന്‍സിമോള്‍ പള്ളത്തുമഠം, ആന്‍ഡ്രൂസ് ജേക്കബ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി പരിപാടികള്‍ ഏകോപിപ്പിച്ചു.