ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ‘പ്രവാസി ചാനല്‍’ ഹൂസ്റ്റണ്‍ റീജിയണല്‍ ഡയറക്ടറായി നിയമിക്കപ്പെട്ട പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ രാജേഷ് വര്‍ഗീസ് നേര്‍കാഴ്ച ചെയര്‍മാന്‍ എന്ന നിലയില്‍ മാധ്യമ രംഗത്തും സുപരിചിതനാണ്.
ഹൂസ്റ്റണിലെ അപ്ന ബാസാര്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) യോഗത്തില്‍ മാധ്യമ രംഗത്തെ നിരവധി അംഗങ്ങളുടെയും ഹൂസ്റ്റണിലെ സാമൂഹ്യ സാംസകാരിക രംഗത്തെ പ്രമുഖരെയും സാക്ഷി നിര്‍ത്തിയാണ് രാജേഷ് വര്‍ഗീസിനെ ഈ ചുമതല ഏല്‍പ്പിക്കുന്നതായി പ്രവാസി ചാനല്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകരായ അജു വാരിക്കാടും റോഷി മാലത്തും ഹൂസ്റ്റണ്‍ ടീമിലുണ്ട്.

ഹൂസ്റ്റണ്‍ ക്രേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.വി.എസ് ഇന്‍ഷുറന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനും ആര്‍.വി.എസ് മീഡിയ ഗ്ലോബലിന്റെ സാരഥിയും സാമൂഹിക സാമുദായിക പ്രവര്‍ത്തകനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) സെക്രട്ടറിയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചാപ്റ്റര്‍ അംഗവുമാണ് ഇദ്ദേഹം.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച രാജേഷ് വര്‍ഗീസ് ഈ പദവിക്ക് യോഗ്യനും, പ്രവാസി ചാനലിന് മുതല്‍ കൂട്ടുമാണെന്നു ചടങ്ങില്‍ അധ്യക്ഷ സ്ഥാനം വഹിച്ച ഏഷ്യാനെറ്റ് മുന്‍ ചീഫ് എഡിറ്ററും, ഇപ്പോള്‍ ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിന്റെ പ്രവര്‍ത്തകനും, ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ ജോര്‍ജ് തെക്കേമല പറഞ്ഞു.
പ്രാദേശിക തലത്തിലെ വിപുലീകരണത്തിന്റെ ഭാഗമായി അതാത് മേഖലകളിലെ ഉത്തരവാദിത്തങ്ങള്‍ ഇത്തരത്തില്‍ കൈമാറുന്നത് പ്രവാസി ചാനലിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും അതോടൊപ്പം പ്രവാസികളുടെ സ്വന്തം ചാനല്‍ എല്ലാ മലയാളികളും ഇരു കയ്യും നീട്ടി സ്വീകരിക്കും എന്നുമുള്ള പ്രത്യാശയും സുനില്‍ ട്രൈസ്റ്റാര്‍ പങ്കുവച്ചു.
വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനൊരു ചുവടുവയ്പ്പ് യാഥാര്‍ത്ഥ്യമാകുന്നത്. ഓരോ പ്രദേശത്തും നടക്കുന്ന സാമുദായിക-സാംസ്‌കാരിക പരിപാടികള്‍ പ്രേക്ഷകസമക്ഷം മിഴിവോടെ യഥാസമയം എത്തിക്കുന്നതോടൊപ്പം ആ മേഖലയില്‍ നിന്നുള്ള പരസ്യങ്ങള്‍ സംഘടിപ്പിച്ച് സാമ്പത്തികപരമായും ചാനലിനെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് റീജിയണല്‍ ഡയറക്ടര്‍മാരെ ഏല്‍പ്പിക്കുന്നത്.
അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മാധ്യമ പ്രബുദ്ധതയെയും വായനാ-ദൃശ്യ സംസ്‌കാരത്തെയും ഹൃദയത്തിലേറ്റി കാലാനുസൃതവും സത്യസന്ധവും ജനകീയവുമായ ഒരു വാര്‍ത്താവിതരണത്തിനായി എളിയ പങ്കാളിത്തം വഹിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് രാജേഷ് വര്‍ഗീസ് പറഞ്ഞു.
”ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയപ്പോള്‍ മുതല്‍ പത്രപ്രവര്‍ത്തനത്തില്‍ തുടര്‍പഠനം നടത്തണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇരുപത്തിയഞ്ച് വര്‍ഷത്തോളം മനസ്സില്‍ മോഹമായി കിടന്നതാണ് മാധ്യമരംഗത്തേക്ക് ചുവടുറപ്പിക്കണം എന്നുള്ളത്. അതിനുള്ള ശ്രമങ്ങള്‍ പലകുറി നടത്തിയതുമാണ്, എന്നാല്‍ ഫലവത്തായില്ല. എന്നെ മാധ്യമരംഗത്തേക്ക് കൈപിടിച്ചു നടത്തിയ നേര്‍കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരിയോടാണ് ആദ്യമേ നന്ദി പറയാനുള്ളത്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തുറന്നുപറഞ്ഞ് എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെ നിന്നിട്ടുള്ള അനിലേട്ടനോടും നന്ദിയുണ്ട്…” രാജേഷ് വര്‍ഗീസ് പറഞ്ഞു.
”യു.എസ്.എയില്‍ നിന്ന് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, കൈരളി ടി.വി, ഫ്‌ളവേഴ്‌സ്, 24 ന്യൂസ് എന്നീ ചാനലുകള്‍ നല്ല രീതിയില്‍ തന്നെ പ്രോഗ്രാമുകള്‍ സംപ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാല്‍ പ്രാദേശിക വാര്‍ത്തകളും കമ്മ്യൂണിറ്റിയുടെ സ്പന്ദനം തൊട്ടറിഞ്ഞുള്ള പരിപാടികളും കുറെ കൂടി പൂര്‍ണമായി സംപ്രേഷണം ചെയ്യുന്ന ഒരു ദൃശ്യമാധ്യമത്തിന്റെ വിടവ് പ്രകടമാണ്…” രാജേഷ് വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
പത്തു വര്‍ഷത്തിലേറെയായി ഇന്‍ഷുറന്‍സ് മേഖലയില്‍ ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കുന്ന രാജേഷ് തന്റെ ഉപഭോക്താക്കളുടെ ജീവനും സ്വത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക വഴി ഈ രംഗത്തും സര്‍വസമ്മതനാണ്. തന്റെ സേവനത്തിലൂടെ അദ്ദേഹം വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും നിലപാടുകള്‍ക്കും മൂല്യശോഷണം സംഭവിക്കാത്ത വിധത്തില്‍ ഒരു മാധ്യമസംസ്‌കാര പരിരക്ഷ നല്‍കുമെന്ന് ഉറപ്പിക്കാം.
ഓട്ടോ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ് ഫ്‌ളഡ് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, കൊമേഴ്‌സ്യല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലാണ് ആര്‍.വി.എസ് ഗ്രൂപ്പ് സേവനം വ്യാപിപ്പിക്കുന്നത്. ഈ സേവനങ്ങളില്‍ ഉപഭോക്താക്കള്‍ സംതൃപ്തരാണെന്ന് അവരുടെ നിരന്തരമായ പ്രതികരണങ്ങള്‍ തെളിയിക്കുന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ രാജേഷ് അക്കൗണ്ടിങ് ആന്റ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും മാര്‍ക്കറ്റിങ് ആന്റ് ഫിനാന്‍സില്‍ എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. ഹിന്ദി, തമിഴ് ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിലും തിളങ്ങുന്നു. യാക്കോബായ സഭ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിന്റെ ഭാരവാഹിയായ ഇദ്ദേഹം ‘മലങ്കര ദീപം’ എന്ന സോവനീറിന്റെ മുന്‍ ചീഫ് എഡിറ്റര്‍ ആണ്. വിവിധ കാലഘട്ടങ്ങളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയിലെ കമ്മിറ്റിയംഗമായിരുന്നു.
കോട്ടയം നഗരത്തിനടുത്തുള്ള വടവാതൂര്‍ സ്വദേശിയായ രാജേഷും കുടുംബവും 2004ലാണ് അമേരിക്കയിലെത്തുന്നത്. അതിനു മുമ്പ് ഇന്ത്യയിലെ പല മള്‍ട്ടിനാഷണല്‍ കമ്പനികളിലും ഉന്നത തലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ എം.ഡി ആന്റേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ നേഴ്‌സ് പ്രാക്ടീഷണറായ ഡോ. സിമി വര്‍ഗീസാണ് ഭാര്യ. ഇവര്‍ക്ക് നാല് മക്കളുണ്ട്.