Thursday, March 28, 2024

HomeAmericaതരൂരോ ഖാര്‍ഗെയോ...? അഖിലേന്ത്യാ കോണ്‍ഗ്രസ് തലപ്പത്ത് ആരു വേണം..?

തരൂരോ ഖാര്‍ഗെയോ…? അഖിലേന്ത്യാ കോണ്‍ഗ്രസ് തലപ്പത്ത് ആരു വേണം..?

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍), രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)

ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ പ്രസിഡന്റിനെ നിശ്ചയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. തന്റെ പ്രതിഭ കൊണ്ട് ഐക്യരാഷ്ട്രസഭയോളം വളര്‍ന്നെത്തിയ തിരുവനന്തപുരത്തിന്റെ എം.പി ശശി തരൂരും കര്‍ണാടകത്തില്‍ ജനിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദത്തില്‍ വരെയെത്തിയ മുന്‍ കേന്ദ്രമന്ത്രിയും ദളിതനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും തമ്മിലാണ് കടുത്ത മത്സരം.

കോണ്‍ഗ്രസിന്റെ അധ്യക്ഷപദത്തിലേക്കുള്ള പോരാട്ടം പാര്‍ട്ടിയെ ഊര്‍ജ്ജ്വസ്വലമാക്കാനുള്ള സൗഹൃദ മത്സരമാണെന്ന് സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കിയെങ്കിലും നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. ഇരു സ്ഥാനാര്‍ഥികളും പ്രചാരണം അതിശക്തമാക്കി മുന്നോട്ടു പോകുന്ന കാഴ്ചയാണിപ്പോള്‍.

കോണ്‍ഗ്രസ് പ്രസിഡന്റ് ആരാരായിരിക്കുമെന്നുള്ള ചോദ്യത്തിന് ഈ മാസം 19-ാം തീയതി ഉത്തരം കിട്ടും. 17-ാം തീയതിയാണ് തിരഞ്ഞെടുപ്പ്. അതേസമയം, ശശിതരൂരാണോ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണോ ആ വലിയ സ്ഥാനത്തിന് യോഗ്യന്‍ എന്ന ചോദ്യം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ആവര്‍ത്തിച്ച് മുഴങ്ങിക്കേള്‍ക്കുന്ന നാളുകളാണിത്.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 1969ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമ ബിരുദധാരിയായ അദ്ദേഹം അഭിഭാഷകനായി വളരെക്കാലം പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് കര്‍ണ്ണാടക മന്ത്രിസഭയില്‍ വിവധ കാലങ്ങളിലായി ഏഴു തവണ മന്ത്രിയാവുകയും പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. 2005ല്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ അദ്ദേഹം പിന്നീട് എ.എ.സി.സി ജനറല്‍ സെക്രട്ടറിയും ഡോ. മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ റെയില്‍വേ, തൊഴില്‍ മന്ത്രിപദം അലങ്കരിക്കുകയും ചെയ്തു.

രാജ്യസഭയിലും ലോക്‌സഭയിലും അംഗമായ അദ്ദേഹം രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ്, കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്. പക്ഷേ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 81 വയസ്സുള്ള വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന്റെ കെട്ടുറപ്പിന് എത്രത്തോളം ഗുണകരമായി ഭവിച്ചു എന്ന് വിചിന്തനം ചെയ്യേണ്ടതുണ്ട്.

ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനായി 2009ലാണ് ശശി തരൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൂന്ന് തവണ അദ്ദേഹം ലോക്‌സഭാംഗമായി. കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികള്‍ തരൂര്‍ വഹിച്ചിരുന്നു. എന്നാല്‍ ഇപ്പറഞ്ഞ പദവികളില്‍ മാത്രം ഒതുങ്ങുന്നതല്ല തരൂരിന്റെ പ്രാഗല്‍ഭ്യം. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തിക്കാട്ടാനാവുന്ന ഉജ്ജ്വലവ്യക്തിത്വത്തിനുടമയാണ് അദ്ദേഹം.

ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകള്‍ക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു തരൂര്‍.

കേവലം ഒരു രാഷ്ട്രീയ നേതാവിനപ്പുറം ബഹുമുഖ പ്രതിഭ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട ആളാണ് അദ്ദേഹം. ഐക്യരാഷ്ട്രസഭയോളം എത്തിയ തരൂരിന്റെ നേതൃപാടവം ലോകം കണ്ടതാണ്. അത്തരത്തില്‍ ഇന്ത്യയുടെ ആഗോളമുഖമാണ് തരൂരിന്റേത്. ചിന്തകനും വാഗ്മിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും നയതന്ത്രജ്ഞനുമാണ് തരൂര്‍.

ലോകത്തെ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന കോണ്‍ഗ്രസിന്റെ തലപ്പത്ത് തരൂര്‍ എത്തുന്നത് എന്തുകൊണ്ടും ഉചിതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തരൂരിനെ ഒരു വിമതനേതാവ് എന്ന തരത്തില്‍ ഉയര്‍ത്തിക്കാട്ടാതെ കോണ്‍ഗ്രസിന്റെ ഗുണപരമായ നേട്ടത്തിന് അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന അഭിപ്രായങ്ങള്‍ വ്യാപകമായി ഉയരുന്നുമുണ്ട്.

രണ്ട് പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു എന്നത് പാര്‍ട്ടിയുടെ ദൗര്‍ബല്യമായി ഒരു കാരണവശാലും കാണേണ്ടതില്ല. വാസ്തവത്തില്‍ ഈ തിരഞ്ഞെടുപ്പ് തന്നെ കോണ്‍ഗ്രസ് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യത്തിന്റെ കൊടിയടയാളമാണ്. കോണ്‍ഗ്രസിന്റെ പ്രസിഡന്റാവാന്‍ തനിക്ക് താത്പര്യമില്ല എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതില്‍ നിന്നും വലിയൊരു പാഠമാണ് അദ്ദേഹം കോണ്‍ഗ്രസിന് പകര്‍ന്നു നല്‍കിയിരിക്കുന്നത്.

സമവായത്തിലൂടെ ഒരു പ്രസിഡന്റ് എത്തിയാല്‍ കോണ്‍ഗ്രസിന്റെ ശോഭനമായ ഭാവിക്ക് അത്രമേല്‍ ഉചിതമാവുകയില്ല എന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ശശിതരൂരിന്റെ സ്ഥാനാര്‍ഥിത്വം വിമതസ്വരമായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. മല്‍സരം ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റായിത്തന്നെ എടുക്കണം.

കോണ്‍ഗ്രസില്‍ ഒരു സമവായ പ്രസിഡന്റ് വന്നാല്‍ ബി.ജെ.പിക്കെതിരായ ഒരു വലിയ പ്രതിപക്ഷ ഐക്യനിരയെ കെട്ടിപ്പടുക്കുന്നതിന് സഹായകരമാവില്ല എന്ന വിലയിരുത്തലുമുണ്ട്. ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തി അധ്യക്ഷനെ നിശ്ചയിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ ഗുണപരമായ നേട്ടത്തിന് അത് വഴിയൊരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇനി തരൂര്‍ പരാജയപ്പെട്ടാല്‍ തന്നെയും അദ്ദേഹത്തെ പാര്‍ലമെന്റിലെ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസിന് എന്തുകൊണ്ടും പരിഗണിക്കാവുന്നതാണ്. കാരണം, ഫ്‌ളോര്‍ ലീഡര്‍ എന്ന നിലയില്‍ അദ്ദേഹം എത്തുന്നതോടെ പ്രതിപക്ഷത്തിന്റെ ശബ്ദം കൂടുതല്‍ ശക്തവും കാര്യക്ഷമവും കണിശവുമാകും.

ലോകം കേട്ടുകൊണ്ടിരിക്കുന്നതാണ് തരൂരിന്റെ ഓരോ വാക്കും. ലോകം കണ്ടുകൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും. ആ നിലയ്ക്ക് അതിനെയെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതിഫലനമായി മാറ്റാനുള്ള ഏറ്റവും ഉചിതമായ അവസരമാണ് വോട്ടിങ്ങ് പവറുള്ള കോണ്‍ഗ്രസുകാര്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. പ്രചാരണ രംഗത്തുള്ള തരൂരിന്റെ സ്വീകാര്യത ഒരോദിവസവും വര്‍ദ്ധിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1000 വോട്ടിന് മുകളില്‍ ലഭിച്ചാല്‍ അത് തരൂരിന് വലിയ നേട്ടമാണ്. 300 ഓളം വോട്ടുകളുള്ള കേരളത്തില്‍ നിന്ന് പകുതി വോട്ടുകള്‍ തരൂരിന്റെ ക്യാമ്പ് പ്രതീക്ഷിക്കുന്നു. അത് യാഥാര്‍ഥ്യമായാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്കൊപ്പമാണ് തങ്ങള്‍ എന്നു പ്രഖ്യാപിച്ച കെ.പി.സി.സി നേതൃത്വത്തിന് കനത്ത തിരിച്ചടിയാകും.

ഇനി വോട്ടിങ്ങ് നടപടികളെപ്പറ്റിയുള്ള വിവരമിങ്ങനെ സംഗ്രഹിക്കാം.

22 വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിനിധികളില്‍ പലര്‍ക്കും വോട്ട് ചെയ്ത് മുന്‍പരിചയമില്ല. ഒരു സംസ്ഥാനത്തിന്റെ ഏറ്റവും വിദൂരമായ സ്ഥലത്ത് നിന്നുള്ള പ്രതിനിധികള്‍ക്ക് പോലും വോട്ട് ചെയ്യാന്‍ സംസ്ഥാന തലസ്ഥാനത്തേക്ക് എത്തേണ്ടതുണ്ട്. ഓരോ വോട്ടര്‍മാര്‍ക്കും ഫോട്ടോ പതിപ്പിച്ചിട്ടില്ലാത്ത ഒരു സീരിയല്‍ നമ്പറുള്ള കാര്‍ഡാണ് വിതരണം ചെയ്തിട്ടുള്ളത്.

ഈ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ പ്രതിനിധികള്‍ക്ക് പോളിങ്ങ് ബൂത്തില്‍ കയറാന്‍ കഴിയൂ. രഹസ്യ വോട്ടിങ്ങാകും നടക്കുക. ഇതിന് ശേഷം ബാലറ്റ് പെട്ടികള്‍ സീല്‍ ചെയ്ത് 18നു രാത്രിയോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിക്കും. 19നു പെട്ടി തുറന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റ് പേപ്പറുകള്‍ ഒന്നിച്ചിട്ട് കൂട്ടിക്കലര്‍ത്തിയ ശേഷമായിരിക്കും വോട്ടെണ്ണുന്നത്.

ബാലറ്റ് പേപ്പര്‍ നോക്കിയാല്‍ പ്രതിനിധികള്‍ ആര്‍ക്കാണ് വോട്ടിട്ടതെന്ന് കണ്ടെത്താന്‍ കഴിയില്ല. ഒരോ സംസ്ഥാനത്ത് നിന്നും തരൂരിനോ ഖാര്‍ഗെയ്‌ക്കോ എത്ര വോട്ട് വീതം ലഭിച്ചുവെന്നും അറിയാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ വച്ചാണ് പെട്ടി തുറക്കുന്നത്. ആര്‍ക്കും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കില്ല.

ഒരു ഭാരവാഹിക്ക് പോലും സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സംസാരിക്കാനും അവകാശമില്ല. അങ്ങനെ സംഭവിച്ചാല്‍ അയാള്‍ തന്റെ സ്ഥാനം രാജിവെയ്‌ക്കേണ്ടിവരും. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസിന്റെ ഭരണഘടന അടിസ്ഥാനമാക്കിയാണ് പാര്‍ട്ടിക്ക് പുതുജീവന്‍ പകരുമെന്ന് പ്രതീക്ഷിക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments