Tuesday, April 16, 2024

HomeAmericaമലബാറില്‍ നിന്നൊരു മഹാപുരോഹിതന്‍

മലബാറില്‍ നിന്നൊരു മഹാപുരോഹിതന്‍

spot_img
spot_img

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമനസൂര്യന്‍ വെള്ളിമേഘങ്ങളില്‍ വരച്ചുവെച്ച ചെഞ്ചായ ചിത്രങ്ങള്‍ക്കു താഴെ മാടക്കര എന്ന കൊച്ചുപട്ടണത്തിന്റെ പടിഞ്ഞാറ് മഞ്ഞണിഞ്ഞ മാമലയോട് ചേര്‍ന്ന് പച്ചപ്പണിഞ്ഞ പാലാക്കുനി എന്ന കൊച്ചു ഗ്രാമത്തി ല്‍ കുറ്റിപറിച്ചേല്‍ തറവാട്ടില്‍ യോഹന്നാന്‍ (കുഞ്ഞ്) ചേട്ടന്റേയും അന്നമ്മ ചേച്ചിയുടേയും ആറ് മക്കളില്‍ ഇളയവനായി 1978 ഫെബ്രുവരി 8-ാം തീയ്യതി മഹാപുരോഹിതനായ ഗീവര്‍ഗ്ഗീസ് മാര്‍ സ്തേഫാനോസ് തിരുമേനി ഭൂജാതനായി.

മാതാപിതാക്കളേയും ബന്ധുജനങ്ങളേയും ദു:ഖത്തിലാഴ്ത്തി മണ്ണിനോട് യാത്രപറഞ്ഞ രണ്ട് സഹോദരങ്ങള്‍ സ്വര്‍ഗ്ഗസേനകള്‍ക്കിടയില്‍ നിന്നുകൊണ്ട് ദൈവത്തെ വാഴ്ത്തിപാടുമ്പോള്‍ ചക്രവാളസീമകള്‍ക്കപ്പുറത്തു നിന്നും ഈ മഹാ പുരോഹിതനെ ദര്‍ശിച്ച് ആനന്ദശ്രൂക്കള്‍ പൊഴിക്കുന്നുണ്ടാവും അച്ചനായ മകന്‍ മേല്‍പട്ടക്കാരനായി കാണാനുള്ള ഭാഗ്യം സിദ്ധിക്കാതെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കാലയവനികക്കുള്ളില്‍ മറഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞേട്ടന്‍. തിരുസന്നിധിയില്‍ നിന്ന് ഈ ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടവും!

താന്‍ ജനിക്കുന്നതിനു മുമ്പേ തന്റെ കൊച്ചുവീട് അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങിയതും കൃഷിവലനായ പിതാവിന്റേയും മാതാവിന്റേയും സഹോദരങ്ങളുടേയും ദു:ഖഭാരങ്ങളും അദ്ദേഹത്തിന് കേട്ടുകേള്‍വികള്‍ മാത്രമായിരിക്കും. ഋഷിതുല്യരായ മാതാപിതാക്കളുടെ പ്രാര്‍ത്ഥനകളും കണ്ണുനീരുകളും കര്‍തൃസന്നിധിയില്‍ സ്വീകാര്യബലികളായി അര്‍പ്പിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹസമ്മാനമാണ് പ്രിയ പിതാവ്.

കുടിയേറ്റകാലഘട്ടത്തില്‍ മലബാറിലാദ്യമായി കാലിത്തൊഴുത്തിന് സമാനമായി പൂര്‍വ്വപിതാക്കന്മാരാല്‍ സ്ഥാപിക്കപ്പെട്ട കൃസ്ത്യന്‍ ദേവാലയമാണ് മലങ്കരക്കുന്ന് സെ ന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി. മലമ്പനി എന്ന മാരകരോഗം വയനാടിനെ കീഴ്പ്പെടുത്തിയപ്പോള്‍ കുടിയേറ്റക്കാരായ ആയിരങ്ങളാണ് മരിച്ചു വീണത്. അന്ന് കാളവണ്ടിയില്‍ എടുക്കപ്പെട്ട് പൗരോഹിത്യ കൂദാശകളൊന്നുമില്ലാതെ സംസ്‌ക്കരിക്കപ്പെട്ട വിവിധ മതസ്ഥരായ ആയിരങ്ങളാണ് മലങ്കരക്കുന്ന പള്ളിയുടെ പുണ്യഭൂമിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്.

ഈ വിശുദ്ധ ദേവാലയത്തിന്റെ പടിഞ്ഞാറന്‍ ചക്രവാളം ലോക പ്രസിദ്ധമായ ഇടയ്ക്കല്‍കാവ് സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയില്‍വിലയം പ്രാപിക്കുന്നു. വിവിധ കാലഘട്ടങ്ങളിലായി പുതുക്കിപ്പണിയപ്പെട്ട ഈ പുണ്യദേവാലയത്തിന്റെ തിരുമുറ്റത്ത് സമകാലീനരായ കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചിരുന്ന അന്നേ ശാന്തപ്രകൃതിയുള്ള ഷിബു എന്ന കൊച്ചുബാലനെ സണ്‍ഡേസ്‌കൂള്‍ പഠനത്തോടൊപ്പം അള്‍ത്താരബാലനായി വന്ദ്യ മനയത്ത് ജോര്‍ജ് കോറെപ്പിസ്‌കോപ്പ അച്ചന്‍ കൈപിടിചുയര്‍ത്തി.

അപ്പോള്‍ തന്റെ പൗരോഹിത്യ ജീവിതത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണെന്ന് അദ്ദേഹം പോലും അറിഞ്ഞിരിക്കില്ല. അദ്ദേഹത്തെ മാമോദീസ മുക്കിയ ബഹു. പുല്ല്യട്ടേല്‍ ജോര്‍ജ്ജ് തോമസച്ചനും മുഖ്യശുശ്രൂഷകനായി അന്‍പതുവര്‍ഷം പിന്നിട്ട ശ്രീ. തമ്പിയും ഭാവിയിലെ മഹാപുരോഹിതനെയാണ് കൈകളിലേന്തിയതെന്ന് അറിഞ്ഞിരുന്നില്ല.

അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചും പൗരോഹിത്യ സ്ഥാനലബ്ദികളെക്കുറിച്ചുമെല്ലാം ബഹു. എല്‍ദോപോള്‍ മൂശാപ്പിള്ളിയുടെ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. തിരുമേനിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ‘ഇതാണോ തിരുമേനി എന്നല്ല ഇതാണ് തിരുമേനി’ എന്നു ചൂണ്ടി കാണിച്ചു കൊടുക്കാന്‍ ഞങ്ങള്‍ക്കു സ്വന്തം ഒരാളായി എന്ന അഭിമാനിക്കാം.

സ്നേഹത്തിന്റെ തായ്വേരുകള്‍ ആഴ്ന്നിറങ്ങിയ, സമാധാനത്തിന്റെ സൗരഭ്യം പൊഴിക്കുന്ന, ജ്ഞാനത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന, കാരുണ്യത്തിന്റെ കടല്‍ക്കരയില്‍ ലാളിത്വത്തിന്റേയും സഹനത്തിന്റേയും ത്യാഗത്തിന്റേയും ക്ഷമയുടേയും അധ്യാത്മികഥയുടേയും നിറചാര്‍ത്ത് അണിഞ്ഞ് തൂമതൂകുന്ന പൂമരമായി വിവിധമത സഹോദര്യത്തിലേക്ക് ശാഖകള്‍ വിശിയ വന്‍ വടവൃക്ഷമായി നമുക്കുനടുവില്‍ നിലകൊള്ളുന്ന വന്ദ്യ പിതാവ് മെത്രപ്പോലിത്തന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ സഭാനേതൃത്വത്തിന്റെ ആ തീരുമാനത്തെ നിരുത്സാഹപ്പെടുത്താനാണ് ആഗ്രഹിച്ചത്.

തന്റെ സ്വരം മോശമാണെന്നും കുര്‍ബ്ബാനക്ക് ആകര്‍ഷണീയതയില്ലെന്നും പ്രസംഗത്തിന് ചാരുതയില്ലെന്നും പാടാനറിയില്ലെന്നും വേണ്ടവിധം സംസാരിക്കാനറിയില്ലെന്നും ഒരേശൈലിയാണെന്നും മറ്റുമാണ് അദ്ദേഹം സ്വയം കണ്ടുപിടിച്ച കാരണങ്ങള്‍. പക്ഷേ ദൈവത്തിന്റെ തീരുമാനത്തിനു മാറ്റമുണ്ടാകില്ലല്ലോ. തന്റെ നാവിനു തടസ്സമുള്ളതാണെന്നും വാക്ചാതുര്യമില്ലാത്തവനാണെന്നുമൊക്കെയുള്ള മോശയുടെ ന്യായവാദങ്ങള്‍ ദൈവത്തിനു മുമ്പില്‍ വിലപ്പോയില്ല.

അദ്ദേഹത്തിന്റെ ബലഹീനതകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ഫര്‍വോന്റെ അടിമത്വത്തില്‍ നിന്നും ഇസ്രയേല്യരെ രക്ഷിക്കാന്‍ ദൈവം മോശയെ തിരഞ്ഞെടുത്തത് (പുറ: 4ാം) അദ്ധ്യായം 10-ാം വാക്യം മുതലുള്ള ഭാഗങ്ങളില്‍ രേഖപ്പെടുത്തപ്പെടുന്നു. 17-ാം വാക്യത്തിലാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയുള്ള വടി ദൈവം മോശക്കു നല്‍കുന്നത്. മഹാപുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അങ്ങയുടെ തൃക്കൈകളില്‍ ദൈവം നല്‍കിയ അംശവടിയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവം സാദ്ധ്യമാക്കട്ടെ.!

നിങ്ങള്‍ എന്നെയല്ല ഞാന്‍ നിങ്ങളെയാണ് തിരഞ്ഞെടുത്ത് (വി: യോഹന്നാന്‍ 15ാം അധ്യായം 16-ാം വാക്യം) എന്ന് ബൈബിള്‍ വചനം ഇവിടെ പൂര്‍ണ്ണമാവുകയാണ്. ഹൃദയാങ്കണത്തില്‍ അങ്കുരിക്കുന്ന പൂപുഞ്ചിരി വദനാങ്കണത്തില്‍ വിരിയിച്ചുകൊണ്ട് നിഷ്‌കളങ്കതയുടെ തുളുമ്പാത്ത നിറകുടമായി മലബാര്‍ ഭദ്രാസനത്തിന്റെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റ ഗീവര്‍ഗ്ഗീസ് മാര്‍ സ്തേഫാനോസ് എന്ന മഹാപുരോഹിതന്‍ ഡേവിസ് ചിറമേലച്ചനോടൊപ്പം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയോടൊപ്പം വൃക്കദാനത്തിലൂടെ ലോകത്തിനു മാതൃകയായപ്പോള്‍ മലങ്കരസുറിയാനി സഭയുടെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയായിരുന്നു.

അവശന്മാര്‍ ആര്‍ത്തന്മാര്‍ ആലംബഹീനന്മാര്‍ അവരുടെ സങ്കടമാരറിയാന്‍ മഹാകവി ചങ്ങമ്പുഴയുടെ ദു:ഖഭാരം പ്രിയപിതാവിനും വേദനയായി വലതുകൈചെയ്യുന്നതെന്തെന്ന് ഇടതുകൈ അറിയരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ സമൂഹം അത് തിരിച്ചറിഞ്ഞിരുന്നു. ഉരഞ്ഞാല്‍ മണം പൊന്തുന്ന ചന്ദനകാതലുള്ള പൗരോഹിത്യചിത്തത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ജ്ഞാനത്തിന്റെ സ്വരമുത്തുകള്‍ അദ്ദേഹത്തിന്റെ പതിനേഴോളം പുസ്തകങ്ങളില്‍ പ്രതിദ്വനിക്കുന്നുണ്ട്.

അമൃതപിയൂഷമായ വാക്കുകളിലൂടെ സമൂഹത്തിനു സമ്മാനിക്കപ്പെട്ട ഈ പുസ്തകങ്ങള്‍ ചരിത്രത്തിന്റെ ഏടുകളായി മാറുമെന്നതില്‍ സംശയമില്ല. ശലോമോന്‍ രാജാവ് ദൈവത്തോട് ചോദിച്ച വരവും മറ്റൊന്നായിരുന്നില്ല. നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും (1 രാജാ: 3ന്റെ) 7ാം വാക്യം മുതല്‍ രേഖപ്പെടുത്തപ്പെടുന്നു.

അങ്ങയുടെ ഈ പ്രാര്‍ത്ഥന ദൈവതിരുസന്നിദ്ധിയില്‍ സ്വീകാര്യമായി ഭവിക്കട്ടെ. കടലില്ലാത്ത ദേശത്ത് ജനിച്ച അങ്ങ് കാരുണ്യകടലായും, തീവണ്ടിയില്ലാത്ത നാട്ടിലെ കാരുണ്യത്തിനായുള്ള ചൂളംവിളിയായും അങ്ങയുടെ ശബ്ദം കേള്‍ക്കപ്പെടട്ടെ! സ്നേഹത്തിന്റേയും ജ്ഞാനത്തിന്റേയും കാരുണ്യത്തിന്റേയും ആഗേനയാസ്ത്രങ്ങള്‍ അങ്ങയുടെ ഹൃദയമാകുന്ന അമ്പൊഴിയാത്ത ആവനാഴിയില്‍ നിന്നം പ്രയോഗിക്കപ്പെടുമ്പോള്‍ ഞങ്ങളുടെ ദു:ഖഭാരങ്ങള്‍ ഇറക്കിവെക്കാനുള്ള അത്താണിയായി അവിടുന്ന് മാറ്റപ്പെടുമെന്നതില്‍ പക്ഷാന്തരമില്ല. (സങ്കീ: 55-22)

‘ഒരു മാന്‍പേടയുടെ ശാന്തതയാണ് അങ്ങില്‍ പ്രകടമാകുന്നതെങ്കിലും സ്നേഹമുള്ള ഒരു സിംഹം അങ്ങില്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’. (കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. (സങ്കീ. 34-7) ആരാധകരുടെ മനസ്സില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന അങ്ങ് മോഘജോതിസ്സ് പോലെ പ്രഭാതത്തിലെ വെള്ളിനക്ഷത്രം പോലെ മിന്നിതിളങ്ങാനല്ലാതെ തമസ്‌ക്കരിക്കപ്പെടാനാഗ്രഹിക്കാത്തവരാണ് ഞങ്ങള്‍.

അങ്ങേക്ക് ഊന്ന് വടികളായി ഞങ്ങളുണ്ടാവണമെന്നാഗ്രഹിക്കുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മഹാപുരോഹിതനായി പരി. പാത്രിയര്‍ക്കീസ് ബാവായുടെ തൃക്കരങ്ങളാല്‍ വാഴിക്കപ്പെട്ട അങ്ങ് മലബാര്‍ ഭദ്രാസനത്തിനും, സഭയ്ക്കും സമൂഹത്തിനും പ്രത്യേകാല്‍ വയനാടന്‍ ജനതക്കും നാവായും, തണലായും, തുണയായും മാറട്ടെ എന്നാശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

ഇന്നീ ദേശത്തിന്റെ അഭിമാനമായി മാറിയ അങ്ങയെ അദൃശ്യത്തിന്റെ സിംഹാസനത്തില്‍ ആരുഢനായിരിക്കുന്ന ദൈവം തമ്പുരാന്‍ ആയുരാരോഗ്യസംഖ്യങ്ങളും സര്‍വ്വവിധ അനുഗ്രഹങ്ങളും നല്‍കി. ആശീര്‍വദിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

അങ്ങയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത സഭാനേതൃത്വത്തിനും അഭിവന്ദ്യ പിതാക്കന്മാര്‍ക്കും പ്രത്യേകാല്‍ നിയുക്ത കാതോലിക്കയായ ഗ്രീഗോറിയോസ് തിരുമേനിക്കും മലബാര്‍ ഭദ്രാസനത്തിലെ നേതൃത്വനിരക്കും, ആശയോടെയും പ്രാര്‍ത്ഥനയോടെയും കാത്തിരുന്ന സഭാമക്കള്‍ക്കും, ഹൈന്ദവ സഹോദരങ്ങള്‍ക്കും, മുസ്ലീം സഹോദരങ്ങള്‍ക്കും സര്‍വ്വോപരി സകലവും നിവര്‍ത്തിയാക്കുന്ന സര്‍വ്വേശ്വരനും നന്ദിയര്‍പ്പിക്കുന്നു.

പ്രിയ പിതാവിന് സര്‍വ്വമംഗളങ്ങളും ഭാവുകങ്ങളും ആശംസിക്കുന്നു. പിതാവിന്റെ എല്ലാ പ്രസംഗങ്ങളുടേയും അവസാനവാചകം ഇങ്ങനെയാണ് ”ദൈവ തിരുനാമം മാത്രം മഹത്വപ്പെടട്ടെ…”

സ്നേഹാദരവുകളോടെ

ഇ.ജെ പൗലോസ് ഇടയനാല്‍

മലങ്കരക്കുന്ന് ഇടവക
സുല്‍ത്താന്‍ ബത്തേരി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments