സതീശന്‍ നായര്‍
ചിക്കാഗോ: അതിവേഗതയില്‍ പാഞ്ഞു വന്ന സീയാറ്റില്‍ പോലീസ് ഓഫീസറുടെ കാറിടിച്ച് ജീവന്‍ പൊലിഞ്ഞ ഇരുപത്തിമൂന്നു വയസ്സുകാരിയായ ജാന്‍വിയുടെ വേര്‍പാടില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ ഖേദം അറിയിച്ചു. കൊല്ലപ്പെട്ട ജാന്‍വിയുടെ ജീവന് പതിനൊന്നായിരം ഡോളര്‍ വിലയിട്ട പോലീസ് ഉദ്യോഗസ്ഥന്റെ നീചവും പൈശാചികവുമായ സംഭാഷണം വളരെ ക്രൂരമായിപ്പോയെന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു.
ഡാനിയല്‍ ഓഡറല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി കാമില്‍ പതിഞ്ഞ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തു വന്നിരിക്കുന്നത്.
ഈ സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ ആവശ്യപ്പെട്ടു.
നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസ്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജാന്‍വിയോടുള്ള വംശീയവും, മനുഷ്യത്വരഹിതവും, അധാര്‍മ്മികവുമായ പരാമര്‍ശങ്ങള്‍ക്കും, പെരുമാറ്റത്തിനും ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കേണ്ടതും, ഇനിയും ഇതുപോലെയുള്ള നീച പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടപ്പെട്ട അധികാരികള്‍കള്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍ ഏവരും ആവശ്യപ്പെട്ടു.
തദവസരത്തില്‍ തോമസ് മാത്യു, സതീശന്‍ നായര്‍, ജോര്‍ജ് പണിക്കര്‍, അച്ചന്‍കുഞ്ഞ്, ആന്റോ കവലയ്ക്കല്‍, ബൈജു കണ്ടത്തില്‍, സെബാസ്റ്റിയന്‍ വാഴപ്പറമ്പില്‍, ടോബിന്‍ തോമസ്, പ്രൊഫ.തമ്പിമാത്യു, ജോസി കുരിശുംകല്‍, ഹെറാള്‍ഡ് ഫിഗുശേദോ, ജസ്സി റിന്‍സി, ജോര്‍ജ് മാത്യൂ, മനോജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.