മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: ഡാളസിൽ നടന്ന ഒൻപതാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ഓപ്പൺ സോക്കർ ടൂർണമെന്റിൽ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി) ജേതാക്കളായി. ന്യൂയോർക്ക് ചലഞ്ചേഴ്‌സാണ് റണ്ണേഴ്‌സ് ആപ്പ്.
ഡാളസിലെ മലയാളി സോക്കർ ക്ലബായ എഫ്‌സിസി ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്. എട്ടു ടീമുകളാണ് പങ്കെടുത്തത്. ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് എന്നിവർ സെമി ഫൈനലിൽ വരെയെത്തി പുറത്തായി.
എഫ്സിസി ക്കുവേണ്ടി 14 ഗോളടിച്ചു ടോം വാഴേക്കാട്ട് മികച്ച സ്‌ട്രൈക്കർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. റൂബൻ കടന്തോട് (എഫ്സിസി) ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള എവിപി ട്രോഫിയും, ന്യൂയോർക്ക് ചലഞ്ചേഴ്‌സിന്റെ ഗ്ലാഡിൻ ബെസ്റ് ഡിഫൻഡർക്കുള്ള ട്രോഫിയും നേടിയപ്പോൾ യോഹാൻ കോവൂർ (എഫ്സിസി) ടൂർണമെന്റിലെ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു. എഫ്‌സിസിയിലെയും ന്യൂയോർക്കിന്റെയും യുവതാരങ്ങളുടെ മികച്ചപ്രകടനം ഇത്തവണ ശ്രദ്ധേയമായി.

ജേതാക്കൾക്കുള്ള ട്രോഫി ടൂർണമെന്റിന്റെ പ്രധാന സ്പോൺസറുമാരായ ഷിനു പുന്നൂസ് (സൂനോ ലേക് ഹൗസ്), പ്രദീപ് ഫിലിപ്പ് (റിയൽറ്റർ, കെല്ലർ വില്യംസ് ), സിബി സെബാസ്റ്റ്യൻ (ക്രിസ്റ്റൽ റൂഫിങ് ആൻഡ് കൺസ്ട്രകഷൻസ്), പാം ഇന്ത്യ റസ്റ്ററന്റ് എന്നിവരും എഫ്സിസി ടൂർണമെന്റ് കോർഡിനേറ്റേഴ്‌സ് വിനോദ് ചാക്കോ, ജിജോ ജോൺസൺ, ലിനോയ് ജോൺ തുടങ്ങിവരും ചേർന്ന് സമാപന ചടങ്ങിൽ വിജയികൾക്ക് സമ്മാനിച്ചു.