Monday, December 5, 2022

HomeAmericaകേരള ഗവര്‍ണര്‍ കുതിരകയറുന്നത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുമേല്‍

കേരള ഗവര്‍ണര്‍ കുതിരകയറുന്നത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുമേല്‍

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍), രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)

കേരളത്തിലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനകീയ ജനാധിപത്യ സര്‍ക്കാരിനെതിരെ നിരന്തരം കൊമ്പുകോര്‍ക്കുന്ന ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ ദുര്‍നടപടി അതിരുകടക്കുകയാണ്. ഗവര്‍ണറുടെ ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ നിലപാടുകള്‍ ഗവര്‍ണര്‍ പദവിയുടെ അന്തസിന് ഒരിക്കലും യോജിച്ചതല്ല.

തന്നെ വിമര്‍ശിച്ചാല്‍ സംസ്ഥാനത്തെ മന്ത്രിമാതെ തെറിപ്പിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിരട്ടല്‍. ഇന്ത്യ പാലിച്ചുപോരുന്നതും ലോകം പ്രശംസിക്കുന്നതുമായ ജനാധിപത്യക്രമത്തെ തന്നെ കശാപ്പ് ചെയ്യുന്ന വിധത്തിലുള്ളതാണ് ഈ വിലയില്ലാ ഭീഷണി.

മുഖ്യമന്ത്രിയും മന്ത്രിമാരും തന്നോട് ഉപദേശരൂപേണ മാത്രമേ സംസാരിക്കാവൂ എന്നാണ് ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള ഗവര്‍ണറുടെ അധികപ്രസംഗത്തിന്റെ ആകെത്തുക. ഇപ്പോള്‍ കേരളത്തിലെ ഒന്‍പത് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരോട് നാളെ (ഒക്‌ടോബര്‍ 24) രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്, അസാധാരണ നീക്കത്തിലൂടെ ഗവര്‍ണര്‍.

കേരളത്തിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനത്തിന് ഗവര്‍ണര്‍ വഴിവിട്ട നീക്കമാരംഭിച്ചിരുന്നു. ഇതിനായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ആരീഫ് മുഹമ്മദ് ഖാന്‍ പിന്‍വലിക്കുകയും ചെയ്തു.

ഈ സംഭവത്തെത്തുടര്‍ന്ന് മന്ത്രി ആര്‍ ബിന്ദു അടക്കമുള്ളവര്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നു. ഗവര്‍ണര്‍ ആര്‍.എസ്.എസ് പാളയത്തില്‍ പോയാണ് തീരുമാനമെടുക്കുന്നതെന്നും ഇത് ജനങ്ങളെല്ലാം മനസിലാക്കിയെന്നും മന്ത്രി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. സ്വാശ്രയ കോളേജുകളെ സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ഇനിയും ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്.

”ഇത്തരം തടസങ്ങളെക്കുറിച്ച് ആലോചിച്ച് സമയം കളയേണ്ടതില്ല. സര്‍വകലാശാലകളുടെ ഉന്നതികളെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ചില തര്‍ക്കങ്ങളെക്കുറിച്ചാണ് ഓര്‍ക്കുന്നത്. എന്നാല്‍ നമുക്ക് നമ്മുടെ നാടാണ് വലുത്. അതിനിടയിലുണ്ടാകുന്ന പിപ്പിടികള്‍ക്ക് പിന്നാലെ പോകേണ്ടതില്ല…” മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്രകാരം പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മാത്രമേ മന്ത്രിമാരെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളു. മുഖ്യമന്ത്രിയുടെ ഉപദേശം അനുസരിച്ചേ ഒരു മന്ത്രിയെ നിയമിക്കാനും ഗവര്‍ണര്‍ക്കാകൂ. ഗവര്‍ണര്‍ക്ക് ഏതു മന്ത്രിയേയും നീക്കാമെന്നു വന്നാല്‍ ജനാധിപത്യാടിസ്ഥാനത്തിലുള്ള ഈ സംവിധാനമൊക്കെ തകരുമെന്നാണ് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി ആചാരി അഭിപ്രായപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മന്ത്രിമാരെ നിയമിക്കേണ്ടത് ഗവര്‍ണറാണെന്നും ഗവര്‍ണറുടെ സമ്മതി ഉള്ളിടത്തോളം മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാമെന്നും ഭരണഘടനയുടെ 164-ാം അനുഛേദത്തില്‍ പറയുന്നുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് മന്ത്രിമാരെ നീക്കുമെന്നുള്ള ഗവര്‍ണറുടെ വായ്ത്താരി. എന്നാല്‍, ഈ പരാമര്‍ശം ആലങ്കാരികമാണെന്നും ഗവര്‍ണറുടെ ഇഷ്ടപ്രകാരം മന്ത്രിമാരെ നീക്കം ചെയ്യാനാവില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മന്ത്രിസഭയുടെ ശുപാര്‍ശ അനുസരിച്ചേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്ന് ഇന്ത്യന്‍ ഭരണഘടന തന്നെ പറയുന്നുണ്ട്. ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്ന് സുപ്രീം കോടതി വിധികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ നിലയ്ക്ക് ഗവര്‍ണറുടെ രീതി ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ നിയമ വ്യവസ്ഥകളോടുള്ള അതിരുകടന്ന വെല്ലുവിളിയുമാണ്.

ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ ഭരണഘടനാ തലവനാണ്. എന്നാല്‍, ഭരണാധികാരിയല്ല. ഭരണ നിര്‍വഹണം നടത്താനുള്ള ഒരധികാരവും ഗവര്‍ണര്‍ക്കില്ല. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനാണ്, ഗവര്‍ണര്‍ക്ക് അല്ല. അതേസമയം, ഗവര്‍ണറുടെ ഭീഷണി സ്വരം മറ്റു പലതിലേക്കുമുള്ള സൂചനയായാണ് രാഷ്ട്രീയനിരീക്ഷകരും സംസ്ഥാന സര്‍ക്കാരും കാണുന്നത്.

ബി.ജെ.പിയിതര സംസ്ഥാനങ്ങളില്‍ അധികാരം വെട്ടിപ്പിടിക്കാന്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്നതിന് നമുക്കു മുന്നില്‍ തെളിവുകളേറെയുണെന്ന ആക്ഷേപമുണ്ട്. പുതുച്ചേരിയില്‍ പരീക്ഷിച്ചു വിജയംകണ്ട ഈ കുടില മാതൃക, ഡല്‍ഹിയിലും പഞ്ചാബിലും ബംഗാളിലും രാജസ്ഥാനിലും തമിഴിനാട്ടിലുമൊക്കെ സാധ്യമാക്കാനാണ് ആര്‍.എസ്.എസ് നിരന്തരം ശ്രമിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കിരണ്‍ബേദി എന്ന ലെഫ്റ്റനന്റ് ഗവര്‍ണറെ മറയാക്കിയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭരണം ശിഥിലമാക്കിയതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറുക്കുവഴിയിലൂടെ ബി.ജെ.പി അധികാരം പിടിച്ചതും.

നേരായവഴിക്ക് അധികാരത്തിലേറാന്‍ സാധ്യതയേതുമില്ലാത്തിടത്താണ് മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചും ഗവര്‍ണര്‍ പദവി പോലുള്ള സ്വതന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ചും സംസ്ഥാന ഭരണത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ നുഴഞ്ഞുകയറ്റം നടത്തുന്നത്. ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അറിവില്ലായ്മയില്‍ നിന്നാണ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ വിറപ്പിക്കലെന്നാണ് സി.പി.എം ആരോപിക്കുന്നത്.

സര്‍ക്കാരിന്റെ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിലപാടെടുത്തതോടെ പ്രതിപക്ഷവും ഗവര്‍ണര്‍ക്കെതിരായി. അതിനാല്‍ ഈ യുദ്ധപ്രഖ്യാപനം ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ല. മനസിലിരിപ്പ് നടക്കുകയുമില്ലെന്ന സൂചന ഇടതുപക്ഷം നല്‍കുന്നുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments