Saturday, December 3, 2022

HomeAmericaകലാപത്തോടെ പടിയിറക്കം, രണ്ടാമൂഴം തേടാന്‍ ട്രംപിന് എളുപ്പമാകില്ല

കലാപത്തോടെ പടിയിറക്കം, രണ്ടാമൂഴം തേടാന്‍ ട്രംപിന് എളുപ്പമാകില്ല

spot_img
spot_img

പാം ബീച്ച്: ”അമേരിക്കയുടെ തിരിച്ചുവരവ് ഇപ്പോള്‍ തുടങ്ങുകയാണ്….” ഇന്നലെയാണ് ഫ്‌ലോറിഡയില്‍ യുഎസ് ദേശീയപതാക നാട്ടിയ കൊട്ടാരസമാനമായ തന്റെ വീടിനു മുന്നില്‍ തടിച്ചു കൂടിയ ആരാധകരോട് ട്രംപ് പ്രഖ്യാപനം നടത്തിയത്.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാമതും മത്സരിക്കുമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയ്ക്കു വേണ്ടി ജയിക്കുമെന്നുമാണ് 76കാരനായ ട്രംപിന്റെ വാഗ്ദാനം. യുഎസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കമ്മീഷനില്‍ അടുത്ത തവണ മത്സരിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതിനു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കേയുള്ള ട്രംപിന്റെ പ്രഖ്യാപനം രാഷ്ട്രീയ തന്ത്രമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപ് പിന്തുണച്ച പല സ്ഥാനാര്‍ഥികളും ദയനീയ പ്രകടനമാണ് നടത്തിയത്. ഭരണത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയാകട്ടെ നില അത്ര മോശമാക്കിയതുമില്ല. ഈ സാഹചര്യത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ സ്വാധീനവും ചോദ്യം ചെയ്യപ്പെടും.

ഒട്ടേറെ കേസുകളും മോശം പ്രതിച്ഛായയുമുള്ള ട്രംപ് മത്സരിക്കാന്‍ യോഗ്യനാണോ എന്നു തന്നെ പലരും ഇതിനോടകം ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍ പ്രസിഡന്റ് വീണ്ടും മത്സരിക്കുന്നു എന്ന വാര്‍ത്ത ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അടക്കമുള്ള പാര്‍ട്ടിയിലെ മറ്റ് എതിരാളികളുടെ പത്തി താഴ്ത്തി നിര്‍ത്താന്‍ ട്രംപിനെ സഹായിക്കും എന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സും അടുത്ത വട്ടം മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

താന്‍ പ്രസിഡന്റായിരുന്ന കാലത്തെ നേട്ടങ്ങളും നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ പോരായ്മകളും വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. തന്നെ പിന്തുണയ്ക്കുന്ന കടുത്ത യാഥാസ്ഥികര്‍ക്ക് പ്രധാനപ്പെട്ട വിഷയങ്ങള്‍ എന്തെല്ലാമാണെന്ന് ട്രംപിന് നന്നായി അറിയാം. രാജ്യത്തിനു പുറത്തു നിന്നുള്ള കുടിയേറ്റം, അക്രമസംഭവങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് ട്രംപ് ഉയര്‍ത്തിക്കാണിക്കുന്നത്.

ബഹളക്കാരനായ ട്രംപിന് എളുപ്പത്തില്‍ കിട്ടുന്ന മാധ്യമശ്രദ്ധ മറ്റു സ്ഥാനാര്‍ഥികളുടെ സാധ്യതകളും കുറയ്ക്കും. ട്രംപിനു സ്വന്തമായുള്ള വോട്ടുബാങ്കിന്റെ ശക്തി മൂലം സാധാരണ വോട്ട് ചെയ്യാന്‍ എത്താത്ത റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ പോലും പോളിങ് ബൂത്തിലെത്തുകയും ചെയ്യും.

അതേസമയം, കൊവിഡ് മഹാമാരിയുടെ കാലത്ത് ട്രംപ് സ്വീകരിച്ച തെറ്റായ നടപടികള്‍ അടക്കം മറന്നു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം തട്ടിപ്പാണെന്നായിരുന്നു മാസങ്ങളോളം ട്രംപ് ആവര്‍ത്തിച്ചത്. ഇതിനിടെ ട്രംപിന്റെ ആരാധകര്‍ വൈറ്റ് ഹൗസില്‍ അതിക്രമിച്ചു കടന്ന സംഭവവും ട്രംപ് മറന്നുകളഞ്ഞു.

അതേസമയം, ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയത്തെപ്പറ്റി ട്രംപ് നടത്തിയ പ്രതികരണങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു പോലും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തവണ പല കാരണങ്ങള്‍ കൊണ്ടും തെരഞ്ഞെടുപ്പ് ട്രംപിന് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

എട്ട് വര്‍ഷം മുന്‍പ് മത്സരക്കളത്തിലിറങ്ങിയപ്പോള്‍ രാഷ്ട്രീയത്തില്‍ ട്രംപ് ഒരു പുതുമുഖമയിരുന്നു. ഏതെങ്കിലും പദവിയില്‍ പ്രവര്‍ത്തിച്ച് മുന്‍കാല പരിചയം ഇല്ലാത്തതിനാല്‍ ട്രംപിന് പരിധിയില്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കാനായി. തുടക്കക്കാരന്റെ എല്ലാ ആനുകൂല്യങ്ങളും ട്രംപിന് അനുകൂലമായിരുന്നു. എന്നാല്‍ നാലു വര്‍ഷം പ്രസിഡന്റിന്റെ കസേരയില്‍ ഇരുന്ന ട്രംപിന് ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്.

അദ്ദേഹം സ്വീകരിച്ച എല്ലാ തീരുമാനങ്ങളും ഇക്കുറി ഓഡിറ്റ് ചെയ്യപ്പെടും. ആരോഗ്യമേഖലയില്‍ ഒബാമ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ അതേപടി തുടര്‍ന്നതും സാമ്പത്തിക മേഖലയിലും നിക്ഷേപങ്ങളിലും ട്രംപ് കൊണ്ടുവരുമെന്നു പറഞ്ഞ മുന്നേറ്റം ഉണ്ടാകാതിരുന്നതും ഇക്കുറി റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ ഓര്‍ക്കുമെന്നത് തീര്‍ച്ചയാണ്. ഇതിനു പുറമെയാണ് വൈറ്റ് ഹൗസില്‍ നടന്ന അക്രമസംഭവങ്ങള്‍.

അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ട്രംപിനെ അന്ധമായി സ്‌നേഹിക്കുന്ന ആരാധകരായിരുന്നെങ്കില്‍ യുഎസ് ജനസംഖ്യയുടെ പകുതിയോളം വരുന്ന റിപബ്ലിക്കന്‍ വോട്ടര്‍മാരില്‍ പലര്‍ക്കും അന്നത്തെ സംഭവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

ഇതിനു പുറമെയാണ് ട്രംപ് നേരിടുന്ന കേസുകളും. മാധ്യമശ്രദ്ധ കിട്ടാന്‍ കേസുകള്‍ സഹായിക്കുമെങ്കിലും യുഎസ് തെരഞ്ഞെടുപ്പില്‍ നിയമപ്രശ്‌നങ്ങള്‍ കീറാമുട്ടിയാണ്. ഇതിനു പുറമെ ശക്തനായ മറ്റൊരു എതിരാളിയെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ ട്രംപിനു നേരിടേണ്ടി വന്നാലും സ്ഥിതി സങ്കീര്‍ണമാകും. ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ രണ്ടാമതും ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ച ഡിസാന്റിസ് ട്രംപിനു മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. ഫ്‌ലോറിഡയിലും ന്യൂഹാംഷയറിലും ട്രംപ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തണമെന്ന് 30 ശതമാനത്തോളം പേര്‍ മാത്രമാണ് സര്‍വേകളില്‍ പ്രതികരിച്ചത് അതേസമയം, ട്രംപിനോളം വ്യക്തിപ്രഭാവമുള്ള സ്ഥാനാര്‍ഥികള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments