Monday, November 28, 2022

HomeAmericaധൂര്‍ത്തപുത്രന്റെ ഉപമയും ആനുകാലിക ലേഖനവും കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച ചെയ്തു

ധൂര്‍ത്തപുത്രന്റെ ഉപമയും ആനുകാലിക ലേഖനവും കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച ചെയ്തു

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും ഹൂസ്റ്റണിലെ പ്രഥമ മലയാളി കൂട്ടായ്മയായ, കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഒക്‌ടോബര്‍ മാസത്തെ മീറ്റിങ്ങില്‍, ബൈബിളിലെ ‘ധൂര്‍ത്ത പുത്രന്റെ’ കഥയെ ആസ്പദമാക്കി ജോസഫ് തച്ചാറ എഴുതിയ ‘മൂത്ത പുത്രന്‍’ എന്ന കഥയും ‘ദേശീയവും മതേതരവുമായ ആഘോഷങ്ങളോട് മതവിശ്വാസികളുടെ സമീപനം’ എന്ന ജോണ്‍ മാത്യുവിന്റെ ലേഖനവും സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കി.

യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഭാഗമായ അന്യാപദേശങ്ങളിലൊന്നാണ് ധൂര്‍ത്തപുത്രന്റെ ഉപമ അഥവാ മുടിയനായ പുത്രന്റെ ഉപമ. മനസ് തപിക്കുന്ന പാപിക്കു നേരേയുള്ള ദൈവത്തിന്റെ നിസ്സീമമായ കൃപയാണ് ഇതിന്റെ വിഷയം. വയോവൃദ്ധനായ ഒരു പിതാവ്, തന്റെ രണ്ടു മക്കളില്‍ ഇളയവന് അവന്‍ ആവശ്യപ്പെട്ടതനുസരിച്ച് പിതൃസ്വത്തിലുള്ള പങ്ക് വീതിച്ചു കൊടുക്കുന്നു. കിട്ടിയ ധനവുമായി വിദൂരദിക്കില്‍ പോയ അവന്‍ എല്ലാം ധൂര്‍ത്തടിച്ചു നശിപ്പിക്കുന്നു.

തുടര്‍ന്ന് പന്നികളെ മേയ്ക്കുന്ന ജോലി ചെയ്യേണ്ടി വന്ന അയാള്‍, അവയുടെ ആഹാരത്തിന്റെ പങ്കെങ്കിലും കഴിച്ച് വിശപ്പടക്കാന്‍ ആഗ്രഹിച്ചെങ്കിലും അതുപോലും അയാള്‍ക്ക് കിട്ടിയില്ല. അപ്പോള്‍ സുബോധമുണ്ടായ അയാള്‍ തന്റെ പിതാവിന്റെ ഭവനത്തില്‍, അനേകം വേലക്കാര്‍ സുഭിക്ഷമായി ജീവിക്കുമ്പോള്‍ താന്‍ വിശന്നു മരിക്കുകയാണെന്ന തിരിച്ചറിവില്‍ വീട്ടിലേക്കു മടങ്ങിപ്പോകുന്നു.

മകന്റെ വരവു കണ്ട പിതാവ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു സ്വീകരിച്ചു. ആ തിരിച്ചുവരവില്‍ ആഹ്ലാദ ചിത്തന്നായ പിതാവ്, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് സദ്യയൊരുക്കി ആതാഘോഷിക്കുക കൂടി ചെയ്തു. ധൂര്‍ത്തപുത്രന്‍ മടങ്ങിവന്നപ്പോള്‍ വയലില്‍ ജോലി ചെയ്യുകയായിരുന്ന അയാളുടെ സഹോദരന്‍, വിവരമറിഞ്ഞപ്പോള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ വിസമ്മതിച്ചു. ഇങ്ങനെയാണ് മുടിയനായ പുത്രന്റെ കഥ ബൈബിളില്‍ പുരോഗമിക്കുന്നത്.

മൂത്തപുത്രന്‍ എന്ന കഥയില്‍ ബൈബിളിലെ സഹനത്തിന്റെ പ്രതീകമായ ജോബിന് അഥവാ ഇയോബിനെയാണ് പിതാവിന്റെ സ്ഥാനത്ത് വരച്ചു കാട്ടുന്നത്. ധൂര്‍ത്ത പുത്രനായി യുവാവായ ഡേവിഡിനെയും (ഇസ്രയേലിലെ രണ്ടാമത്തെ രാജാവായിരുന്ന ദാവീദിന്റെ പാരമ്പര്യത്തില്‍ നിന്ന്) മൂത്ത പുത്രനായി ജേക്കബ്ബിന്റെ പുത്രനും ഗോത്രവര്‍ഗ നേതാവായ യൂദയെയും ചിത്രീകരിച്ചിരിക്കുന്നു.

ധൂര്‍ത്ത പുത്രന്റെ ഉപമ തന്നെയാണ് തച്ചാറ പറയുന്നതെങ്കിലും യഥാര്‍ത്ഥ കഥയിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഒരു ട്വിസ്റ്റിലൂടെ കഥ അവസാനിപ്പിക്കുന്നു. മടങ്ങിയെത്തിയ ഇളയപുത്രന് പിതാവ് സദ്യയും വന്‍ വരവേല്‍പ്പും കൊടുക്കുന്നതറിഞ്ഞ് ദുഖിതനായി മൂത്തപുത്രന്‍ യൂദ ആത്മഹത്യ ചെയ്യുകയാണ്. ഇതാണ് തച്ചാറ സൃഷ്ടിക്കുകയും പേര് കൊടുക്കുകയും ചെയ്ത കഥാപാത്രം.

ബൈബിളിലെ പുരാതന കഥാപാത്രങ്ങളെ അതേ ഭാവതലങ്ങളില്‍ അവതരിപ്പിക്കുകയും എന്നാല്‍ കഥാന്ത്യത്തിന് ആനുകാലിക ജീവിതവുമായി ബന്ധപ്പെടുത്തി ഒരു ട്വിസ്റ്റ് നല്‍കുകയും ചെയ്ത ജോസഫ് തച്ചാറയുടെ രചനാ ശൈലിയെ ഏവരും പ്രശംസിച്ചു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന അഭിപ്രായവും ഉയര്‍ന്നു.

മനുഷ്യന്‍ അവന്റെ ശരിതെറ്റുകളിലൂടെ തന്നെയാണ് ഭൂമിയില്‍ സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നത്. സ്വന്തം സഹോദരങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന ലോകവ്യാപകമായ ശത്രുതയെയാണ് തച്ചാറ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.

അടുത്തതായി യോഗം ചര്‍ച്ച ചെയ്തത് ജോണ്‍ മാത്യു എഴുതിയ ‘ദേശീയവും മതേതരവുമായ ആഘോഷങ്ങളോട് മതവിശ്വാസികളുടെ സമീപനം’ എന്ന ലേഖനമാണ്. ആഗോള മതേതരത്വത്തെ പ്രവാസി മലയാളികളുടെ വീക്ഷണത്തിലാണ് രചിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ ആരാധനാലയങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവയാണോ..? അതേസമയം സാമൂഹിക സംഘടനകള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മാത്രം ഏര്‍പ്പെട്ടാല്‍ മതിയോ..?

മതപരമായ ബിംബങ്ങള്‍ രൂപപ്പെടുത്തിയെടുത്തത് മതപരമല്ലാത്തതും എന്നാല്‍ മതേതരമായ കാഴ്ചപ്പാടിലൂടെയുമാണ് ലേഖനത്തില്‍ ജോണ്‍ മാത്യു ചൂണ്ടിക്കാട്ടുന്നത്. എല്ലാ പുതുവര്‍ഷവും ജ്യോതി ശാസ്ത്രത്തിലും കാലാവസ്ഥയെയും ഋതുക്കളെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.

ലോകവ്യാപകമായി ആഘോഷിക്കുന്ന ജനുവരി ഒന്നാം തീയതി , റോമന്‍ രാഷ്ട്രതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്ന ജൂലിയസ് സീസറിന്റെ ഒരു രൂപീകരണമാണ്. ജ്യോതിശാസ്ത്രജ്ഞന്‍മാരുടെ പിന്തുണയോടെയാണ് അത് സാധിച്ച് എടുത്തത് എന്ന് ലേഖന കര്‍ത്താവ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മതേതര ആഘോഷങ്ങള്‍ ആരാധനാലയങ്ങളില്‍ നടത്തണമെന്ന അഭിപ്രായത്തെ എ.സി ജോര്‍ജ് എതിര്‍ത്തു. എന്നാല്‍ ആരാധനാലയങ്ങളിലും മതസംഘടനകളിലും ആഘോഷങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുന്നതുകൊണ്ട് എന്ത് തെറ്റാണെന്ന് തോമസ് വര്‍ഗീസ് കളത്തൂര്‍ ചോദിച്ചു. ഇത് സാധ്യമാക്കുന്നതിലൂടെ നിരവധി വിവിധ മതങ്ങളില്‍ പെട്ട അനവധി പേര്‍ക്ക് ഒന്നിച്ചുകൂടി ആഘോഷം നടത്താനുള്ള വേദി സംജാതമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതാനും നാള്‍ മുമ്പ് അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഫ്രാന്‍സിസ് തടത്തിലിന്റെ ദേഹവിയോഗത്തില്‍ കേരള റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബര്‍ മാസത്തെ പ്രതിമാസ യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫ്രാന്‍സിസ് തടത്തില്‍ അമേരിക്കന്‍ മലയാളി മാധ്യമ മേഖലയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകളെ എ.സി ജോര്‍ജ് അനുസ്മരിച്ചു.

അന്തരിച്ച ഈശോ ജേക്കബ്ബിനെ പറ്റിയുള്ള സുവനീറിന്റെ പ്രിന്റിങ്ങ് പൂര്‍ത്തിയാക്കിയതായും ഡിസംബര്‍ 18-ാം തീയതി ചേരുന്ന മീറ്റിംഗില്‍ വച്ച് ഈ സുവനീര്‍ പ്രസിദ്ധീകരിക്കുമെന്നും കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ബബ്ലിഷിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു. റൈറ്റേഴ്‌സ് ഫോറത്തിന്റെ ഇരുപതാമത്തെ പുസ്തകം അതിന്റെ പ്ലാനിങ്ങ് സ്റ്റേജിലാണ്. ലേഖനങ്ങളും കഥയും കവിതയും മറ്റും ക്ഷണിച്ചിട്ടുണ്ട്. റൈറ്റേഴ്‌സ് ഫോറത്തിന്റെ അടുത്ത പ്രതിമാസ യോഗം വരുന്ന 27-ാം തീയതി ഞായറാഴ്ച നടക്കുന്നതാണ്.

റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍, സെക്രട്ടറി, ട്രഷറര്‍ വിവിധ കമ്മിറ്റി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, മാത്യു മത്തായി, ജോസഫ് തച്ചാറ, ചെറിയാന്‍ മഠത്തിലേത്ത്, ശ്രീകുമാര്‍ മേനോന്‍, എ.സി ജോര്‍ജ്, ടി.ജെ ഫിലിപ്പ്, തോമസ് വര്‍ഗീസ് കളത്തൂര്‍, റവ. തോമസ് അമ്പലവേലില്‍ അച്ചന്‍ എന്നിവരും പങ്കെടുത്തു. മാത്യു മത്തായി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments