Saturday, September 24, 2022

HomeAmericaപൊലിമ നിറഞ്ഞ് കേരള റൈറ്റേഴ്‌സ് ഫോറം 33-ാം വാര്‍ഷികവും ഓണാഘോഷവും

പൊലിമ നിറഞ്ഞ് കേരള റൈറ്റേഴ്‌സ് ഫോറം 33-ാം വാര്‍ഷികവും ഓണാഘോഷവും

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും ഹൂസ്റ്റണിലെ പ്രഥമ മലയാളി കൂട്ടായ്മയായ, കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 33-ാം വാര്‍ഷികവും ഓണാഘോഷവും പൊലിമ നിറഞ്ഞതായി. സ്റ്റാഫോര്‍ഡിലെ കേരള കിച്ചണ്‍ റസ്റ്റോറന്റില്‍ സെപ്റ്റംബര്‍ 17-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 2.30 വരെയായിരുന്നു വിവിധ പരിപാടികളോടെയുള്ള ആഘോഷം.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സര്‍ഗ സമ്പന്നമായ ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായി ആഘോഷ ചടങ്ങുകള്‍ മാറി. 1989 സെപ്റ്റംബര്‍ 9-ാം തീയതിയാണ് അമേരിക്കയിലെ മലയാളി എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിനും അവരുടെ രചനകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുമൊക്കെയായി കേരള റൈറ്റേഴ്‌സ് ഫോറം രൂപീകരിച്ചത്. നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ രജിസ്‌ട്രേഡ് മലയാള സാഹിത്യ സംഘടനയാണ് കേരള റൈറ്റേഴ്‌സ് ഫോറം എന്നതില്‍ ഏവരും അഭിമാനം കൊള്ളുന്നു.

കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, മുഖ്യാതിഥിയായ പാടും പാതിരി എന്നറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞന്‍ ഫാ. പോള്‍ പൂവത്തിങ്കലിനെ ജോണ്‍ കുന്തറ വേദിയിലേയ്ക്ക് ക്ഷണിച്ചു. സമൂഹത്തിന് ദിശാബോധം നല്‍കുന്നവരാണ് എഴുത്തുകാര്‍ എന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കന്‍ ജീവിത തിരക്കുകള്‍ക്കിടയിലും മാതൃഭാഷയെ പ്രോജ്വലിപ്പിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സമര്‍പ്പണത്തെ പ്രശംസിച്ചു.

‘ഡല്‍ഹി’യുടെ കോപ്പി ബോബി മാത്യു ഡോ. സണ്ണി എഴുമറ്റൂരിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്യുന്നു
കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 2022ലെ അവാര്‍ഡ് മാത്യു വെള്ളാമറ്റത്തിന് സമ്മാനിച്ചപ്പോള്‍
‘ആയിരം പൂക്കള്‍, ഒരായിരം തേന്‍ കുരുവികള്‍’ പ്രകാശനം ചെയ്യുന്നു

ഫാ. പൂവത്തിങ്കല്‍ തന്റെ സ്വപ്ന പദ്ധതിയായ തൃശൂരിലെ ‘ഗാനാശ്രമ’ത്തെപ്പറ്റിയും സംഗീത ചികില്‍സയെക്കുറിച്ചും വിവരിച്ചു. സംഗീതത്തിനു വേണ്ടിയുള്ള ഒരു ആശ്രമമാണിത്. വലിയൊരു കാമ്പസില്‍ ആയിരിക്കും ഗാനാശ്രമം ഉയരുക. മ്യൂസിക് മെഡിറ്റേഷന്‍ ആണ് അവിടുത്തെ പഠന മനന വിഷയം. ജാതിമതഭേദമെന്യെ ഏവര്‍ക്കും ഈ ഗാനാശ്രമത്തില്‍ വന്ന് താമസിച്ച് സംഗീത ധ്യാനം നടത്താമെന്ന് അദ്ദേഹം വ്യക്തമാക്കി.

തലമുറകള്‍ക്ക് പാടി മതിവരാത്ത ‘മാവേലി നാടു വാണീടും കാലം…’ എന്ന ഓണത്തിന്റെ ഐശ്വര്യ സമൃദ്ധിയെപ്പറ്റി വിവരിക്കുന്ന ഗാനം ആലപിച്ചുകൊണ്ടാണ് ഫാ. പൂവത്തിങ്കല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ആഘോഷത്തിന്റെ ഭാഗമായി ഹൂസ്റ്റണിലുള്ള എഴുത്തുകാര്‍ രചിച്ച നൂറ് പുസ്തകങ്ങളുടെ പ്രദര്‍ശനമുണ്ടായിരുന്നു. ജോണ്‍ മാത്യു പുസ്തകങ്ങളെ പരിചയപ്പെടുത്തി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഹൂസ്റ്റണില്‍ നിന്ന് 500ഓളം മലയാള പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 18-ാമത്തെ പുസ്തകമായ ‘ആയിരം പൂക്കള്‍, ഒരായിരം തേന്‍ കുരുവികള്‍’ മാത്യു നെല്ലിക്കുന്നിന്റെ അവതരണത്തിന് ശേഷം പ്രകാശനം ചെയ്തു. തുടര്‍ന്ന് ജോണ്‍ മാത്യുവിന്റെ ‘യുഗങ്ങള്‍ അവസാനിക്കുന്നില്ല’ എന്ന നോവലിന്റെ ആദ്യ ഭാഗമായ ‘ഡല്‍ഹി’യുടെ കോപ്പി ബോബി മാത്യു ഡോ. സണ്ണി എഴുമറ്റൂരിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

സാഹിത്യ സംഭാവനകള്‍ക്ക് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 2022ലെ അവാര്‍ഡ് ജേതാക്കളായ മാത്യു വെള്ളാമറ്റം, എബ്രഹാം വി ജോണ്‍ (ഒക്കലഹോമ സിറ്റി), ജോണ്‍ തൊമ്മന്‍ എന്നിവരെ മാത്യു നെല്ലിക്കുന്ന് സദസിന് പരിചയപ്പെടുത്തി. കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

അഞ്ജലി ടോമി

ആശംസാ പ്രസംഗത്തില്‍, എഴുത്തുകാര്‍ തങ്ങള്‍ക്ക് ചുറ്റും അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി തികഞ്ഞ ബോധമുള്ളവരായിരിക്കണമെന്ന് എ.സി ജോര്‍ജ് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിനു പകരം ജനങ്ങളുടെ മേലുള്ള ആധിപത്യമാണ് ഇന്ന് നടമാടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണം എന്ന ഉല്‍സവം മനോഹരമായൊരു സങ്കല്‍പ്പമാണെന്നും നമ്മുടെ തലമുറയ്ക്ക് എങ്കിലും ഇന്നും ഈ പൈതൃകം നിലനിര്‍ത്താന്‍ സാധിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഡോ. സണ്ണി എഴുമറ്റൂര്‍ പറഞ്ഞു. കുര്യന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടോം വിരിപ്പന്‍, തോമസ് ചെറുകര, ഫാ. തോമസ് അമ്പലവേലില്‍, പൊറ്റയില്‍ ശ്രീകുമാര്‍ മേനോന്‍, നൈനാന്‍ മാത്തുള്ള, ജോസഫ് പൊന്നോലി, ക്ലാരമ്മ മാത്യു, മിനി കുന്തറ തുടങ്ങിയവരും ആസംസകള്‍ ചൊരിഞ്ഞു.

അഞ്ജലി ടോമിയായിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. കൈരളി ടി.വി ഹൂസ്റ്റണ്‍ ബ്യൂറോ ചീഫ് മോട്ടി മാത്യു സൗണ്ട്, ഫോട്ടോ, വീഡിയോ എന്നിവ കൈകാര്യം ചെയ്തു. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ചെറിയാന്‍ മഠത്തിലേത്ത് സ്വാഗതം ആശംസിക്കുകയും ട്രഷറര്‍ മാത്യു മത്തായി കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. കേരള കിച്ചണ്‍ റസ്റ്റോറന്റിന്റെ രുചികരമായ ഓണ സദ്യയോടെ ആഘോഷ പരിപാടികള്‍ പര്യവസാനിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments