വില്ലി ജോൺ ജേക്കബ്
ലാസ് വേഗാസ് : സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.
2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ ആണ്, ഇടവകപ്പെരുന്നാൾ ആയി ആഘോഷിക്കപ്പെടുന്നത്. സെപ്റ്റംബർ 23 കാലത്ത് 9 മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന് പെരുന്നാളിന്റെ വിശുദ്ധ കുർബ്ബാനയും നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ നിദാന്ത വന്ദ്യ ദിവ്യശ്രീ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാദർ യോഹന്നാൻ പണിക്കർ സഹകാർമ്മികൻ ആയിരുന്നു.

പരിശുദ്ധ ദൈവമാതാവിനെ “പരിശുദ്ധന്മാരുടെ പരിശുദ്ധയായിട്ടാണ് ലോകക്രൈസ്തവ നമൂഹം ഉൾക്കൊണ്ടിരിക്കുന്നതെന്നും, വിശ്വാസം, വിനയം, വിശ്വസ്തത എന്നീ വലിയ സൽഗുണങ്ങൾ നിറഞ്ഞ ജീവിത വിശുദ്ധിയുള്ള സ്ത്രീരത്‌നം ആയതുകൊണ്ട് ആണ്, ദൈവപുത്രന് മാനുഷനായി ജനിക്കുവാൻ, കന്യകാമറിയത്തെ ദൈവം സ്വന്തം അമ്മയായി തിരഞ്ഞെടുത്തതെന്ന്” മെത്രാപ്പോലീത്താ തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഉള്ള മദ്ധ്യസ്ഥത, ലോകത്തിലെ മുഴുവൻ വിശ്വാസ സമൂഹത്തിന് പൂർണ്ണമായ ദൈവീകാനുഗ്രഹം സ്വർഗ്ഗത്തിൽനിന്ന് ദാനമായി ലഭിക്കും എന്നത് നിശ്ചയമായ യാഥാർഥ്യമാണ് എന്ന് തിരുമേനി തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചു. ഭാരതസംസ്കാരത്തെ പൂർണ്ണമായി ഉൾക്കൊണ്ടുതന്നെ, ലാസ് വേഗാസിലെ ഓർത്തഡോക്സ് സഭാവിശ്വാസികൾ, അമേരിക്കൻ ജീവിതവുമായി പൊരുത്തപ്പെട്ട് ജീവിക്കുമ്പോഴും, തങ്ങളുടെ പൈതൃകത്തെ മറക്കാതെ, ക്രൈസ്തവ വിശ്വാസം യുവതലമുറയിലേക്കു പകർന്നു നൽകാൻ ഇത്തരം പെരുന്നാളുകളും ആഘോഷങ്ങളും കൊണ്ടാടുന്നത് പ്രത്യേകം ശ്‌ളാഘനീയമെന്നു തിരുമേനി എടുത്തു പറഞ്ഞു.

തുടർന്ന് ഓർത്തഡോക്സ് പാരമ്പര്യത്തിലുള്ള ഭക്തിനിർഭരമായ റാസയിൽ വിശുദ്ധ ബൈബിളും കൊടികളും മുത്തുക്കുടകളും വഹിച്ചുകൊണ്ട് ഇടവക വികാരി യോഹന്നാൻ പണിക്കർ അച്ചന്റെ നേതൃത്വത്തിൽ, വിശ്വാസികൾ ദൈവമാതാവിന്റെ സ്തുതിഗീതങ്ങളും ആലപിച്ചു പ്രാർത്ഥനാപൂർവ്വം പങ്കെടുത്തു. തുടർന്ന്, ദേവാലയത്തിൽ പ്രതേക മദ്ധ്യസ്ഥപ്രാർത്ഥനകൾക്ക്, ഇടവക മെത്രാപ്പോലീത്താ കാർമ്മികത്വം വഹിച്ചു ശ്ലൈഹീക വാഴ്‌വ് നൽകി വിശ്വാസികളെ അനുഗ്രഹിച്ചു.
അതിനുശേഷം മെത്രാപ്പോലീത്തയ്ക്ക് പ്രത്യേക സ്വീകരണം നൽകി. ഇടവകയുടെ ആത്മീയവും ഭൗതീകവുമായ ഏല്ലാ വളർച്ചക്കും നേതൃത്വം നൽകുന്ന പണിക്കർ അച്ചന്റെ നിസ്തുലമായ സേവനം വളറെയധികം പ്രകീർത്തിക്കപ്പെടുന്നുവെന്നും, ഇടവക മുഴുവൻ അദ്ദേഹത്തോട് പ്രത്യേകമായി കടപ്പെട്ടിരിക്കുന്നുവെന്നും ഏല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തുകൊണ്ട് ഇടവക സെക്രട്ടറി ജോൺ ചെറിയാൻ തന്റെ സ്വാഗതപ്രസംഗത്തിൽ പ്രസ്താവിച്ചു.

ഇടവക വികാരി പണിക്കർ അച്ഛന്റെ പൗരോഹിത്യശുശ്രൂഷയുടെ നാല്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ആശംസ മെത്രാപ്പോലീത്ത അറിയിച്ചുകൊണ്ട് , അച്ചന് പൂച്ചെണ്ട് നൽകി അനുമോദിച്ചു.
സെക്രട്ടറി ജോൺ ചെറിയാന്റെ നേതൃത്വത്തിൽ ട്രസ്റ്റി തോമസ് മാത്യു ജോയിസ്, മുൻ ട്രസ്റ്റി വില്ലി ജോൺ ജേക്കബ്, ബാബു കരുമാങ്കൽ, ബിജു മാത്യു, സജീ വറുഗീസ്, ബിജു ജോർജ്ജ് തുടങ്ങിയവർ പെരുന്നാൾ അനുഗ്രഹപ്രദമാക്കാൻ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി. സ്നേഹവിരുന്നിനു ജെന്സി മാത്യു, ത്രേസ്സ്യാമ്മ ബാബു, ദീനാ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
ജെനി ഗിരീഷ്, ജെന്സി മാത്യു, ഷീബാ സജീ, റീനു ബാബു എന്നിവർ ചേർന്ന ഗായക സംഘത്തിന്റെ ഭക്തിനിർഭരമായ ഗാനങ്ങളും പ്രാർത്ഥനകളും, ആരാധനയ്ക്കു കൂടുതൽ ഭക്തിസാന്ദ്രത നൽകി.
ലാസ് വേഗാസിലെ സഹോദരസഭകളിൽനിന്നും ധാരാളം വിശ്വാസികൾ പങ്കെടുത്തു. മുഴുവൻ അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളിൽ കൂടി ഈ വർഷത്തെ പെരുന്നാൾ അനുഗ്രഹപ്രദമായി സമാപിച്ചു.