Thursday, April 25, 2024

HomeAmericaനവംബര്‍ 11: വെറ്ററന്‍സ് ഡേ, ധീര സേനാനികള്‍ക്ക് ബിഗ് സല്യൂട്ട്‌

നവംബര്‍ 11: വെറ്ററന്‍സ് ഡേ, ധീര സേനാനികള്‍ക്ക് ബിഗ് സല്യൂട്ട്‌

spot_img
spot_img

എ.എസ് ശ്രീകുമാര്‍

മാതൃരാജ്യത്തിന്റെ അതിരുകളില്‍ നിതാന്ത ജാഗ്രതയോടെ കാവല്‍ നിന്ന് ശത്രു നിഗ്രഹം നടത്തി യുദ്ധഭൂമിയില്‍ വീരചരമം പ്രാപിച്ച ധീരസേനാനികളെയും ജീവിക്കുന്ന രക്തസാക്ഷികളെയും ഒരിക്കല്‍ ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പ്പാലങ്ങള്‍ ആയുസിന്റെ ബലം കൊണ്ട് കടന്ന ജവാന്മാരെയും ആദരിക്കുന്ന വെറ്ററന്‍സ് ഡേ നാം സമുചിതമായി ആചരിച്ചിരിക്കുന്നു. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിച്ച മണ്‍മറഞ്ഞവരും അല്ലാത്തവരുമായ പട്ടാളക്കാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനും ആദരവോടെ അഭിവാദ്യം ചെയ്യാനും വര്‍ഷാവര്‍ഷം കലണ്ടര്‍ കണക്കിലെത്തുന്നു ‘നവംബര്‍ 11’ന്റെ ധീരോദാത്തമായ പട്ടാള ചിന്തകളിലേയ്ക്ക്…

യുദ്ധഭൂമിയില്‍ പരിക്കേറ്റ് ജീവന്‍ വെടിഞ്ഞ ജവാന്‍മാരെ ആദരിക്കാനുള്ള ദിവസമാണ് ‘വെറ്ററന്‍സ് ഡേ’ എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ആദരവിന്റെ സ്മരണമലരുകള്‍ അര്‍പ്പിക്കാനുള്ള ദിവസം ‘മെമ്മോറിയല്‍ ഡേ’ ആണ്. എന്നാല്‍ അമേരിക്കന്‍ രാഷ്ട്രത്തിനുവേണ്ടി സേവനം ചെയ്ത ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകങ്ങളായ ജീവിച്ചിരിക്കുന്നവരും ഇഹലോകവാസം വെടിഞ്ഞവരുമായ എല്ലാ വെറ്ററന്‍സിനെയും ബഹുമാനിക്കാനുള്ളതാണ് വെറ്ററന്‍സ് ഡേ.

വെറ്ററന്‍സ് ഡേയ്ക്ക് വിശാലമായൊരു പശ്ചാത്തലമുണ്ട്. ഒന്നാം ലോകമഹായുദ്ധം പര്യവസാനിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി അജ്ഞാതനായ ഒരു പട്ടാളക്കാരനെ ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും പ്രധാന സ്ഥലത്ത് സംസ്‌കരിക്കുയുണ്ടായി. ഇംഗ്ലണ്ടില്‍ ഇത് വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലും ഫ്രാന്‍സില്‍ ആര്‍ക് ഡി ട്രിയോംഫിലുമായിരുന്നു. 1918 നവംബര്‍ പതിനൊന്നാം തീയതി 11 മണിക്കാണ് (അതായത് 11-ാം മാസത്തിലെ 11-ാമത്തെ ദിവസത്തെ 11-ാം മണിക്കൂറില്‍) ഒന്നാം ലോക യുദ്ധനടപടികള്‍ അവസാനിപ്പിച്ചത്. ഈ ദിവസം അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെട്ടത് ‘ആര്‍മിസ്റ്റിക് ഡേ’ എന്നാണ്.

ഇംഗ്ലണ്ടും ഫ്രാന്‍സും പിന്തുടര്‍ന്ന പോലെ അമേരിക്കയിലും ഈ ദിവസം ഒരു അജ്ഞാത ജവാനെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങും ഉണ്ടായി. വാഷിംഗ് ടണ്‍ ഡി.സി നഗരത്തിനും പോട്ടൊമാക് നദിക്കും മുകളിലായി വിര്‍ജീനിയ മലഞ്ചരിവിലായിരുന്നു ഈ ചടങ്ങുകള്‍. ‘അജ്ഞാത ജവാന്റെ കല്ലറ’ എന്നാണീ പ്രദേശം അറിയപ്പെട്ടത്. ഇന്നിത് ‘അജ്ഞാതരുടെ ശവക്കല്ലറ’യായി വിളിക്കപ്പെടുന്നു. ആര്‍ലിങ്ടണ്‍ നാഷണല്‍ സെമിറ്റ്‌റിയിലെ ഈ കല്ലറ അമേരിക്കന്‍ വെറ്ററന്‍സിന്റെ അന്തസിന്റെയും അഗാധമായ ബഹുമാനത്തിന്റെയും പ്രതീകമാണ്.

അമേരിക്കയില്‍ 1926 ല്‍ നവംബര്‍ 11 ആര്‍മിസ്റ്റിക് ഡേ ആയി കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. പിന്നീടിത് നാഷണല്‍ ഹോളിഡേ ആയും മാറി. അതേ സമയം, ഒന്നാം ലോക മഹായുദ്ധം എല്ലാ യുദ്ധങ്ങളുടെയും അന്ത്യം കുറിച്ചുവെന്നാണ് ലോകം ആശിച്ച് സമാധാനിച്ചത്. എന്നാല്‍ 1939ല്‍ യൂറോപ്പില്‍ സ്വപ്നം തകര്‍ന്നടിയുകയായിരുന്നു. ഈ കൊടിയ യുദ്ധത്തില്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടത് നാലു ലക്ഷത്തിലേറെ ജവാന്മാരെയാണ്.

രണ്ടാം ലോകയുദ്ധം അവസാനിച്ച ഉടന്‍ പട്ടാളക്കാരനായ റെയ്മണ്ട് വീക്‌സ് 1947 നവംബര്‍ 11-ാം തീയതി അമേരിക്കന്‍ സേനാനികളുടെ അതുല്യ സേവനങ്ങളെ ആദരിക്കാനായി വെറ്ററന്‍സ് ഡേ പരേഡ് സംഘടിപ്പിച്ചു. അധികം താമസിയാതെ എഡ്വേഡ് എച്ച് റീസ് എന്ന കോണ്‍ഗ്രസ് മാന്‍, ആര്‍മിസ്റ്റിസ് ഡേ, വെറ്ററന്‍ ഡേ ആക്കി മാറ്റണമെന്ന നിയമനിര്‍മാണ ആവശ്യം മുന്നോട്ടു വച്ചു.

1954 ല്‍ പ്രസിഡന്റ് ഐസ്‌നോവര്‍, നവംബര്‍ 11 എല്ലാ അമേരിക്കന്‍ സൈനികരെയും ആദരിക്കുന്നതിനായുള്ള വെറ്ററന്‍സ് ഡേ പ്രഖ്യാപന ബില്ലില്‍ ഒപ്പു വച്ചു. എല്ലാ അമേരിക്കക്കാരും സമാധാനത്തിനു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. കാര്യങ്ങള്‍ ഇവിടേയ്‌ക്കെത്തിക്കാന്‍ നിമിത്തമായ റെയ്മണ്ട് വീക്ക്‌സ് 1982 നവംബറില്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനില്‍ നിന്ന് ‘പ്രസിഡന്‍ഷ്യല്‍ സിറ്റിസണ്‍ മെഡല്‍’ ഏറ്റു വാങ്ങി.

ഇതിനിടെ 1968 ല്‍ വെറ്ററന്‍സ് ഡേ ഒക്‌ടോബര്‍ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയിലേയ്ക്ക് മാറ്റിക്കൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് പാസാക്കി. എന്നാല്‍ നവംബര്‍ 11 അമേരിക്കക്കാര്‍ക്ക് ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസമാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനം പാരമ്പര്യത്തിന്റെ ആ പഴയ ദിനത്തിലേയ്ക്ക് തിരികെയെത്തിക്കുകയായിരുന്നു.

വെറ്ററന്‍ ഡേ ദേശീയ ചടങ്ങുകള്‍ക്ക് തപ്തസ്മരണകളുടെ വേദനയുണ്ട്. ആര്‍ലിങ്ടണ്‍ നാഷണല്‍ സെമറ്റ്‌റിയിലെ അജ്ഞാതരുടെ ശവക്കല്ലയ്ക്ക് സമീപം അമേരിക്കന്‍ സേനയിലെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് മണ്‍മറഞ്ഞവര്‍ക്കായി നവംബര്‍ 11-ാം തീയതി കൃത്യം 11 മണിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. പ്രസിഡന്റോ അദ്ദേഹത്തിന്റെ പ്രതിനിധിയോ കല്ലറയില്‍ റീത്ത് സമര്‍പ്പിക്കും. അപ്പോള്‍ ബ്യൂംഗിള്‍ മുഴങ്ങുകയായി. തുടര്‍ന്ന് കല്ലറയ്ക്ക് സമീപമുള്ള മെമ്മോറിയല്‍ ആംഫിതീയേറ്ററില്‍ വിവിധ വെറ്ററന്‍സ് സര്‍വീസ് സംഘടനകളുടെ ഫ്‌ളാഗ് പരേഡ് നടക്കും. വെറ്ററന്‍സ് ഡേ നാഷണല്‍ കമ്മിറ്റി മാതൃകാപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കും.

അമേരിക്കയുടേതില്‍ നിന്ന് വ്യത്യസ്തമായി നിരവധി രാജ്യങ്ങളും നവംബര്‍ 11 വെറ്ററന്‍സ് ഡേ ആയി ആചരിക്കുന്നുണ്ട്. കാനഡയും ഓസ്‌ട്രേലിയയും ഗ്രേറ്റ് ബ്രിട്ടനും തങ്ങളുടെ ആചാരദിനത്തിനിട്ടിരിക്കുന്ന പേര് ‘റിമമ്പറന്‍സ് ഡേ’ എന്നാണ്. കാനഡയിലെ ആചാരത്തിന് അമേരിക്കയിലേതുമായി ചില സാമ്യങ്ങള്‍ ഉണ്ട്. കാനഡയിലെ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ വെറ്ററന്‍സിനെയും ഈ ദിവസം ആദരിക്കുന്നു.

എന്നാല്‍ കാനഡക്കാര്‍ റിമമ്പറന്‍സ് ഡേയില്‍ മരിച്ച സേനാനികളോടുള്ള ആദര സൂചകമായി ചുവന്ന പോപ്പി പൂക്കള്‍ ധരിക്കുമ്പോള്‍ അമേരിക്കയിലിത് മെമ്മോറിയല്‍ ഡേയിലാണെന്ന വ്യത്യാസമുണ്ട്. ഗ്രേറ്റ് ബ്രിട്ടനില്‍, ഒന്നാം ലോകമഹായുദ്ധസ്മാരകത്തില്‍ പോപ്പി പുഷ്പങ്ങള്‍ കൊണ്ടുള്ള റീത്താണ് സമര്‍പ്പിക്കുക. 11 മണിയാവുമ്പോള്‍ രണ്ട് മിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തും. പള്ളികളിലും ചടങ്ങുകളുണ്ട്. ഓസ്‌ട്രേലിയയിലെ റിമമ്പറന്‍സ് ഡേയ്ക്ക് അമേരിക്കയിലെ മെമ്മോറിയല്‍ ഡേയുമായി സാമ്യമുണ്ട്.

അമേരിക്കന്‍ ദേശത്തെ ശത്രുക്കളില്‍ നിന്ന് കാത്തുരക്ഷിച്ച് ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച ധീര സേനാനികള്‍ക്ക് എല്ലാ രംഗത്തും മുന്തിയ പരിഗണനയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് സ്വന്തം ജീവനും ജീവതവും മറന്ന് ആയുധമേന്തിയവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ രാജ്യം മറ്റൊന്നായി മാറുമായിരുന്നു. അവരുടെ ദേശാഭിമാന പ്രചോദിതമായ സേവനങ്ങള്‍ എക്കാലത്തും ആദരിക്കപ്പെടേണ്ടതുണ്ട്.

വാസ്തവത്തില്‍ അര്‍ത്ഥവത്തായ വെറ്ററന്‍സ് ഡേ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. പ്രായാധിക്യം കൊണ്ടോ രോഗം മൂലമോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള വെറ്ററന്‍സിനും വെറ്ററന്‍സ് ഹോമുകളില്‍ കഴിയുന്നവര്‍ക്കും സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഭാഷയിലുള്ള കത്തുകളും കാര്‍ഡുകളും ഇനിയും അയയ്ക്കുക… അതല്ലെങ്കില്‍ നേരിട്ട് കൈമാറുക. അങ്ങനെ ശാരീരികവും മാനസികവും വൈകാരികവുമായി വിഷമിക്കുന്നവരെ സന്തോഷചിത്തരാക്കുക.

”വെരി വെരി ഹാപ്പി വെറ്ററന്‍സ് ഡേ…”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments