ബാബു പി സൈമൺ
ഡാളസ് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് സഭാ പ്രതിനിധി മണ്ഡലം തിരഞ്ഞെടുത്ത മൂന്നു വൈദികരെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തുന്ന നിയോഗ ശുശ്രൂഷ ഒക്ടോബർ മാസം 2നു റാന്നി പഴവങ്ങാടികര ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വെച്ചു നടത്തപ്പെടുന്നു.
മാർത്തോമ സഭയുടെ പരമാധ്യക്ഷൻ, റൈറ്റ് .റവ.ഡോ. തീയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സഭയിലെ സഫ്രാഗ്രൻ മെത്രാപ്പോലീത്തമാരായ റൈറ്റ്.റവ. ഡോ. യുയാക്കിം മാർ കൂറിലോസ് , റൈറ്റ്.റവ. ഡോ. ജോസഫ് മാർ ബർണബാസ്, സഭയിലെ മറ്റു തിരുമേനിമാരും , നിയോഗ ശുശ്രൂഷയിൽ സഹകാർമികത്വം വഹിക്കും.
2023 ഓഗസ്റ്റ് 30നു ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം 3 വൈദികരെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. കുന്നംകുളം ആർത്താറ്റ് മാർത്തോമ ഇടവകയിൽ ചെമ്മണ്ണൂർ കുടുംബാംഗമായ റവ. സജു സി പാപ്പച്ചൻ, റാന്നി കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിൽ കാരംവേലി മണ്ണിൽ കുടുംബാംഗമായ റവ. ഡോ. ജോസഫ് ഡാനിയൽ, മല്ലപ്പള്ളി മാർത്തോമാ ഇടവകയിൽ കിഴക്കേ ചെറുപാലത്തിൽ കുടുംബാംഗമായ റവ. മാത്യു കെ ചാണ്ടി, എന്നിവരാണ് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുക്കപ്പെട്ട കശീശന്മാർ ഈ തിരഞ്ഞെടുപ്പ് ദൈവ വിളിയായി അംഗീകരിച്ചും, ആയുഷ്കാലം മുഴുവൻ സഭയിൽ നിയോഗിക്കപ്പെടുന്ന ശുശ്രൂഷകൾക്ക് സ്വയം സമർപ്പിക്കുവാൻ ദൈവം കൃപനൽകുന്നതിന്നും സഭാ ജനങ്ങൾ പ്രാർത്ഥിക്കണം എന്നും, റബ്ബാൻ നിയോഗ ശുശ്രൂഷകളിൽ പ്രാർത്ഥനാപൂർവ്വം വന്നു പങ്കെടുക്കണമെന്നും സഭാ സെക്രട്ടറി റവ.എബി റ്റി മാമ്മൻ അറിയിച്ചു.