Thursday, April 18, 2024

HomeAmericaട്വന്റി 20 ലോക കപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ

ട്വന്റി 20 ലോക കപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ

spot_img
spot_img

രാജേഷ് വര്‍ഗീസ് (നേര്‍കാഴ്ച ചെയര്‍മാന്‍)

ക്രിക്കറ്റ് പ്രേമികള്‍ അത്യാവേശത്തോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം നടക്കാന്‍ പോവുകയാണ്. അഡ്‌ലെയ്ഡിലെ മൈതാനം എല്ലാ സന്നാഹങ്ങളും ഒരുക്കി ഉണര്‍ന്നു കഴിഞ്ഞു. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോരാട്ടമാണ് ആരാധകര്‍ കൊതിക്കുന്നത്. അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഇവിടെ ടോസ് നിര്‍ണ്ണായകമാണ്. ലോകക്കപ്പില്‍ ഈ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആറ് മത്സരങ്ങളാണ് നടന്നിട്ടുള്ളത്. ആറിലും ടോസ് നേടിയ ടീമുകള്‍ തോറ്റു എന്നതാണ് ഏറ്റവും പ്രധാനം. ഗ്രൗണ്ടിലെ ശരാശരി ഇന്നിങ്ങ്‌സ് സ്‌കോര്‍ 157 റണ്‍സാണ്. രണ്ടാമത് ബാറ്റ് ചെയ്ത ടീം നാല് കളികളില്‍ പരാജയം സമ്മതിച്ചു.

ഇന്ത്യയ്ക്ക് കാലിടറാതിരിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ടീമും ജാഗ്രത പാലിച്ചേ പറ്റൂ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയുടേത്. ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് സെമി ബര്‍ത്ത് നേടിയത്.

ഐ.സി.സി ടൂര്‍ണമെന്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ മിക്കപ്പോഴും ഇന്ത്യയ്ക്ക് സെമിയിലും ഫൈനലിലും വന്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. 2014 ട്വന്റി 20 ലോകകപ്പ് 2016 ട്വന്റി 20 സെമിഫൈനല്‍ 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ 2019 വണ്‍ഡേ വേള്‍ഡ് കപ്പ് സെമിഫൈനല്‍ എന്നിവയിലെല്ലാം ഇന്ത്യയ്ക്ക് പരാജയമായിരുന്നു ഫലം.

ഇന്ത്യയുടെ മെഗാ ക്രിക്കറ്റ് സ്റ്റാര്‍ വിരാഡ് കോഹ് ലിയുടെ പ്രിയപ്പെട്ട മൈതാനമാണ് അഡ്‌ലെയ്ഡ് വിവിധ ഫോര്‍മാറ്റിലുമായി കോഹ്‌ലി 14 ഇന്നിങ്ങ്‌സുകള്‍ കളിച്ചിട്ടുണ്ട്. അതില്‍ അഞ്ച് സെഞ്ചുറികളും മൂന്ന് ഫിഫ്റ്റികളും നേടിയിട്ടുണ്ട്. കോഹ് ലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുടെ തിളക്കം അഡ്‌ലെയ്ഡിലായിരുന്നു. ഈ ലോകകപ്പില്‍ അദ്ദേഹം മികച്ച ഫിഫ്റ്റിയും നേടിയിരുന്നു.

ഇക്കുറി സൂപ്പര്‍ 12ല്‍ അഞ്ചു കളിയില്‍ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെ നാലു വിക്കറ്റിനും നെതര്‍ലാന്‍ഡ്‌സിനെ 56 റണ്‍സിനും ബംഗ്ലാദേശിനെ മഴ നിയമപ്രകാരം അഞ്ച് റണ്‍സിനും സിംബാബ് വെയെ 71 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. സൗത്താഫ്രിക്കയോട് അഞ്ചു വിക്കറ്റിന് തോറ്റത് മാത്രമാണ് ഇന്ത്യക്കേറ്റ തിരിച്ചടി.

ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകള്‍ക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി. അഫ്ഗാനിസ്താന്‍, ന്യൂസിലാന്‍ഡ്. ശ്രീലങ്ക എന്നിവരെ പരിചയപ്പെടുത്തിയപ്പോള്‍ അയര്‍ലന്‍ഡിനോടു അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഓസ്‌ട്രേലിയയുമായുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.

അതേസമയം, 1992 ലോകകപ്പും 2022 ലോകകപ്പും തമ്മില്‍ അത്യപൂര്‍വ്വമായ സാമ്യതകളാണുള്ളത്. ആദ്യമത്സരം ഓസ്‌ട്രേലിയയും ന്യൂസീലാന്‍ഡും തമ്മിലായിരുന്നു. അതില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 7 വിക്കറ്റ് ജയം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ചേസ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് അവസാന ഓവറില്‍ വിജയം. പാകിസ്ഥാന്റെ ആദ്യമത്സരവും ടൂര്‍ണമെന്റിലെ നാലാം മത്സരവും മെല്‍ബണില്‍ വെച്ച്. അത് പാകിസ്ഥാന്‍ തോല്‍ക്കുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് തോല്‍ക്കുന്നു. അന്ന് മാന്‍ ഓഫ് ദി മാച്ച് സച്ചിന്‍ ആയിരുന്നെങ്കില്‍ ഇന്ന് കോലി. രണ്ടുപേര്‍ക്കും ഫിഫ്റ്റി. ആതിഥേയരായ, ഡിഫെന്‍ഡിംഗ് ചാമ്പ്യന്‍സ് ആയ ടൂര്‍ണമെന്റ് ഫേവറിറ്റുകളില്‍ ഒന്നായ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്താവുന്നു.

പാകിസ്ഥാന്‍ ക്വാളിഫൈ ചെയ്യുന്നത് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനദിവസത്തിലെ ജയത്തിലൂടെ, വെറും ഒരു പോയിന്റിന്റെ മുന്‍തൂക്കത്തില്‍. ന്യൂസിലാന്‍ഡ് ടേബിള്‍ ടോപ്പേഴ്‌സ് ആവുന്നു. സെമിയില്‍ പാകിസ്ഥാന്റെ എതിരാളികള്‍ ന്യൂസീലന്റ്. പാകിസ്ഥാന്‍ ചേസ് ചെയ്ത് ജയിച്ചു ഫൈനലിലേക്ക്. പിന്നെ ഇംഗ്ലണ്ട് സെമിയിലേക്ക് യോഗ്യത നേടുന്നു.

അന്ന് പാക്കിസ്ഥാന്റെ സെമി വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ചത് പിന്നീട് അവരുടെ ഇതിഹാസ പ്ലയെര്‍ ആയി മാറിയ ഒരു 20 കാരന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആയിരുന്നു. ഇന്‍സമാം ഉള്‍ ഹഖ്. ഇന്ന് അതേ റോള്‍ അവര്‍ക്കു വേണ്ടി ചെയ്തത് മറ്റൊരു 20 കാരനായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹാരിസ്.

സ്വാഭാവികമായും വ്യത്യാസങ്ങള്‍ ഒരുപാട് വേറെയുണ്ടെങ്കിലും ഈ സാമ്യങ്ങള്‍ അത്ഭുതപെടുത്തുന്നവയാണ്. ആ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു പാകിസ്ഥാന്‍ വിജയിച്ചു. അന്നും ഫൈനല്‍ മാച്ച് മെല്‍ബണില്‍ വെച്ചായിരുന്നു.

പക്ഷേ അന്നത്തെ സെമിഫൈനലിസ്റ്റുകളില്‍ ഇന്ത്യയ്ക്ക് പകരം സൗത്ത് ആഫ്രിക്ക ആയിരുന്നു. ഇംഗ്ലണ്ട് അവര്‍ക്കെതിരെ ആയിരുന്നു ജയിച്ചു ഫൈനലില്‍ കയറിയത്. ഇന്നിപ്പോള്‍ ആ സ്ഥാനത്തു ഇന്ത്യയാണ്. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറയും പോലെ ഇന്ത്യ ചരിത്രം തിരുത്താന്‍ വന്നവരാണെന്നോ അതോ വീണ്ടുമൊരുവട്ടം ആവര്‍ത്തിക്കാന്‍ പോകുന്ന ചരിത്രത്തിന്റെ ഭാഗമാവാന്‍ വന്നവരാണെന്നോ ഇന്നറിയാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments