Thursday, March 28, 2024

HomeAmericaആദരവിനും ആശംസകള്‍ക്കും നന്ദി: ഡോ. മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

ആദരവിനും ആശംസകള്‍ക്കും നന്ദി: ഡോ. മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

spot_img
spot_img

സണ്ണി കല്ലൂപ്പാറ

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ അതീവ സന്തുഷ്ഠനാണെന്നും വിശ്വാസ ദീപ്തിയില്‍ ഐക്യപ്പെട്ട് നില്‍ക്കുന്ന ഏവരെയും വീണ്ടും കാണുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നല്‍കിയ ഊഷ്മള സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ അധിപനായിരുന്ന അഭിവന്ദ്യ തിരുമേനി, മെത്രാപ്പോലീത്ത ആയശേഷം ആദ്യമായി ഭദ്രാസനം സന്ദര്‍ശിക്കുന്നതിന്റെ ആഹ്ലാദ നിറവിലാണ് വിശ്വാസികള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ വരവേറ്റത്.

മലങ്കര ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാമത് മാര്‍ത്തോമായും കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമാണിപ്പോള്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപോലീത്ത. 2020 നവംബര്‍ 14ന് ആണ് മാര്‍ത്തോമ്മാ സഭയുടെ 22-ാം മാര്‍ത്തോമ്മായായി അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.

”ഇവിടുത്തെ സേവനകാലത്ത് എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഞാന്‍ വളരെ അനന്ദിച്ചു. ഇപ്പോള്‍ പുതിയ നിയോഗവുമായെത്തുമ്പോള്‍ ആശംസകളാലും പ്രാര്‍ത്ഥനകൊണ്ടും സ്‌നേഹം ചൊരിഞ്ഞും നിങ്ങള്‍ എനിക്ക് ബലമേകുന്നതില്‍ വളരെ നന്ദിയുണ്ട്. ഭദ്രാസനം അതിന്റെ വേഗത്തിലുള്ള വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനു കാരണം തിരുമേനിമാര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവരുടെ വിശ്വാസത്തില്‍ ചാലിച്ചെടുത്ത ഒത്തൊരുമയാണ്. ഒരു കേടും തട്ടാതെ അത് നിലനിര്‍ത്തേണ്ടതുണ്ട്…”അഭിവന്ദ്യ തിരുമേനി വ്യക്തമാക്കി.

അമേരിക്കന്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയിലാണ് റവ. ഡോ. തീയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് വിപുലമായ സ്വീകരണമൊരുക്കിയത്. അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കുകയും എപ്പിസ്‌കോപ്പസിയുടെ 30-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ സേവന നിരതമായ നിയോഗത്തെ അഭിവന്ദ്യ തിരുമേനി ശ്ലാഘിച്ചു. സ്വീകരണ സമ്മേളനത്തില്‍ യു.എസ് സെനറ്റര്‍ ചാള്‍സ് ഇ ഷൂമറിന്റെ (ന്യൂയോര്‍ക്ക്) സാന്നിധ്യം ശ്രദ്ധേയമായി.

യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്റ്റേഫാനോസ്, എപ്പിസ്‌ക്കോപ്പല്‍ സഭയുടെ ബിഷപ്പ് ജോണ്‍സി ഇട്ടി, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ റണ്‍ധീര്‍ ജസ്വാള്‍, ഭദ്രാസനത്തിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഡോ. മാത്യു ടി തോമസ്, ഡോ. റോണ്‍ ജേക്കബ്, സുമ ചാക്കോ, ബിജി ജോബി, മാസ്റ്റര്‍ റോബിന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

റവ. പി.എം. തോമസ് പ്രാരംഭ പ്രാര്‍ഥനയും ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം സ്വാഗതവും ഭദ്രാസന ട്രഷറാര്‍ ജോര്‍ജ് പി. ബാബു നന്ദിയും പറഞ്ഞു. റവ. സിബു പള്ളിച്ചിറ സമാപന പ്രാര്‍ഥനയും നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകയില്‍ നിന്നുമായി നാല്‍പതോളം പേരടങ്ങിയ ക്വയര്‍ ടീം ശ്രദ്ധ പിടിച്ചുപറ്റി. ജിജി ടോം, നീതി പ്രസാദ് എന്നിവരായിരുന്നു എം.സിമാര്‍. ട്രഷറര്‍ ജോര്‍ജ് പി. ബാബു ഉള്‍പ്പെടെയുള്ളവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments