Thursday, April 25, 2024

HomeAmericaകേരളം ലജ്ജിക്കില്ല, സുമനസ്സുള്ളവര്‍ ഇവിടെ ഉള്ളിടത്തോളം കാലം...

കേരളം ലജ്ജിക്കില്ല, സുമനസ്സുള്ളവര്‍ ഇവിടെ ഉള്ളിടത്തോളം കാലം…

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍), രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)

പ്രബുദ്ധ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്…? ദൈവത്തിന്റെ സ്വന്തം നാട് ലജ്ജിക്കുന്നു…? ഈ നാട് ഇനി എന്നാണ് ഉണരുക…?

സമൂഹ മനസാക്ഷിയുടെ നാഡീഞരമ്പുകളെ മരവിപ്പിച്ച നരബലിയെ സംബന്ധിച്ച് ചില മാധ്യമങ്ങള്‍ പങ്കു വച്ച വാര്‍ത്താ ടൈറ്റിലുകളില്‍ ചിലതാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇത്തരം ക്ലീഷേ പദപ്രയോഗങ്ങള്‍ നിര്‍ത്തേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു എന്ന് നമ്മള്‍ നിശ്ചയമായും ചിന്തിക്കണം. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് നടത്തിയ ആഭിചാര കുരുതിക്ക് കേരളം എന്ത് പിഴച്ചു എന്ന ചോദ്യമുണ്ട്. കാര്യങ്ങളെ സാമാന്യവത്ക്കരിക്കുന്ന ഈ രീതി ഒരിക്കലും അനുവര്‍ത്തിച്ചുകൂടാ.

ഒരു സൈക്കോപ്പാത്തും അമ്മ പെങ്ങന്മാരെ തിരിച്ചറിയാതെ ഈ നാട്ടില്‍ ജീവിക്കുകയും കൊടിയ ക്രിമിനല്‍ വാഴ്ച നടത്തുകയും ചെയ്ത ആ നരാധമനും മദ്യകൂട്ടാളികളും ചേര്‍ന്ന് നടത്തിയ നരഹത്യയ്ക്കും നരഭോജനത്തിനും ഈ നാടിന്റെ വിശിഷ്ടമായ പൈതൃകത്തിന് എന്താണ് ഉത്തരവാദിത്വം. രണ്ട് വനിതകളെ വിളിച്ചു വരുത്തി കൊന്ന് അനേക കഷണങ്ങളാക്കി അവരുടെ മാംസം ഭക്ഷിച്ച രീതിയെ അപലപിക്കാന്‍ വാക്കുകള്‍ ഇല്ല എങ്കിലും സംഭവം ഇരു ചെവി അറിയാതെ നടത്തിയ ത് ഒരു സൈക്കോപ്പാത്താണ്. വാസ്തവത്തില്‍ ആരാണ് സൈക്കോപ്പാത്ത് എന്നതിനെ പറ്റി ചിന്തിക്കുവാന്‍ ഇടം നല്‍കുന്ന വെളിപ്പെടുത്തലുകള്‍ ഇതാണ്.

സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും ആവര്‍ത്തിക്കുകയും അതില്‍ കുറ്റബോധം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന വ്യക്തിവൈകല്യമാണ് സൈക്കോപ്പാത്ത്. പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താലും തിരുത്തല്‍ ഉണ്ടാകില്ല. കുറ്റകൃത്യം ഒളിപ്പിക്കനും ശ്രമിക്കും. സംസാരത്തിലൂടെ ആളുകളെ വളരെ വേഗം കൈയിലെടുക്കാന്‍ കഴിവുണ്ടാകും ഇക്കൂട്ടര്‍ക്ക്. അടുത്തിടപഴകുന്നവര്‍ക്ക് ഈ വൈകല്യം തിരിച്ചറിയാനാകും.

മാനസിക രോഗങ്ങളുടെ പട്ടികയില്‍ വരുന്നതാണെങ്കിലും ഇത് വ്യക്തിത്വ വൈകല്യമായാണ് പരിഗണിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കിട്ടുന്ന പരിഗണന സൈക്കോപ്പാത്തിന് കിട്ടില്ല. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞുകൊണ്ട് അറിഞ്ഞുകൊണ്ടാണെന്നതിനാലാണിത്.

ആ ബോധ്യത്തില്‍ നിന്നാണ് ഒളിപ്പിക്കാനും ശ്രമിക്കുന്നത്. സൈക്കോപ്പാത്തിന്റെ ചില സൂചനകള്‍ ഇക്കൂട്ടര്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെയുണ്ടാകും. വളര്‍ത്തുമൃഗങ്ങളെയും മറ്റും ക്രൂരമായി ഉപദ്രവിക്കും. കള്ളം പറയും. മോഷ്ടിക്കും. ഈ സൂചനകള്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞാല്‍ തിരുത്താനാവും.

കേരളം അടുത്തിടെ ഞെട്ടിയ നരബലിക്ക് നിലവിലുള്ള നിയമം പറയുന്നതിങ്ങനെയാണ്… ആഭിചാരങ്ങളും ദുര്‍മന്ത്രവാദവും തടയലും ഇല്ലാതാക്കലും എന്നതാണ് നിയമ പരിഷ്‌ക്കരണകമ്മീഷന്‍ തയ്യാറാക്കിയ കരട് നിയമം. മതപരമായ ആചാരങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും 50,000 മുതല്‍ 5,00,000 വരെ രൂപ പിഴയുമാണ് ശിക്ഷ നിര്‍ദ്ദശിച്ചത്. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും പ്രാബല്യത്തില്‍ വരുത്തുക.

നിയമം അതിന്റെ വഴിക്ക് നടക്കുമായിരിക്കാം. നമ്മുടെ ജന്മനാടിന്റെ പൈതൃകവും സംസ്‌കൃതിയും മൂല്യവും പെരുമാറ്റ മര്യാദകളും കാത്ത് സൂക്ഷിച്ചുകൊണ്ടു തന്നെയാണ് മലയാളികള്‍ അവരവരുടേതായ മേഖലകളില്‍ ലോകപ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ളത്. ആ സജീവത നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് നമ്മള്‍ പ്രവാസികളായി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത്.

കേരളം ക്രിമിനലുകളുടെ നാട് എന്നൊക്കെ പറഞ്ഞും പറയിപ്പിച്ചും പ്രചാരണം കൊടുത്തും നടത്തുന്ന സോഷ്യല്‍ മീഡിയ ക്രൈം മാനിയയ്ക്ക് ഈ നാടിന് ഒരിക്കലും ഉത്തരവാദിത്വം പറയാനാവില്ല. എന്തിനാണ് ഈ നാടിനെ ശപിക്കുന്നത്. താങ്ങും തണലുമായി മലയാളികളുടെ ജന്മനാട് എപ്പോഴും ഉണ്ടാവും.

വീഴ്ചകളില്‍ നിന്ന് വീഴ്ചകളിലേക്ക് പോകാന്‍ അനുവദിക്കാതെ നമ്മെ ചേര്‍ത്തു പിടിക്കാന്‍ കേരളം എന്നും ഉണ്ടാകും. നമുക്ക് സ്വസ്ഥമായി ഉറങ്ങാന്‍…

ആഗ്രഹിച്ചതിലും കൂടുതല്‍ നല്‍കുന്ന ഈ നാടു മാത്രമേയുള്ളു…

ഈ മണ്ണ് മാത്രമേയുള്ളു…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments