(എബി മക്കപ്പുഴ)
ഡാളസ്:നിർദിഷ്‌ട വിമാനത്താവള പദ്ധതി മൂലം പ്രദേശത്തുണ്ടായേക്കാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരുത്തി വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സർക്കാർ പരിശോധിച്ചു വരികയാണ്. ഇത് പൂർത്തിയായാൽ സ്ഥലം എടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിലേക്ക് നടപടികൾ എത്തും. ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ടിൽ പരിശോധന പൂർത്തിയാകും. റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ചാണ് ഇനി അന്തിമ വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കുക.ഒരു മാസത്തിനകം അന്തിമ വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന. വിജ്ഞാപനത്തിന് ശേഷം ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില, നഷ്‌ട പരിഹാര പുനരധിവാസ പാക്കേജുകൾ, തൊഴിൽ പുനരാധിവാസം, നഷ്‌ടപ്പെട്ടക്കാവുന്ന പരിസ്ഥിതി – സാംസ്കാരിക പൈതൃകങ്ങൾക്ക് പകരം തത്തുല്യമായ സംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പടെ വിവിധ തലങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ പ്രഖ്യാപിക്കാനാണ് നീക്കം. എസ്റ്റേറ്റിലും പുറത്തും.
ചെറുവള്ളി എസ്റ്റേറ്റ് മുഴുവനായി ഏറ്റെടുക്കുന്നതിനാൽ എസ്റ്റേറ്റിലെ തൊഴിലാളികളെയും സർക്കാർ ഏറ്റെടുക്കേണ്ടി വരും. എസ്റ്റേറ്റിൽ പൊളിച്ചു മാറ്റേണ്ടി വരുന്ന ആരാധനാലയങ്ങൾക്ക് പകരം പുനർ നിർമാണം നടത്തുന്നത് സംബന്ധിച്ചും അങ്ങനെ എങ്കിൽ അത് എവിടെ സാധ്യമാക്കണമെന്നത് സംബന്ധിച്ചും പാക്കേജുകളുടെ രൂപരേഖയിൽ വ്യക്തത നൽകേണ്ടി വരും. പാലാ സബ് കോടതിയിൽ സർക്കാരുമായി എസ്റ്റേറ്റിന്റെ ഉടമസ്ഥ തർക്കം നിലനിൽക്കുന്നതിനാൽ പരിഹാര ധാരണ സ്വീകരിക്കാതെ എസ്റ്റേറ്റ് ഏറ്റെടുക്കൽ സാധ്യമാകില്ല. എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കുന്നതിനും പാക്കേജ് പ്രഖ്യാപിക്കണം. ഈ പാക്കേജിൽ എല്ലാതലങ്ങളും പ്രതിപാദ്യമാകണം. വീടുകൾ നഷ്‌ടപ്പെടുന്നവർക്ക് പ്രാഥമിക പരിഗണന ലഭ്യമാകണം. സ്ഥലം നഷ്‌ടപ്പെടുന്നവർക്ക് വില ഉൾപ്പടെ പാക്കേജ് അനുവദിക്കണം. മരങ്ങൾ മുറിച്ചു നീക്കുന്നതിന്റെ നഷ്‌ടപരിഹാരവും ഉൾപ്പെടണം.
2013 ൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് പാക്കേജുക തയ്യാറാക്കുക എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതു ആവശ്യങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ ഈ നിയമം മുൻനിർത്തി ആണ് നടപടികൾ സ്വീകരിക്കേണ്ടത് എന്നതിനാൽ മികച്ച നിലയിലുള്ള നഷ്ടപരിഹാരമാണ് ലഭ്യമാവുക. നിലവിലുള്ള വിപണി മൂല്യവും മൂന്ന് വർഷത്തിനിടെ മേഖലയിൽ നടന്ന സ്ഥലം വില്പന രജിസ്ട്രേഷനിൽ ലഭിച്ച മുന്തിയ വിലയും ദേശീയ പാതയ്ക്ക് സ്ഥലം നൽകുന്നതിൽ അനുഭവിക്കുന്ന ഉയർന്ന നിരക്കും ആസ്പദമാക്കിയാണ് സ്ഥലങ്ങൾക്ക് വില നിശ്ചയിക്കുക. അന്തിമ വിജ്ഞാപനം പ്രാബല്യത്തിലായത് മുതലുള്ള ബാങ്ക് നിരക്ക് പലിശ കൂടി നഷ്ടപരിഹാരം അനുവദിക്കുമ്പോൾ ലഭിക്കും. രണ്ടോ മൂന്നോ ഘട്ടമായാണ് തുക കൈമാറുന്നതെങ്കിൽ അത് വരെയുള്ള പലിശയും ലഭിക്കുമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
സ്പെഷ്യൽ ഓഫിസ്.
അന്തിമ വിജ്ഞാപനം വരുന്നതോടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്പെഷ്യൽ റവന്യു ഓഫിസ് തുറക്കും. സ്ഥലങ്ങളുടെ മൂല്യം പരിശോധിച്ച് വില നിർണയിക്കൽ ഉൾപ്പടെ നടപടികൾ ഈ ഓഫീസിൽ നിന്നാണ് സ്വീകരിക്കുക.
കേസ് തീർപ്പാകണം.
സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകണമെങ്കിൽ നിലവിൽ സ്ഥലം ഉടമകൾ ഹൈക്കോടതിയിൽ നൽകിയ കേസിൽ തീർപ്പ് ഉണ്ടാകേണ്ടതുണ്ട്. ഈ കേസിൽ നടപടികൾ ഏകദേശം മുന്നോട്ടു പോയിട്ടുണ്ട്. സർക്കാർ നൽകിയ ഉറപ്പുകൾ മുൻനിർത്തി സ്ഥലം ഏറ്റെടുക്കലിൽ കോടതിയിൽ കൂടുതൽ വ്യക്തത കൈവന്നാൽ കേസിൽ പെട്ടന്ന് തീർപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റ് പൂർണമായും ഏറ്റെടുക്കുമെന്നിരിക്കെ ഇത് കണക്കിലെടുക്കാതെ എസ്റ്റേറ്റിൽ പുതിയ കൈത കൃഷിക്കുള്ള മണ്ണൊരുക്കൽ ആരംഭിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. മുമ്പ് റബർ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലങ്ങളിൽ ആരംഭിച്ച കൈത കൃഷിയും റബർ തൈ പ്ലാന്റേഷനും തുടർന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞയിടെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലങ്ങളിലും കൈത കൃഷിക്ക് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. അതേസമയം കൈത കൃഷിയ്ക്ക് നേരത്തെ കരാർ നൽകിയിരുന്നതാണെന്ന് കരാറുകാർ പറയുന്നു. സ്ഥലം ഏറ്റെടുക്കൽ നടന്നാൽ കൃഷി അവസാനിപ്പിക്കേണ്ടി വരും. അങ്ങനെ ആയാൽ തങ്ങൾക്ക് നഷ്ടപരിഹാരം മാനേജ്‌മെന്റ് നൽകുമെന്ന് കരാറുകാർ പറയുന്നു.
““““““““““““““`
ഇപ്പോഴും സംശയങ്ങളുടെ നീർച്ചുഴിയിൽ കഴിയുന്ന മലയോര കർഷകർക്ക് ചെറുവള്ളി അന്താരാഷ്ര വിമാനത്താവളം പൂവണിയുവാൻ സമയം വിദൂരമല്ലെന്നു ആശ്വസിക്കാം.