ഗാസ മുനമ്പിലെ അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ല, മറ്റ് സംഘമാകാം ഇതിന് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേലിൽ ഇരുനേതാക്കളും സംയുക്തമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശനത്തിനെത്തിയത്.
ചൊവ്വാഴ്ച ഗാസയിലെ അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ 200നും 300 നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. “ഇന്നലെ ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ അതീവ ദുഃഖിതനാണെന്നും താൻ മനസിലാക്കിയത് അനുസരിച്ച് ഇതിന് പിന്നിൽ ഇസ്രായേൽ അല്ല മറ്റൊരു സംഘമാണെന്നും ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു.
കൂടാതെ ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹ്‌ലി അറബ് ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ 200 നും 300 നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടുവെന്നും ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ഭാഗമാണിതെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ ആരോഗ്യ അധികൃതർ പറഞ്ഞു. ആക്രമണത്തിൽ 500 പേർ മരിച്ചതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ ഇസ്രായേൽ പ്രതിരോധ സേന പലസ്തീൻ പോരാളികളെയാണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിയത്. ഇസ്‌ലാമിക് ജിഹാദ് റോക്കറ്റ് തെറ്റായി തൊടുത്തുവിട്ടതാണ് ആശുപത്രിയിൽ പതിക്കാൻ കാരണമായതെന്ന് അവർ പറഞ്ഞു.
“ഒക്ടോബർ 7 ന് ഹമാസ് ഒറ്റ ദിവസം കൊണ്ട് ഹമാസ് 1400 ഇസ്രായേലികളെ കൊലപ്പെടുത്തി. ഹമാസ് ഐഎസിനേക്കാൾ ക്രൂരമാണെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. ഹമാസിനെ പരാജയപ്പെടുത്താൻ പരിഷ്‌കൃത ലോകം ഒറ്റക്കെട്ടായി നിൽക്കണം “, നെതന്യാഹു പറഞ്ഞു.
ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തെത്തുടർന്ന് ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ആയിരക്കണക്കിന് ഇസ്രായേലികളുടെയും പലസ്തീനികളുടെയും മരണത്തിന് കാരണമായി. 2,700-ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 9,700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഇസ്രായേലിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടു. ഇവരിൽ അധികവും ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരാണ്. കൂടാതെ ഗാസയിലുടനീളം 1,200-ലധികം ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ കരുതുന്നു.